സുല്‍ത്താന്‍ ബത്തേരി: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷററര്‍ എന്‍ എം വിജയന്റെ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമിതി അറിയിച്ചതായി കുടുംബം. പാര്‍ട്ടിയുടെ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും ഉപസമിതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം കുടുംബം പ്രതികരിച്ചു. എന്‍എം വിജയന്റെ വീട്ടിലെത്തിയാണ് ഉപസമിതി കൂടിക്കാഴ്ച നടത്തിയത്. കുടുംബത്തെ ആശ്വസിപ്പിക്കാനാണ് എത്തിയതെന്നും ആരോപണവിധേയരില്‍ നിന്ന് വിവരം തേടുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. വിജയന്റെ മരണത്തിനുശേഷം കുടുംബത്തെ വിശ്വാസത്തിലെടുക്കുന്നതില്‍ ചില വീഴ്ചകളുണ്ടായെന്ന് സമിതിയംഗം സണ്ണി ജോസഫ് പറഞ്ഞു.

കുടുംബത്തിന്റെ എല്ലാ പ്രശ്‌നവും പരിഹരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രയാസങ്ങളെല്ലാം മാറിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കുടുംബാംഗങ്ങളും പ്രതികരിച്ചു. അന്വേഷണം നടക്കട്ടെയെന്നാണ് കുടുംബം പ്രതികരിച്ചത്. തുടക്കത്തില്‍ പാര്‍ട്ടി നന്നായി ഇടപെട്ടിരുന്നെങ്കില്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു. അച്ഛന്‍ വിശ്വസിച്ച പാര്‍ട്ടിയുടെ ഉറപ്പില്‍ വിശ്വസിക്കുന്നു. കടബാധ്യത പാര്‍ട്ടിയുടേത് എന്ന് നേതാക്കന്മാര്‍ അംഗീകരിച്ചുവെന്നും കുടുംബം പറയുന്നു. അതേസമയം കേസന്വേഷണം അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് നിലപാട്.

കുടുംബത്തെ ഒപ്പം നിര്‍ത്തിയാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ പ്രഖ്യാപിച്ചത്. കുടുംബത്തെ ആശ്വസിപ്പിക്കുകയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്നും കുടുംബത്തിന് വേണ്ടതെല്ലാം ചെയ്യുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രസ്താവന ഉണ്ടാകരുതെന്ന് നേതാക്കന്മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കി വിഷയത്തെ മാറ്റാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരനും വി ഡി സതീശനും കുടുംബത്തെ നേരില്‍ കാണുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. അടുത്ത തവണ വയനാട്ടില്‍ എത്തുമ്പോള്‍ പ്രിയങ്ക ഗാന്ധിയും കുടുംബത്തെ കണ്ടേക്കും. പ്രിയങ്ക ഗാന്ധിയുടെ മണ്ഡലത്തിലുണ്ടായ വിവാദം എന്നതും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അടിയന്തര ഇടപെടലിന് കാരണമായിരുന്നു.

ഇതോടെ തങ്ങള്‍ നല്‍കിയ പരാതിയില്‍ നിന്ന് വിജയന്റെ കുടുംബം പിന്മാറിയേക്കും. അങ്ങനെ വരുമ്പോള്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളായ എന്‍ഡി അപ്പച്ചനും ഐസി ബാലകൃഷ്ണനുമെതിരായ അന്വേഷണത്തിന് തടയിടാനും കോണ്‍ഗ്രസിന് സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

വിഷയം വലിയ തോതില്‍ ചര്‍ച്ചയാക്കിയ സിപിഎമ്മിനും കുടുംബവും കോണ്‍ഗ്രസും അനുനയത്തിലേക്ക് നീങ്ങുന്നത് തിരിച്ചടിയാണ്. വിജയന്റെ കുറിപ്പും കത്തുകളും വ്യാജമാണെന്ന ആരോപണം ചില കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്ന സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധന നടത്താനുള്ള തീരുമാനം.

കുറിപ്പുകള്‍ വിജയന്റേതാണെന്ന് ഉറപ്പാക്കിയാല്‍ കത്തില്‍ പേരുള്ള നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കേണ്ടിവരും. ഔദ്യോഗിക രേഖകളിലോ മിനിട്സുകളിലോ മറ്റ് ഉറപ്പാക്കാവുന്ന പ്രമാണങ്ങളിലോ വിജയന്‍ എഴുതിയിട്ടുള്ള സ്വന്തം കയ്യക്ഷര ങ്ങള്‍ ശേഖരിച്ച് ആത്മഹത്യാ കുറിപ്പിലെയും കത്തുകളിലെയും കയ്യക്ഷരവുമായി ഒത്തുനോക്കും. ശാസ്ത്രീയ പരിശോധന നടത്തിയശേഷം കത്തുകള്‍ കോടതിയില്‍ ഹാജരാക്കും.