- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഉമ്മന്‍ചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേടാണ്; വിഴിഞ്ഞം ചടങ്ങില്‍ പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നു'; വിമര്‍ശിച്ച് സുധാകരന്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിളിക്കേണ്ടതായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സര്‍ക്കാരിന്റെ മര്യാദ ഇത്രമാത്രമാണ്. പ്രതിപക്ഷത്തെ ബഹുമാനിക്കേണ്ടേ. ഉമ്മന്‍ചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേടാണ്. പിണറായി വിജയന് കാലഹരണപ്പെട്ട നേതാവാണെന്നും കെ സുധാകരന് പരിഹസിച്ചു
വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരു നല്‍കണമെന്ന് കെ.സുധാകരന് ആവശ്യപ്പെട്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമായത്. എന്നാലത് പിണറായി സര്‍ക്കാര്‍ മനഃപൂര്‍വം തമസ്കരിക്കുകയാണ്. വിഴിഞ്ഞം തുറമുഖത്തിനുവേണ്ടി പ്രവര്‍ത്തിച്ച യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളില്‍നിന്ന് പിണറായി സര്‍ക്കാര്‍ പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും സുധാകരന് പറഞ്ഞു.
വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നല്കുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോള്‍ എല്‍ഡിഎഫും സിപിഎമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാന്‍ ശ്രമിച്ച പിണറായി വിജയന് ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ്. 5000 കോടി രൂപയുടെ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണ കമ്മിഷനെ വച്ച് വേട്ടയാടിയും കടല്‍ക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങള്‍ നടത്തിയും പദ്ധതി ഇല്ലാതാക്കാന്‍ എല്‍ഡിഫ് ശ്രമിച്ചെന്ന് സുധാകരന് ആരോപിച്ചു.
തുറമുഖങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയാണ്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്റെ ഫലമാണെന്നും പിണറായി വിജയന് ചൂണ്ടിക്കാട്ടി.
ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. മദര്‍ഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വിഴിഞ്ഞത് ബര്‍ത്ത് ചെയ്യാം. ഇന്ന് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന് ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടന്‍ പൂര്‍ണ പ്രവര്‍ത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആയി മാറുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ലെന്നും ഇത് ഒന്നാം ഘട്ടം മാത്രമാണെന്നും വിശദമാക്കി. നാലാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വിശാല തുറമുഖമായി മാറും. 2028ഓടെ വിഴിഞ്ഞം സമ്പൂര്‍ണ തുറമുഖമായി മാറും. 10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിയൊരുക്കും. അതിന് വേണ്ടുന്ന കരാര്‍ ഒപ്പിടാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. അദാനി ഗ്രൂപ്പ് പൂര്‍ണ സഹകരണത്തിന് തയാറാണ്.
അയല്‍ രാജ്യങ്ങള്‍ക്കും അഭിമാനിക്കാന്‍ സാധിക്കും. വിഴിഞ്ഞം ചരിത്രപ്രസിദ്ധമാണെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള സര്‍ക്കാര്‍ വിഴിഞ്ഞത്തിനായി പ്രയത്നിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരാണ് വിഴിഞ്ഞം തുറമുഖ അനുമതിക്കായി ശ്രമിച്ചത്. 2007ല്‍ വിഐഎസ്എല്ലിനെ നോഡല്‍ ഏജന്‍സിയാക്കി. 2010ല്‍ ടെന്‍ഡര്‍ നടപടികള്‍ക്ക് ശ്രമിച്ചു. അപ്പോള്‍ ചൈനീസ് കമ്പനിയെന്ന് പറഞ്ഞ് ചിലര്‍ ആക്ഷേപം ഉയര്‍ത്തി. അന്ന് മന്മോഹന് സര്‍ക്കാരാണ് അനുമതി നിഷേധിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
മന്മോഹന് സിങ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നെന്നും പിന്നീട് 212 ദിവസം നീണ്ട ജനകീയ സമരം എല്‍ഡിഎഫ് നടത്തി. തുടര്‍ന്ന് 2013 ലാണ് വീണ്ടും പദ്ധതി വരുന്നത്. നാടിന്റെ കൂട്ടായ ഇച്ഛാശക്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. നാം ഒറ്റകെട്ടായി ശ്രമിച്ചതിന്റെ ഫലമാണ് ഈ ദിനം. ഇന്ത്യയുടെ അന്താരാഷ്ട്ര പ്രാധാന്യം വിഴിഞ്ഞം തുറമുഖത്തോടെ വര്‍ദ്ധിക്കും.
വിഴിഞ്ഞം പദ്ധതിയെ ആദ്യം എതിര്‍ത്തതിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അഴിമതിക്കോ ചൂഷണത്തിനോ ഉള്ള വഴിയായി വിഴിഞ്ഞം മാറരുതെന്ന് മാത്രമായിരുന്നു എല്‍ഡിഎഫിന് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. അതിന്റെ എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തുറമുഖം സജ്ജമാക്കിയത്. തുറമുഖത്തിനായി അര്‍പ്പണബോധത്തോടെ അഹമ്മദ് ദേവര്‍കോവില്‍ പ്രവര്‍ത്തിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വിഎന്‍ വാസവന് ആയിരുന്നു അധ്യക്ഷന്‍.. ഇന്നത്തെ ഔദ്യോ?ഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കണ്ടെയ്നറുകള്‍ ഇറക്കിയതിന് ശേഷം നാളെയാണ് സാന്‍ ഫര്‍ണാണ്ടോ തീരം വിടുക.