- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മൈക്കിൽ കൂടി വിളിച്ചു പറയാതെ 'ആത്മഗതം' പറ്റുമോ? 'വിളിച്ചു പറയാതിരുന്നാൽ ഫലം കുറയും' എന്ന് മീശമാധവനും; സജി ചെറിയാനോട് പറഞ്ഞ ചെറിയ വാചകം തെറ്റിധാരണയായെന്ന് ശൈലജ ടീച്ചറും; കെടി ജലീലിനെ മുൻ മന്ത്രി കളിയാക്കിയോ? 'ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും' സൈബർ ലോകത്ത് നിറയുമ്പോൾ
തിരുവനന്തപുരം: സൈബർ ഇടങ്ങളിൽ ചർച്ചയായ മുൻ മന്ത്രി കെ.കെ.ശൈലജയുടെ 'ആത്മഗത'ത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവും എംഎൽഎയുമായ ഷാഫി പറമ്പിൽ രംഗത്ത്. നിയമസഭയിൽ വച്ച് 'ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും' എന്ന് കെ.ടി.ജലീലിനെ ഉദ്ദേശിച്ച് ശൈലജ നടത്തിയ പരാമർശത്തിലാണ് ഷാഫിയുടെ പരിഹാസം. ശൈലജ ടീച്ചറിന്റെ സത്യസന്ധതയും കേരള രാഷ്ട്രീയം ചർച്ചയാക്കുകയാണ്.
'മൈക്കിൽ കൂടി വിളിച്ചു പറയാതെ 'ആത്മഗതം' പറ്റുമോ? വിളിച്ചു പറയാതിരുന്നാൽ ഫലം കുറയും' എന്നാണ് 'മീശമാധവൻ' എന്ന സിനിമയിലെ പ്രശസ്തമായ രംഗത്തെ ഓർമിപ്പിച്ച് പരിഹാസപൂർവം ഷാഫി കുറിച്ചത്. ഈ സിനിമാരംഗത്തു നിന്നുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിയമസഭയിൽ ലോകായുക്ത ബിൽ ചർച്ചയ്ക്കിടെയാണ് കൗതുകമുണർത്തി കെ.കെ.ശൈലജ നടത്തിയ ആത്മഗതം പുറത്തേക്ക് എത്തി. ശബ്ദം കൂടി പോയതാണ് ഇതിനെല്ലാം കാരണം.
മലയാളികളെ ഏറെ ചിരിപ്പിച്ച സിനിമയാണ് മീശമാധവൻ. സരസമായ നർമ്മം മികച്ച അഭിനേതാക്കളിലൂടെ പുറത്ത് വന്നപ്പോൾ കാലത്തെ അതിജീവിച്ച സിനിമയായി മീശ മാധവൻ മാറി. സിനിമയിൽ ചെറിയ രംഗങ്ങളിൽ വന്ന അഭിനേതാക്കൾ പോലും ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. ജഗതി ശ്രീകുമാറിന്റെ കൃഷ്ണവിലാസം ഭഗീരഥൻപിള്ള എന്ന കഥാപാത്രം അമ്പലത്തിൽ വെടിവഴിപാട് നടത്താൻ എത്തുന്ന ഒരു രംഗം അത്തരത്തിൽ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച രംഗങ്ങളിലൊന്നാണ്. ദിലീപ് അവതരിപ്പിച്ച മാധവനും അവിടെയുണ്ട്. മൈക്കിൽ കൂടി വിളിച്ച് പറയാതെ വെടിവഴിപാട് നടത്താൻ പറ്റുമോ എന്നാണ് ഭഗീരഥൻപിള്ളയ്ക്ക് അറിയേണ്ടത്. വിളിച്ച് പറയാതെ ഇരുന്നാൽ ഫലം കുറയും എന്ന് ഭഗീരഥൻ പിള്ളയുടെ ചോദ്യത്തിന് മറുപടിയായി മൈക്ക് പോയിന്റിൽ ഇരിക്കുന്ന അന്നൗൺസർ പറയുകയും ചെയ്യുന്നു.
