- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎല്‍എമാരെയും എംപിമാരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റും; യുവജനങ്ങള്‍ക്കും ദളിതര്‍ക്കും പ്രാതിനിധ്യം ഉയര്‍ത്തും; എല്‍ഡിഎഫ് കുത്തക മണ്ഡലങ്ങളില്‍ നേരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തും; സന്ദീപ് വാര്യര്‍ക്ക് നല്ല പദവി: പഞ്ചായത്ത് തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്സ്
എംഎല്‍എമാരെയും എംപിമാരെയും പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാറ്റും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും ഉപതെരഞ്ഞെടുപ്പുകളിലെയും വിജയത്തിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടി അഴിച്ചുപണി ആലോചനയില്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് പാര്‍ട്ടിക്ക് മുന്നിലുള്ള അടുത്ത ലക്ഷ്യം. ഈ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ തലത്തിലെ അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് നീക്കം നടത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമാണ്. എന്നാല്‍, അമിത ആത്മവിശ്വാസത്തില്‍ വീഴാതെ വിജയവും തോല്‍വിയും പഠിച്ചു മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസ നേതൃത്വം ആഗ്രഹിക്കുന്നത്.
സംഘടനയെ ചടുലമാക്കുന്നതിന്റെ ഭാഗമായി അഴിച്ചുപണിക്കാണ് പാര്‍ട്ടി ഒരുങ്ങുന്നത്്. എംഎല്‍എമാരെ കെപിസിസി ഭാരവാഹിത്വത്തില്‍ ഉള്‍പ്പെടുത്താതെ സംഘടനയെ ചലിപ്പിക്കാനുള്ള വഴിതേടുകയാണ് പാര്‍ട്ടി. എംഎല്‍എമാര്‍ മണ്ഡലത്തില്‍ കൂടുതല്‍ സജീവമായി ഇടപെടുക എന്നതുമാണ് ആലോചനയിലുള്ള കാര്യം. അതേസമയം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റികള്‍ ചിലയിടങ്ങളില്‍ നിര്‍ജീവമായിരുന്നു എന്നാണ് കെപിസിസി വിലയിരുത്തല്‍. ചേലക്കരയില്‍ അടക്കമാണ് പാര്‍ട്ടിക്ക് ഈ വീഴ്ച്ച സംഭവിച്ചത്. അതുകൊണ്ട് തന്നെയാണ് അഴിച്ചുപണിക്ക് പാര്‍ട്ടി ഒരുങ്ങുന്നത്.
പാര്‍ട്ടിയിലെ ചില നേതാക്കള ചുമതലകളില്‍ നിന്നും മാറ്റാനും പുതുമുഖങ്ങളെ ഉള്‍പ്പെടുത്താനും ആലോചനയുണ്ട്. പ്രവര്‍ത്തകസമിതിയില്‍ സ്ഥിരം ക്ഷണിതാവായ കൊടിക്കുന്നില്‍ സുരേഷ് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറും. പകരം വര്‍ക്കിംഗ് പ്രസിഡന്റ് എത്തുമോ എന്നാണ് അറിയേണ്ടത്. ബിജെപി പാളയത്തില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തിയ സന്ദീപ് വാരിയര്‍ക്ക് കെപിസിസിയില്‍ ഇടം കിട്ടിയേക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം അടക്കം സന്ദീപ് പ്രതീക്ഷിക്കുന്നുണ്ട്. അതിന് സാധ്യത കൂടുതലാണ് താനും.
പാര്‍ട്ടിയില്‍ നിര്‍ജീവമായ ഘടകളില്‍ പൊളിച്ചുപണി തന്നെ വന്നേക്കും. ഇതിന്റെ തുടക്കം കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും തന്നെയാകും. നിലവില്‍ പാര്‍ട്ടിയില്‍ നാല് വൈസ് പ്രസിഡന്റുമാരില്‍ രണ്ടു പേര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം സജീവമല്ല. വി. പ്രതാപചന്ദ്രന്റെ മരണത്തിനു ശേഷം പുതിയ ട്രഷററെയും പാര്‍ട്ടി നിയമിച്ചിട്ടില്ല. പി.ടി. തോമസ്, പ്രതാപവര്‍മ തമ്പാന്‍ എന്നിവര്‍ അന്തരിച്ചപ്പോഴുണ്ടായ ഒഴിവുകളിലേക്കും നിയമനം നടന്നിട്ടില്ല. ഇവിടങ്ങളിലെല്ലാം പുതിയ നിയമനം വന്നേക്കം.
