- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതാക്കളുടെ തര്‍ക്കങ്ങള്‍ നിര്‍ണായക ഘട്ടങ്ങളില്‍ ദോഷമാകുന്നു; വേണ്ടത് അടിയന്തര റിപ്പോര്‍ട്ട്; കോണ്‍ഗ്രസില്‍ തലകളുരുളും; തിരുവഞ്ചൂര്‍ ശ്രദ്ധാകേന്ദ്രം
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ പ്രശ്നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നത് അതിവേഗ പരിഹാരമുണ്ടാക്കാന്‍. പ്രശ്നം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നടപടികള്‍ ഉണ്ടാകും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അധ്യക്ഷനായ അച്ചടക്കസമിതിയോട് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. മുമ്പ് എ ഗ്രൂപ്പിലെ പ്രധാനിയായിരുന്ന തിരുവഞ്ചൂരിന് ഇന്ന് ഗ്രൂപ്പ് ആഭിമുഖ്യമില്ല. അതുകൊണ്ട് തന്നെ വസ്തുതാ പരമായ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ഹൈക്കമാണ്ട് പ്രതീക്ഷ. വയനാട് നടന്ന ഉന്നത തല യോഗ തീരുമാനം ചോര്‍ന്നതടക്കം തിരുവഞ്ചൂര്‍ അന്വേഷിക്കും.
പാര്‍ട്ടിരഹസ്യങ്ങള്‍ പെരുപ്പിച്ചും അവാസ്തവമായും മാധ്യമങ്ങള്‍ക്ക് ചോര്ത്തുന്നവരെ കണ്ടെത്താനാണ് അന്വേഷണം. കേരളത്തിന്റെ സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയാണ് നിര്‍ദേശം നല്‍കിയത്. വയനാട് ക്യാമ്പിന്റെ തീരുമാനവും തദ്ദേശതിരഞ്ഞെടുപ്പിനായുള്ള 'മിഷന് 25' പദ്ധതിയും നടപ്പാക്കുന്നതിലെ പ്രതിസന്ധിയാണ് കോണ്‍ഗ്രസിനെ വലയ്ക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി ഇനി സഹകരിക്കില്ലെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ഇതോടെ രണ്ടു പേരേയും തല്‍സ്ഥാനത്ത് നിന്നും മാറ്റുമെന്ന ഊഹാപോഹം സജീവമാണ്. എഐസിസി ജനറല്‍ സെക്രട്ടറിയും സംഘടനാ ചുമതലയുള്ള നേതാവുമായ കെസി വേണുഗോപാലാണ് വിഷയം അച്ചടക്ക സമിതിയ്ക്ക് വിടാനുള്ള തീരുമാനം ഔദ്യോഗികമായി എടുത്തത്. അത് ദീപാദാസ് മുന്‍ഷി നിര്‍ദ്ദേശമായി നല്‍കുകയും ചെയ്തു.
പാര്‍ട്ടി രഹസ്യസ്വഭാവത്തോടെ നടത്തിയ യോഗത്തെ സംബന്ധിച്ച് അവാസ്തവ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് നല്കാന് ചില നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ദീപാ ദാസ് മുന്‍ഷിയുടെ കത്തിലുള്ളത്. കെ.പി.സി.സി. ഭാരവാഹിയോഗത്തിലെ വിമര്‍ശനങ്ങളും ഇതേത്തുടര്‍ന്നുണ്ടായ മാധ്യമവാര്‍ത്തകളുമാണ് കോണ്‍ഗ്രസിലെ തര്‍ക്കം പരസ്യമാക്കിയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പാര്‍ട്ടിസംവിധാനം ഹൈജാക്ക് ചെയ്യുന്നെന്നായിരുന്നു ഒരുവിഭാഗം ആരോപിച്ചത്. ഇതിന് മുമ്പ് വയനാട്ടിലെ ക്യാമ്പില്‍ കെപിസിസി ഓഫീസില്‍ അനാശാസ്യം നടക്കുന്നുവെന്ന് വിഡി സതീശന് പറഞ്ഞതായും വാര്‍ത്തകളെത്തി. പിന്നീട് നടന്ന കെപിസിസി യോഗത്തില്‍ കെസി പക്ഷ നേതാക്കള്‍ സതീശനെ വിമര്‍ശിച്ചുവെന്ന തരത്തിലാണ് വാര്‍ത്ത എത്തിയത്.
'മിഷന് 25' കര്‍മപദ്ധതിയുടെ ചുമതല വി.ഡി. സതീശനായിരുന്നു. ഇതിനായി തുടങ്ങിയ വാട്സാപ്പ് ഗ്രൂപ്പും അതില്‍ അദ്ദേഹം നല്കിയ മെസേജുമാണ് ചില നേതാക്കളെ ചൊടിപ്പിച്ചത്. പിന്നാലെ, അടിയന്തരമായി കെ.പി.സി.സി. ഭാരവാഹിയോഗം ചേരുകയും സതീശനെ ഒരുവിഭാഗം നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തു. ഇതോടെ സതീശന് നിസ്സഹകരണം പ്രഖ്യാപിച്ചു. യോഗത്തില്‍ ഉണ്ടാകാത്ത വിമര്‍ശനം മാധ്യമങ്ങളില്‍ വന്നെന്നും ഇതിനുപിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നും ചൂണ്ടിക്കാട്ടി. മിഷന് 25-ന്റെ ഭാഗമായ യോഗങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നാലെ സതീശനെതിരെ ഹൈക്കമാണ്ടിന് മുന്നില്‍ സുധാകരന് പരാതിക്കെട്ടഴിച്ചു. ഇനി സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചു.
സുധാകരനെ മറികടന്ന് സതീശന് സൂപ്പര്‍ പ്രസിഡന്റാകുന്നു എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെയിലാണ് ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍. പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന രഹസ്യസ്വഭാവമുള്ള ചര്‍ച്ചകള്‍ പോലും മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നത് പതിവായിരിക്കുകയാണ്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ നിര്‍ണായക ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന് ദോഷമായി മാറുകയാണ്. ഇക്കാര്യങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ദീപ ദാസ്മുന്‍ഷി നിര്‍ദേശിച്ചിട്ടുണ്ട്.
പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ ഏകോപന ചുമതല സുധാകര പക്ഷത്തിന് നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സുധാകരന് തനിക്കൊപ്പം നില്‍ക്കുന്നവരെ ഉപതെരഞ്ഞെടുപ്പ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. പാലക്കാട് കെപിസിസി ജനറല്‍ സെക്രട്ടറി ബി എ അബ്ദുല്‍ മുത്തലിബ്, വി ബാബുരാജ് എന്നിവര്‍ക്കും ചേലക്കര കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്, ജനറല്‍ സെക്രട്ടറി പി എം നിയാസ് എന്നിവര്‍ക്കുമാണ് ചുമതല.