മാത്രമല്ല അമ്പലകമ്മറ്റികാരൻ വാര്യരോട് അത് മൈക്കിൽ കൂടി വിളിച്ച് ചോദിക്കുകയും ചെയ്യുന്നുണ്ട്. പിള്ളേച്ചന് ശത്രുദോഷത്തിനുള്ള വെടിവഴിപാട് മൈക്കിലൂടെ വിളിച്ചുപറയാതിരിക്കാൻ പറ്റുമോന്നാ ചോദിക്കണേ. എന്നാണ് വാര്യരോടുള്ള അന്നൗൺസറുടെ നിഷ്കളങ്കമായ ചോദ്യം. പിള്ളേച്ചനാണോ, വെടിവഴിപാടാകുമ്പോൾ സാധാരണ വിളിച്ച് പറയാറാ പതിവ് എന്ന് വാര്യരും മറുപടി കൊടുക്കുന്നു. വളരെ രസകരമായൊരു രംഗമാണിത്. ഈ രംഗത്തെയാണ് ഷാഫി പറമ്പിൽ ആത്മഗതത്തോട് ഉപമിക്കുന്നത്.
നിയമസഭയിൽ പ്രസംഗത്തിനിടെ കെ.ടി.ജലീലിന് സംസാരിക്കാൻ അവസരം നൽകുന്നതിനായി ഇരിക്കുമ്പോഴാണ് 'ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും' എന്ന് ശൈലജ ശബ്ദം താഴ്ത്തി പറഞ്ഞത്. ആത്മഗതമായിട്ടാണ് ഇതു പറഞ്ഞതെങ്കിലും, മൈക്ക് ശബ്ദം പിടിച്ചെടുത്തതോടെ ഇത് പുറത്തെത്തി. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതിന് പിന്നാലെയാണ് ട്രോളുകളും എത്തിയത്.
ലോകായുക്ത പരാമർശത്തിന്റെ പേരിൽ രാജി വയ്ക്കേണ്ടിവന്ന കെ.ടി.ജലീൽ പ്രസംഗിക്കാൻ എഴുന്നേൽക്കുമ്പോഴായിരുന്നു ശൈലജയുടെ ഈ പരാമർശം മൈക്കിൽ പതിഞ്ഞത്. ഇതോടെ, ജലീൽ നമ്മളെ കുഴപ്പത്തിലാക്കുമെന്നാണ് ശൈലജ പറഞ്ഞതെന്ന തരത്തിൽ പ്രചാരണം വ്യാപകമായി. ഇതോടെ വിശദീകരണവുമായി ശൈലജ രംഗത്തെത്തിയിരുന്നു. തന്ത്രത്തിലുള്ള വിശദീകരണവും നൽകി. എന്നാൽ ട്രോളന്മാർ അത് മുഖവിലയ്ക്കെടുക്കുന്നില്ല.
പരാമർശം ജലീലിന് എതിരല്ലെന്നായിരുന്നു ശൈലജയുടെ നിലപാട്. പ്രസംഗ സമയം നഷ്ടപ്പെടുമല്ലോ എന്നോർത്ത് അടുത്തിരുന്ന സജി ചെറിയാനോട് പറഞ്ഞ ഒരു വാചകം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരിപ്പിക്കപ്പെട്ടെന്നാണ് അവർ വിശദീകരിച്ചത്. ഇതു ഖേദകരമാണെന്ന് ശൈലജ വാദിച്ചെങ്കിലും പ്രതിപക്ഷം അതിൽനിന്നും പിടിവിടുന്നില്ലെന്നാണ് ഷാഫി പറമ്പിലിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്. ചാനൽ ചർച്ചകളിലും ഇത് വാചകങ്ങളായി എത്തി.
മറുനാടന് മലയാളി ബ്യൂറോ