സുല്‍ത്താന്‍ ബത്തേരി: യുഡിഎഫ് ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കെപിസിസി നേതൃയോഗത്തില്‍ നേതാക്കള്‍. പരാമവധി സാമുദായിക നേതാക്കളെ ഒപ്പം നിര്‍ത്തണമെന്നാണ് നേതാക്കളുടെ അഭിപ്രായം. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത്. സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

ഘടകകക്ഷികളുമായി കോണ്‍ഗ്രസിന് നല്ല ബന്ധമാണ് ഇപ്പോഴുള്ളത്. ഇത് നിലനിര്‍ത്തി മുന്നോട്ടുപോകണമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ അഭിപ്രായം. സീറ്റ് ചര്‍ച്ചകള്‍ ഘടകകക്ഷികളെ പിണക്കാതെ നടത്തണമെന്ന് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു. കെ മുരളീധരന്റേയും അഭിപ്രായം സമാനമായിരുന്നു. സമുദായ സംഘടനകളെ പരമാവധി കൂടെ നിര്‍ത്തണമെന്ന് അഭിപ്രായമുയര്‍ത്തിയതും കെ മുരളീധരനാണ്.

2019ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് ദീപാദാസ് മുന്‍ഷി കര്‍ശനമായ മുന്നറിയിപ്പ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. മുന്‍ തിരഞ്ഞെടുപ്പിലെ പോലെ അമിത ആത്മവിശ്വാസം പാടില്ല. അനായാസം ജയിക്കാനാകുമെന്ന് കരുതിയത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിനയായോ എന്നുള്‍പ്പെടെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ദീപാദാസ് മുന്‍ഷി സംസാരിച്ചത്. ഇത്തവണ അങ്ങനെയൊരു അബദ്ധം സംഭവിക്കാന്‍ പാടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ട് അമിത ആത്മവിശ്വാസം പാടില്ല. നന്നായി പരിശ്രമിക്കണമെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു.

അതേ സമയം ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍ പറഞ്ഞു. കൂടുതല്‍ സീറ്റ് ആവശ്യം ഉള്‍പ്പെടെ മുസ്ലീം ലീഗ് മുന്നോട്ട് വയ്ക്കാനിരിക്കെ ലീഗിനും പ്രതീക്ഷ നല്‍കുന്ന അഭിപ്രായങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ടുപോകണമെന്നാണ് ഉയര്‍ന്നുവന്ന പ്രധാന നിര്‍ദേശം.

ലീഡേഴ്സ് മീറ്റില്‍ കോണ്‍ഗ്രസ് അംഗവും രാഷ്ട്രീയ തന്ത്രജ്ഞനുമായ സുനില്‍ കനഗോലു പങ്കെടുക്കുന്നുണ്ട്. ജയസാധ്യത സംബന്ധിച്ച പഠനം കനഗോലുവാണ് നടത്തുന്നത്. ഈ പഠനത്തിലെ വിവരങ്ങള്‍ കനഗോലു അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന്‍ 2026 രേഖ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവതരിപ്പിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കലാണ് ലക്ഷ്യം.

ഇപ്പോള്‍ മൂന്ന് മേഖലകളാക്കി തിരിച്ചുകൊണ്ടുള്ള ഗ്രൂപ്പ് ചര്‍ച്ച ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യും. തെക്കന്‍ മേഖല പി സി വിഷ്ണുനാഥ്, മധ്യമേഖല എ പി അനില്‍കുമാര്‍, വടക്കന്‍ മേഖല ഷാഫി പറമ്പില്‍ എന്നിവരുടെ അധ്യക്ഷതയിലാണ് ചര്‍ച്ച നടക്കുന്നത്. കെപിസിസി ഭാരവാഹികള്‍,രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍,എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മുതിര്‍ന്ന നേതാക്കളില്‍ പലരും ക്യാമ്പില്‍ സംസാരിച്ചു.