തിരുവനന്തപുരം: പൊലീസിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ഷാജൻ സ്‌കറിയയ്ക്ക് അഡീ.സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരിക്കുകയാണ്. പിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം മാത്രമല്ല ഇത് മറിച്ചു ഈ നാട്ടിലെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും വിജയമാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗവും നടനുമായ കൃഷ്ണകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

കൃഷ്ണകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്റ്റാലിൻ മുതൽ ചെസെസ്‌ക്യൂ വരെ, മാവോ സെ തൂങ് മുതൽ കിം ജോങ്-ഉൻ വരെ, സ്വേച്ഛാധിപതികൾ വിയോജിപ്പുള്ളവരെ നിഷ്‌കരുണം പീഡിപ്പിക്കാൻ തങ്ങളുടെ അധികാരം പ്രയോഗിച്ചതായി ചരിത്രം വെളിപ്പെടുത്തുന്നു. സ്വേച്ഛാധിപതികൾ അവരുടെ അധികാരം അവരുടെ വ്യക്തിപരമായ നിയമമായി ഉപയോഗിക്കുന്നു. എന്നാൽ, അധികാരത്തിൽ തുടരാൻ രാഷ്ട്രീയ പാർട്ടികൾ ജനങ്ങളുടെ പിന്തുണയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ഒരു സംസ്ഥാനം, ആ സ്വേച്ഛാധിപതികൾക്കു സമാനമായ പാതയിലൂടെ സഞ്ചരിക്കുന്നതായി തോന്നുമ്പോഴാണ് നമ്മുടെയിടയിൽ ആശങ്ക ഉയരുന്നത്.

ഇടതുപക്ഷ ഭരണത്തിന്റെ കീഴിൽ ഉണ്ടായിട്ടുള്ള വൻ അഴിമതികളും ഭരണ പോരായ്മകളും ഉയർത്തിക്കാട്ടുന്നതിൽ ഷാജൻ സ്‌കറിയ എന്ന പത്രപ്രവർത്തകൻ മുൻപന്തിയിൽ തന്നെയായിരുന്നു. നിയമത്തിന്റെ സാധ്യതകൾ ഉപയോഗിച്ച് നിരവധി കേസുകളാണ് അദ്ദേഹത്തിനെതിരെ ചാർജ് ചെയ്തിരിക്കുന്നത്. ജാമ്യം ലഭിച്ച ഒരു കേസുമായി ബന്ധപ്പെട്ട് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ആവശ്യപ്പെട്ടതനുസരിച്ചു ഷാജൻ നിലമ്പുർ പൊലീസ് സ്റ്റേഷനിൽ ഹാജരാകാനെത്തുമ്പോൾ, രണ്ട് തവണ സബ് കോടതി തള്ളിയ മറ്റൊരു കേസ് ജാമ്യമില്ലാ കുറ്റമായി തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ വീണ്ടും ഫയൽ ചെയ്തുകൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

എന്നാൽ സെഷൻസ് കോടതി പൊലീസിന്റെ ഈ ചെയ്തികളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് ഷാജന് ജാമ്യം അനുവദിച്ചു. 'ബഹു: ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം ഉത്തമ വിശ്വാസത്തോടെ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാക്കുമ്പോൾ ബഹു: ഹൈക്കോടതിയുടെ സംരക്ഷണയിലാണ് അദ്ദേഹം ഹാജരാകുന്നത്. അങ്ങനെ പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്ന ഒരു വ്യക്തിയെ മറ്റൊരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുന്നത് കോടതി നടപടികളെ പരിഹസിക്കുന്നതിനു തുല്യമാണെന്ന്' സെഷൻസ് കോടതി ജാമ്യം അനുവദിച്ച ഉത്തരവിൽ പറഞ്ഞു.

പിണറായി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധ പ്രവൃത്തികൾക്കെതിരെ ഷാജൻ നടത്തിയ ഒറ്റയാൾ പോരാട്ടത്തിന്റെ വിജയം മാത്രമല്ല ഇത് മറിച്ചു ഈ നാട്ടിലെ ജനധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരുടെയും വിജയമാണ്....