പത്തനംതിട്ട: ജില്ലാ കോൺഗ്രസ് കമ്മറ്റിയിലെ നേതാക്കളുടെ പരസ്പരമുള്ള വിഴുപ്പലക്കൽ വിലക്കി കെ.പി.സിസി പ്രസിഡന്റ് കെ. സുധാകരൻ. തമ്മിലടി തെരുവിലേക്ക് നീണ്ട സാഹചര്യത്തിലാണ് അധ്യക്ഷന്റെ ഇടപെടൽ. കോൺഗ്രസ് പുനഃസംഘടനാ കമ്മറ്റി യോഗത്തിനിടെ മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഡിസിസി പ്രസിഡന്റിന്റെ ഓഫീസ് മുറി തകർക്കാൻ ശ്രമിച്ചതിന്റെ പേരിലുണ്ടായ സംഘർഷം ജില്ല മുഴുവൻ വ്യാപിക്കുകയായിരുന്നു. കതക് തകർക്കാൻ ശ്രമിച്ചതിന്റെ പേരിൽ ബാബു ജോർജിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ബാബു ജോർജിനെ വിമർശിച്ച് മുതിർന്ന നേതാവ് പി.ജെ. കുര്യൻ രംഗത്ത് വന്നിരുന്നു. പിന്നാലെ കുര്യനെതിരേ അഴിമതി അടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ച് ബാബു ജോർജ് തിരിച്ചടിച്ചു. മല്ലപ്പള്ളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ കുര്യൻ പങ്കെടുത്തു കൊണ്ടിരിക്കുമ്പോൾ അവിടെ കൂട്ടത്തല്ല് നടന്നു. അടി കിട്ടാതെ പി.ജെ. കുര്യനെ പൊലീസാണ് രക്ഷിച്ചത്.കൊണ്ടും കൊടുത്തും നേതാക്കൾ മുന്നേറുമ്പോഴാണ് റഫറിയുടെ റോളിൽ കെപിസിസി പ്രപസിഡന്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പരസ്യപ്രസ്താവനകളിൽ നിന്നും കോൺഗ്രസ് നേതാക്കൾ പിന്മാറണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി പറഞ്ഞു. ജില്ലാ കോൺഗ്രസിലെ നേതാക്കൾക്കിടയിലെ അസ്വാരസ്യങ്ങളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മാധ്യമ വാർത്തകളിൽ കെപിസിസി ആശങ്ക പ്രകടിപ്പിച്ചു. കോൺഗ്രസിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടായാലുമത് ഗുരുതര അച്ചടക്ക ലംഘനമായി കാണും. ഈ പ്രവണതകളെ കെപിസിസി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല.സകെപിസിസിയുടെ കർശന നിർദ്ദേശത്തിന് കടകവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും സുധാകരൻ പറഞ്ഞു.

അതിനിടെ ഇന്നലെ േചർന്ന ആറന്മുള ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി യോഗം സസ്പെൻഷനിലായ മുൻ പ്രസിഡന്റ് ബാബു ജോർജ്, ഡിസിസിയിൽ യോഗത്തിനിടെ മർദനമേറ്റ ജനറൽ സെക്രട്ടറി അഡ്വ. വി.ആർ. സോജി എന്നിവർക്ക് പിന്തുണ പ്രഖ്യാപിച്ചു. ബാബു ജോർജിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നും വി.ആർ. സോജിക്കെതിരേ വ്യാജ പരാതി നൽകിയ മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലാലി ജോണിനെതിരേ നടപടിയെടുക്കണമെന്നും യോഗം പ്രമേയം പാസാക്കി. പ്രമേയം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വരാൻ കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. രാധാചന്ദ്രൻ എന്നിവരെ ചുമതലപ്പെടുത്തി. ഷാം കുരുവിള, ജി. രഘുനാഥ് എന്നീ ഡിസിസി ജനറൽ സെക്രട്ടറിമാർ പ്രമേയത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചു. കെ.എൻ. രാധാചന്ദ്രൻ, കെ. ശിവദാസൻ നായർ, വിനീത അനിൽ, എൻ.സി. മനോജ്, ഓതറ സത്യൻ, അജി കരിംകുറ്റിക്കൽ, ജേക്കബ് ഇമ്മാനുവൽ എന്നിവർ പ്രസംഗിച്ചു.