സംസ്ഥാനത്തെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് എഐസിസി സെക്രട്ടറിമാരായ വിശ്വനാഥ പെരുമാളും പി.വി. മോഹനനും 6 മാസം മുന്‍പ് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും മാറ്റങ്ങള്‍. ഡിസിസി തലത്തില്‍ മാറ്റങ്ങളും ഉണ്ടാകും. തൃശ്ശൂരില്‍ അടക്കം പുതിയ ഡിസിസി അധ്യക്ഷനെ നിയമിക്കേണ്ടതുണ്ട്. ഇതോടൊപ്പം നിര്‍ജീവമായ ഡിസിസികള്‍ക്കെതിരെയും നടപടി വേണ്ടിവരും. കെപിസിസി പുനഃസംഘടന ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് ധാരണ ആയിട്ടുള്ളത്. തര്‍ക്കങ്ങള്‍ പരിഹരിക്കുക വെല്ലുവിളിയാണെങ്കിലും രമ്യമായ പരിഹാരം കാണമമെന്നാണ് ആവശ്യം. മുന്‍കാലങ്ങളില പോലെ പൊട്ടിത്തെറികള്‍ പാര്‍ട്ടിയില്‍ കുറവാണ്.
കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി സംസ്ഥാനത്തെ നേതാക്കളുമായി സംസാരിച്ച ശേഷമാകും അന്തിമ ഭാരവാഹിപ്പട്ടികയ്ക്കു രൂപം നല്‍കുക. ഭാരവാഹികളില്‍ വലിയൊരു വിഭാഗത്തെ മാറ്റി യുവാക്കള്‍, വനിതകള്‍, പട്ടികജാതിപട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവരെ കൊണ്ടുവരാനാണ് എഐസിസി നിര്‍ദേശം. പുനഃസംഘടന നടക്കുന്നതോടെ ജില്ലകളുടെയും വിവിധ പോഷക സംഘടനകളുടെയും ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരും മാറിയേക്കും. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പ്രിയപ്പെട്ട സംസ്ഥാനം കൂടിയാണ് കേരളം എന്നതിനാല്‍ സംഘടനാ പുനസംഘടനിയില്‍ ഇവരുടെ താല്‍പ്പര്യങ്ങള്‍ക്കും പരിഗണന വരും.
ഉപതിരഞ്ഞെടുപ്പു ഫലത്തെയും പാര്‍ട്ടി കഴിഞ്ഞ ദിവസങ്ങളില്‍ അവലോകനം ചെയ്തിട്ടുണ്ട്. നേതാക്കള്‍ ഒത്തൊരുമിച്ച് സംഘടനാ സംവിധാനം ചലിപ്പിച്ചതാണ് ഉപതിരഞ്ഞെടുപ്പില്‍ ഗുണമായതെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ സംഘടനയുടെ ബലമാകും റിസല്‍ട്ടുണ്ടാക്കുക. അതുകൊണ്ട് താഴെത്തട്ടില്‍ ഊര്‍ജ്ജസ്വലരായ നേതൃത്വത്തെ സൃഷ്ടിക്കുക എന്നതാണ് പാര്‍ട്ടിക്ക് മുന്നിലെ വെല്ലുവിളി.
സംസ്ഥാനത്തെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും ഭരിക്കുന്നത് സിപിഎമ്മാണ്. പ്രാദേശിക സമരങ്ങള്‍ അടക്കം സംഘടിപ്പിക്കാന്‍ ബൂത്ത് കമ്മിറ്റികള്‍ ശക്തിപ്പെടണം. അടുത്തിടെ പുനഃസംഘടന നടന്നെങ്കിലും മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരില്‍ പലരും പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം മിക്ക ജില്ലകളിലും ശക്തമാണ്. മത്സരിക്കാന്‍ വേണ്ടി യുവജനങ്ങളെ അടക്കം സ്വീകാര്യതയുള്ള നേതാക്കളെ കണ്ടെത്താനും പാര്‍ട്ടിക്കുള്ളില്‍ ശ്രമങ്ങളുണ്ട്.
തിരുവനന്തപുരത്ത് ഉള്ളൂരില്‍ പരാതിയെ തുടര്‍ന്ന് ബ്ലോക്ക് പ്രസിഡന്റിനെ കഴിഞ്ഞ ആഴ്ച മാറ്റിയിരുന്നു. ഒരു ജനറല്‍ സെക്രട്ടറിക്ക് രണ്ട് സെക്രട്ടറിമാര്‍ എന്ന നിലയിലാകും പുനഃസംഘടന. ഡിസിസികളിലെ ജംബോ കമ്മിറ്റികളെ മാറ്റണമെന്ന റിപ്പോര്‍ട്ടുണ്ടെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിനു നേതൃത്വം മുതിര്‍ന്നേക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നേരത്തെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് പാര്‍ട്ടി കടക്കും. സിപിഎം കുത്തക മണ്ഡലങ്ങളില്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ച് അവരോട് പ്രവര്‍ത്തനം ഊര്ജ്ജിതമാക്കാനാകും നിര്‍ദേശിക്കുക.
കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് കെ. സുധാകരന്‍ വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഷാര്‍ജയില്‍ മാധ്യമങ്ങളോട് പറഞ്ഞു.s