- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കാണ്ടിന് സുധാകരന് നല്‍കിയത് സതീശനുമായി ഇനി സഹകരിക്കില്ലെന്ന സന്ദേശം; കെപിസിസിയില്‍ അഴിച്ചു പണി അനിവാര്യത; മിഷന് 2025 പ്രതീക്ഷ തകര്‍ക്കുമോ?
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഇനി സഹകരിക്കില്ലെന്ന സൂചന കോണ്‍ഗ്രസ് ഹൈക്കമാണ്ടിന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് നല്‍കിയെന്ന് റിപ്പോര്‍ട്ട്. തനിക്ക് സ്ഥാനം നഷ്ടമായാലും ഇനി സഹകരണമില്ലെന്ന സന്ദേശമാണ് സുധാകരന് നല്‍കിയത്. വയനാട്ടെ യോഗത്തില്‍ കെപിസിസിയില്‍ അനാശാസ്യം നടക്കുന്നുവെന്ന തരത്തില്‍ സതീശന് പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതടക്കം സതീശന് നിഷേധിച്ചില്ലെന്നും തന്നെ താറടിച്ചു കാട്ടാനാണ് ശ്രമമെന്നും സുധാകരന് കേരളത്തിന്റെ ചുമതലയുള്ള നേതാവ് ദീപ്ദാസ് മുന്‍ഷിയെ അറിയിച്ചു. കാര്യകാരണങ്ങള്‍ സഹിതമാണ് സുധാകരന്റെ വിശദീകരണം. കേരളത്തിലെ പ്രതിസന്ധിയില്‍ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ തീര്‍ത്തും അതൃപ്തിയിലാണ്.
കേരളത്തിലെ കെപിസിസി പരിപാടികളെല്ലാം ചിലര്‍ കുളമാക്കുന്നുവെന്നാണ് സുധാകരന്റെ പരാതി. കേരള പര്യടനത്തിനിടെ ആലപ്പുഴയില്‍ താമസിച്ചെത്തിയ പ്രതിപക്ഷ നേതാവിന്റെ അടക്കം നിലപാടുകള്‍ ഹൈക്കമാണ്ടിന് മുന്നില്‍ വച്ചിട്ടുണ്ട്. കെപിസിസിയില്‍ അനാശാസ്യം നടക്കുന്നുവെന്ന് വയനാട്ടില്‍ പ്രസംഗിച്ച ശേഷം അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി. കെപിസിസി ഭാരവാഹി യോഗത്തിലെ വിമര്‍ശനത്തിലെ നേതാക്കളുടെ പേര് പുറത്തു വിട്ടതും തിരുവനന്തപുരത്തെ ചില കേന്ദ്രങ്ങളാണ്.
കെസി വേണുഗോപാലിനൊപ്പമുള്ളവരെ താറടിച്ച് കാട്ടാനാണ് ഇതെല്ലാമെന്നും സുധാകരന് കരുതുന്നു. ഇതെല്ലാം അക്കമിട്ട് നിരത്തിയാണ് സുധാകരന്റെ വിദേശയാത്ര. അതുകൊണ്ട് തന്നെ സുധാകരന് തിരിച്ചെത്തിയാല്‍ പ്രശ്ന പരിഹാര ചര്‍ച്ച സാധ്യമാകുമോ എന്ന സംശയം ഹൈക്കമാണ്ടിനുണ്ട്. ഈ സാഹചര്യത്തില്‍ മാറ്റം അനിവാര്യമാകും. എന്നാല്‍ സുധാകരനെ മാത്രമായി മാറ്റിയാല്‍ പൊട്ടിത്തെറികള്‍ പുതിയ തലത്തിലെത്തും. തനിക്കെതിരെ ഏകപക്ഷീയ നടപടികള്‍ എടുത്താല്‍ പ്രതികരിക്കുമെന്ന സൂചന സുധാകരനും നല്‍കിയിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെത്തുടര്‍ന്ന് ലഭിച്ച ഊര്‍ജം ഉപയോഗിച്ച് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വീണ്ടും അധികാരത്തിലെത്താനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ഹൈക്കമാണ്ട് അണിയറയില്‍ ഒരുക്കിക്കൊണ്ടിരുന്നത്. എന്നാല്‍ വി.ഡി. സതീശനെതിരേ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാര്‍ തന്നെ രംഗത്തുവന്നത് പാര്‍ട്ടിയില്‍ വലിയ അസ്വസ്ഥതകള്‍ക്കു വഴിമാറി. കഴിഞ്ഞദിവസം ഉണ്ടായ സംഭവങ്ങളില്‍ സതീശന് വിഭാഗവും കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ടുതന്നെ മിഷന് 2025 ഏറ്റെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ് അവര്‍. ഇതിനിടെയാണ് സതീശനുമായി ഒത്തുതീര്‍പ്പില്‍ ഇല്ലെന്ന നിലപാട് സുധാകരന് എടുക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കാന്‍ സതീശന് ശ്രമിച്ചുവെന്ന പരാതി സുധാകരപക്ഷത്തിനുണ്ട്. എന്നാല്‍ ശക്തമായ നിലപാട് സ്വീകരിച്ച് ഹൈക്കമാന്‍ഡിനെ വരുതിയിലാക്കിയാണ് സുധാകരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങിവന്നത്. അതിനിടയിലാണ് കഴിഞ്ഞദിവസത്തെ കെ.പി.സി.സി ഭാരവാഹിയോഗത്തില്‍ സതീശനെതിരേ രൂക്ഷവിമര്‍ശനമുയര്‍ന്നത്. യോഗം തന്നെ അറിയിച്ചില്ലെന്ന പരാതി സതീശനുണ്ട്.
വിമര്‍ശനം ഉന്നയിച്ച് അത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നാണ് സതീശന്റെ പരാതി. എന്നാല്‍ വിമര്‍ശനുമായി ബന്ധപ്പെട്ട് പുറത്തു വന്ന നേതാക്കളുടെ പേര് മാധ്യമങ്ങള്‍ക്ക് നല്‍കിയത് സതീശനും കൂട്ടരുമാണെന്ന് സുധാകരനും പറയുന്നു.