പത്തനംതിട്ട: ജില്ലയിൽ നിന്ന് ആകെയുള്ളത് 10 കെപിസിസി അംഗങ്ങളാണ്. അതിൽ അറുപതും എഴുപതും പിന്നിട്ടവരായി ഉള്ളത് എട്ടു പേർ. യുവജനപ്രാതിനിധ്യമായി രാഹുൽ മാങ്കൂട്ടത്തിൽ മാത്രം. അങ്ങ് ഡൽഹിയിൽ കിടന്ന് തായം കളിച്ച പി.ജെ. കുര്യൻ വരെ ഈ കൊച്ചു ജില്ലയിൽ വന്ന് ഒരു ബ്ലോക്ക് കമ്മറ്റിയുടെ പേരിൽ കെപിസിസിയിൽ കടന്നു കൂടി. നാലോളം ഉപഗ്രൂപ്പുകളുള്ള ഐ യിൽ നിന്ന് ആർക്കും പ്രാധാന്യമില്ല. പോരാത്തതിന് ഡിസിസി പ്രസിഡന്റിന്റെ സഹോദരന് ബന്ധു നിയമനവും. കെപിസിസി അംഗങ്ങളുടെ പട്ടിക വന്നതോടെ ജില്ലയിലെ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്.

സാമുദായിക, യുവജന പ്രാതിനിധ്യം ഉറപ്പാക്കാതെ സ്ഥിരം കുറ്റികളെ മാത്രം കുത്തി നിറച്ചു കൊണ്ടുള്ള പട്ടിക മറ്റു നേതാക്കളിലും പ്രവർത്തകരിലും അസംതൃപ്തിക്ക് കാരണമായി. ജില്ലയിൽ ഓരോ നിയോജക മണ്ഡലത്തിലും രണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികൾ വീതമാണുള്ളത്. ഓരോ ബ്ലോക്കിൽ നിന്നും ഓരോ കെപിസിസി അംഗം എന്നതാണ് ചട്ടം. എന്നാൽ റാന്നി നിയോജക മണ്ഡലം പൂർണമായും ഒഴിവാക്കി. റാന്നി,എഴുമറ്റൂർ എന്നീ രണ്ട് ബ്ലോക്കുകളാണ്
ഇവിടെയുള്ളത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ യുഡിഎഫ് വിജയത്തോട് അടുത്ത ഏക മണ്ഡലവും റാന്നി ആയിരുന്നു. നേരത്തേ ജയിംസ് ജോർജ് മാവേലി,
ബിജിലി പനവേലി, കെ. ജയവർമ തുടങ്ങിയവർ കെപിസിസി യിൽ ഉണ്ടായിരുന്നു. റിങ്കു ചെറിയാൻ കെപിസിസി സെക്രട്ടറി ആകുകയും ചെയ്തു. എന്നാൽ പുതിയ പട്ടികയിൽ ജില്ലയിൽ കോൺഗ്രസിന് വേരോട്ടം ഉണ്ടെന്ന് പറയാവുന്ന റാന്നിയിൽ നിന്നും ആരെയും ഉൾപ്പെടുത്തിയില്ല.

ജയവർമ്മയും റിങ്കു ചെറിയാനും പരസ്പരം പട നയിച്ചതാണ് കാരണമെന്നും പറയുന്നുണ്ട്. മറ്റൊരു കെപിസിസി സെക്രട്ടറിയും ജില്ലയിൽ യുവജന നേതൃത്വത്തിന്റെ മുഖവുമായ അനീഷ് വരിക്കണ്ണാമലയെയും പട്ടികയിൽ നിന്നും പുറന്തള്ളി. ഇതിനെതിരേ അനീഷ് അനുകൂലികൾ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷവിമർശനവുമായി രംഗത്തു വന്നു. കെപിസിസി സെക്രട്ടറി ആയിരുന്ന എൻ. ഷൈലാജ് മാത്രമാണ് പുതിയ പട്ടികയിൽ ഇടം പിടിച്ചത്.

ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിന്റെ സഹോദരൻ എന്ന നിലയിൽ ഇത് ബന്ധു നിയമനമെന്നാണ് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രവർത്തകർ
പ്രചരിപ്പിക്കുന്നത്.ആറന്മുള നിയോജക മണ്ഡലത്തിൽ നിന്നും മുതിർന്ന നേതാക്കളായ മാലേത്ത് സരളാദേവി, കെ. ശിവദാസൻ നായർ, പി. മോഹൻരാജ് എന്നിവർ പുതിയ പട്ടികയിൽ ഉണ്ട്. ഇവർ മൂന്ന് പേരും ഒരേ സമുദായക്കാരാണെന്നും മറ്റ് സമുദായങ്ങളെ തഴഞ്ഞുവെന്നും ആക്ഷേപമുണ്ട്.

കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലൂടെ കെപിസിസിയിൽ എത്തിയ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ. റോയിസനും ഡിസിസി വൈസ് പ്രസിഡന്റ
എ.സുരേഷ് കുമാറും പട്ടികയിൽ ഉൾപ്പെടാതെ പോയവരിൽപ്പെടുന്നു. ആറന്മുള നിയോജക മണ്ഡലത്തിൽ നിന്ന് തന്നെയുള്ള കെപിസിസി നിർവാഹക സമിതി അംഗം ജോർജ് മാമൻ കൊണ്ടൂരും ഒഴിവാക്കപ്പെട്ടവരിൽ ഉണ്ട്. തിരുവല്ലയിൽ നിന്നും പി.ജെ.കുര്യൻ, എൻ. ഷൈലാജ് എന്നിവരാണുള്ളത്. ഇടയ്ക്കിടെ വിമത പ്രസ്താവനകൾ നടത്തുമെങ്കിലും പി.ജെ.കുര്യനെ വീണ്ടും ഉൾപ്പെടുത്തിയതോടെ നഷ്ടമായത് പുതുമുഖങ്ങളുടെ അവസരമാണ്.

അടൂർ നിയോജക മണ്ഡലത്തിൽ നിന്നും പന്തളം സുധാകരൻ, പഴകുളം മധു എന്നിവർക്ക് പുറമെ ഉൾപ്പെടുത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ആണ് ഏക പുതുമുഖം. കോന്നിയിൽ നിന്നും ബാബു ജോർജും മാത്യു കുളത്തിങ്കലും വീണ്ടും ഇടം പിടിച്ചു. മുൻ എംഎൽഎ അടൂർ പ്രകാശ് നിലവിൽ ആറ്റിങ്ങൽ എംപിയായതിനാൽ തിരുവനന്തപുരം ജില്ലയിൽ നിന്നും കെപിസിസിയിൽ ഇടം പിടിച്ചു.

പി.ജെ.കുര്യൻ, കെ.ശിവദാസൻ നായർ, പി. മോഹൻരാജ്, ബാബു ജോർജ് എന്നിവർ മുൻ ഡിസിസി പ്രസിഡന്റുമാരാണ്. നാമനിർദ്ദേശം ചെയ്യപ്പെട്ടവർ ഉൾപ്പടെ ജില്ലയിൽ നിന്നും 15 കെപിസിസി മെമ്പർമാർ ഉണ്ടായിരുന്നപ്പോൾ 10 പേർ ക്രിസ്ത്യനും അഞ്ച് പേർ ഹൈന്ദവരും ആയിരുന്നു. 10 ക്രിസ്ത്യൻ കെപിസിസി മെമ്പർമാരിൽ എട്ടുപേരും മാർത്തോമ്മാക്കാരായിരുന്നു.

ഇപ്പോൾ വന്ന ലിസ്റ്റിൽ ഒരു മാർത്തോമാക്കാരൻ മാത്രം. ഇത് എങ്ങനെ ന്യായീകരിക്കാൻ പറ്റും എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയരുന്ന ചോദ്യം. ഇത്തരത്തിൽ പാർട്ടിക്കുള്ളിൽ തന്നെ ജാതിയും മതവും പറഞ്ഞാൽ എവിടെ ചെന്ന് നിൽക്കും എന്ന് ചോദിക്കുന്നവരുമുണ്ട്.