തിരുവനന്തപുരം: 'ആദ്യം കെട്ടിടം നിര്‍മ്മിച്ച് പൂര്‍ത്തിയാകട്ടെ എന്നിട്ട് ഫര്‍ണിച്ചര്‍ വാങ്ങാം': കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തീര്‍ത്തും അനാവശ്യമെന്ന് സൂചിപ്പിച്ച് ശശി തരൂര്‍ എം പി ഏതാനും ദിവസം മുമ്പ് പറഞിഞ വാക്കുകളാണിത്. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിലും ഈ ദിശയിലുള്ള ചര്‍ച്ചകളാണ് നടന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനാണ് ഇക്കാര്യം ആദ്യം എടുത്തിട്ടത്. മുഖ്യമന്ത്രി ആരായിരിക്കണമെന്ന ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് പിജെ കുര്യന്‍ യോഗത്തില്‍ പറഞ്ഞു. മറ്റു നേതാക്കളും ഇക്കാര്യത്തെ പിന്തുണച്ച് വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച തെറ്റായ സന്ദേശം നല്‍കുമെന്ന വിമര്‍ശനവും ഉയര്‍ന്നു. യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും രാഷ്ട്രീയകാര്യ സമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. വ്യക്തമായ നിലപാട് കെപിസിസി പുനഃസംഘടനയില്‍ വേണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

മൂന്നാമതും പ്രതിപക്ഷത്ത് ഇരിക്കാന്‍ വയ്യന്ന് നേതാക്കള്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. നേതാക്കള്‍ക്കിടയിലെ ഭിന്നിപ്പില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വലിയ വിമര്‍ശനം ആണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ ഐക്യം ഉണ്ടായെ മതിയാകുവെന്നും ഐക്യം വ്യക്തമാക്കാന്‍ സംയുക്ത വാര്‍ത്താ സമ്മേളനം വിളിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. ഇങ്ങനെ പോയാല്‍ മൂന്നാമതും പ്രതിപക്ഷത്തിരിക്കേണ്ടി വരും എന്നായിരുന്നു. വിമര്‍ശനം. പറഞ്ഞാല്‍ തീരാത്ത പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ ഇല്ലെന്ന് കെസി വേണുഗോപാല്‍ യോഗത്തില്‍ പറഞ്ഞു.

പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തില്‍ കൂട്ടായ തീരുമാനം വേണം. ചര്‍ച്ചകള്‍ അനാവശ്യമായി നീട്ടിക്കൊണ്ടു പോകരുതെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.