- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ത്തോളു; എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല'; വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെ സുധാകരന്‍
ചേവായൂര്‍ സഹകരണബാങ്കിനെ മറ്റൊരു കരുവന്നൂര്‍ ബാങ്ക് ആക്കി മാറ്റാന്‍ സമ്മതിക്കില്ല
കോഴിക്കോട്: കോഴിക്കോട് ചേവായൂര്‍ സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കണ്‍വെന്‍ഷനില്‍ വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കും. വെള്ളിയാഴ്ച ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിവാദപരാമര്‍ശം.
കാശുവാങ്ങി ഇടതുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ല. തടി വേണോ ജീവന്‍ വോണോ എന്ന് ഓര്‍ത്തോളുവെന്നും കെ. സുധാകരന്‍ പറഞ്ഞു. ഭീഷണി പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പതിറ്റാണ്ടുകയാളായി കോണ്‍ഗ്രസ് നിയന്ത്രണത്തിലാണ് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക്. എന്നാല്‍, കുറച്ചുകാലമായി ബാങ്ക് ഭരണസമിതിയും കോണ്‍ഗ്രസ് ജില്ലാ നേതൃത്വവും രണ്ട് തട്ടിലാണ്. ഭരണസമിതിയിലെ ഏഴു പേരെ നേരത്തെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ, എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബിജെപിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ് അവര്‍. അത് അനുവദിക്കില്ല.
ചേവായൂര്‍ സഹകരണബാങ്കിനെ മറ്റൊരു കരുവന്നൂര്‍ ബാങ്ക് ആക്കി മാറ്റാന്‍ സമ്മതിക്കില്ല. അട്ടിമറിയിലൂടെയും ബലപ്രയോഗത്തിലൂടെയും ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വരും. പിന്നില്‍ നിന്ന് കുത്തിയവരെ വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ചേവായൂര്‍ ബാങ്ക് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. ബാങ്ക് ചെയര്‍മാന്‍ ജി.സി.പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് നഗരത്തിലെ അമ്പതിലധികം നേതാക്കന്‍മാര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവച്ചു. ഇതിന് പിന്നാലെയാണ് വിമതര്‍ മത്സരരംഗത്തെത്തിയത്.
കെ.പി.സി.സി. അംഗവും കേരള ദളിത് ഫെഡറേഷന്‍ ഡെമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റുമായ കെ.വി. സുബ്രഹ്‌മണ്യനടക്കമുള്ളവരാണ് രാജിവെച്ചത്. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രാദേശിക താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി വ്യക്തിതാത്പര്യങ്ങള്‍മാത്രം പരിഗണിച്ച് സ്ഥാനാര്‍ഥികളെയും ഭാരവാഹികളെയും നിശ്ചയിക്കുന്നുവെന്ന് ആരോപിച്ചാണ് രാജി.
അതേസമയം, പ്രസംഗത്തില്‍ കെ സുധാകരനെ പിന്തുണച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് രംഗത്തെത്തി. ആവശ്യമായ പ്രസംഗമാണ് കെ സുധാകരന്‍ നടത്തിയതെന്നും അതിനെ അടിവരയിട്ട് പിന്തുണക്കുന്നുവെന്നും ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ പറഞ്ഞു. പാര്‍ട്ടിയെ ഒറ്റു കൊടുത്തവര്‍ക്കുള്ള മറുപടി ആണ് അത്. അതില്‍ ഒരു തെറ്റുമില്ലെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു.