മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ പ്രചണ്ഡമായ പ്രചാരണങ്ങളില്‍ മുസ്ലീം ലീഗിലെ ഒരു വിഭാഗം വീണിട്ടുണ്ടെന്ന വിമര്‍ശവുമായി കെടി ജലീല്‍. അവരാണ് ലീഗിലെ തീവ്രവാദികള്‍. ആ തീവ്ര മതാധിഷ്ഠിത ബോധമുള്ളവരാണ് സിപിഎമ്മിനെ മുസ്ലിം വിരുദ്ധ പാര്‍ട്ടി എന്നു പറയുന്നത്. അവരാണ് പിണറായി വിജയനെ സംഘിയാക്കി ചാപ്പകുത്തുന്നത്. സിപിഎം മുഖപത്രമായ ദേശാഭിമാനി അഭിമുഖത്തിലാണ് വിമര്‍ശനം. മീഡിയവണ്‍, മാധ്യമം എന്നിവയിലൂടെ ജമാഅത്തെ ഇസ്ലാമി നടത്തുന്ന പ്രചാരണം ലീഗിലെ ഒരു വിഭാഗത്തെ സ്വാധീനിക്കുന്നുണ്ടെന്നും ജലീല്‍ വ്യക്തമാക്കി.

ലീഗിന് സ്വന്തമായി ഒരു ചാനല്‍ ഇല്ല. സ്വന്തമായി ചന്ദ്രികയെന്ന പത്രമുണ്ടെങ്കിലും അവരില്‍ വലിയശതമാനം വാങ്ങുന്നത് മാധ്യമമാണ്. മൈന്‍ഡ്സെറ്റ് രൂപപ്പെടുത്തുന്നതില്‍ അത് നല്ല പങ്കുവഹിക്കുന്നുണ്ട്. മീഡിയവണ്ണിലെ ഔട്ട് ഓഫ് ഫോക്കസ് നോക്കൂ. സി ദാവൂദ് നയിക്കുന്ന ഓരോ ചര്‍ച്ചയും മതനിരപേക്ഷതയ്ക്കുമേല്‍ അടിക്കുന്ന ആണിയാണ്. വര്‍ഗീയത ഓരോ മുസ്ലിമിന്റെയും മനസ്സിലേക്ക് അടിച്ചടിച്ച് കയറ്റുകയല്ലേ. ചാനലിന്റെ തലപ്പത്ത് എല്ലാവര്‍ക്കും സ്വീകാര്യരായ ചിലരുണ്ടാകും. ഇപ്പോള്‍ പ്രമോദ് രാമനാണ് ആ മുഖം. എന്നാല്‍ ഇവരെയുപയോഗിച്ച് കുടിലതന്ത്രങ്ങളിലൂടെ ഒരു ജനസമൂഹത്തിന്റെ മനസ്സിലേക്ക് വര്‍ഗീയത അടിച്ചേല്‍പ്പിക്കുകയാണ്.

ജനങ്ങളെ അടിമുടി മതത്തിന്റെയും വിശ്വാസത്തിന്റെയും വൃത്തത്തില്‍ പരിമിതപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളാണ് മതനിരപേക്ഷതയ്ക്ക് വെല്ലുവിളി. കേരളത്തില്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രചാരകരായി മാറിയിട്ടുണ്ട്. കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് വിശ്വാസം ഒരു മറയാണ്. കച്ചവടവല്‍ക്കരിച്ച് നേട്ടമുണ്ടാക്കാനുള്ള പുറംപൂച്ചാണ് അവര്‍ക്ക് വിശ്വാസം. എന്നാല്‍ സാധാരണക്കാര്‍ക്ക് അത്തരം താല്‍പ്പര്യങ്ങളില്ല. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനത്തിന് രണ്ടു ഘട്ടങ്ങളുണ്ട്. ഒന്ന്, മതസംഘടന. മറ്റൊന്ന് സ്വന്തമായി പാര്‍ടി രൂപീകരണം. അതോടെ രാഷ്ട്രീയതാല്‍പ്പര്യമായി അവര്‍ക്ക് മുഖ്യം. മതവിഷയം വിട്ട് രാഷ്ട്രീയവിഷയം കൈകകാര്യം ചെയ്തു.

ഇപ്പോള്‍ അത് അര്‍ധ മതസംഘടനയും മുഴുവന്‍സമയ രാഷ്ട്രീയ സംഘടനയുമാണ്. രാഷ്ട്രീയ പാര്‍ടി രൂപീകരിച്ചത് ഭരണപങ്കാളിത്തം സ്വപ്നം കാണുന്നതിനാലാണ്. അതിന് എല്‍ഡിഎഫിനെ സമീപിച്ചു. ഇത്തരം ആശയമുള്ളവരുമായി ഒരു ബന്ധവും വേണ്ടെന്ന നിലപാടാണ് എല്‍ഡിഎഫിന്. അതിനാല്‍ ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യം തള്ളിക്കളയാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. അപ്പോള്‍ യുഡിഎഫില്‍ ചേര്‍ന്നു. രാഷ്ട്രീയ പാര്‍ടി എന്ന നിലയില്‍ ആള്‍ബലം എത്രയെന്ന് നോക്കേണ്ടതില്ല; എന്നാല്‍ മുസ്ലിം മനസ്സിനെ സ്വാധീനിക്കാന്‍ തങ്ങള്‍ക്ക് കഴിയും എന്നാണ് അവര്‍ യുഡിഎഫിനെ ധരിപ്പിച്ചത്. മാധ്യമം പത്രവും മീഡിയവണ്‍ ചാനലും ഉപയോഗിച്ച് അവര്‍ നടത്തുന്നത് അതാണ്.

ഒരേസമയം ആര്‍എസ്എസിന്റെയും മുസ്ലിം, ക്രിസ്ത്യന്‍ തീവ്രവാദികളുടെയും ശരങ്ങള്‍ ഏറ്റുവാങ്ങുന്നയാളെയാണ് ഇവര്‍ സംഘിയാക്കുന്നത്. പിണറായിയെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് ആര്‍എസ്എസും ബിജെപിക്കാരുമാണ്. അതുകഴിഞ്ഞാല്‍ ജമാഅത്തെ ഇസ്ലാമിക്കാരും മുസ്ലിം തീവ്രവാദികളും ക്രിസ്ത്യന്‍ സമുദായത്തിലെ കാസ എന്നു പറയുന്ന അതിതീവ്ര വര്‍ഗീയ മനോഭാവം വച്ചുപുലര്‍ത്തുന്നവരും. ഗാന്ധിജി ഹിന്ദു അനുകൂലിയോ മുസ്ലിം അനുകൂലിയോ ആയിരുന്നില്ല. ഇന്ത്യന്‍ അനുകൂലി ആയിരുന്നു. പിണറായി വിജയന്‍ പ്രോ മുസ്ലിമോ പ്രോ ഹിന്ദുവോ പ്രോ ക്രിസ്ത്യനോ അല്ല. ആരുടെ ഭാഗത്തു തെറ്റുകണ്ടാലും അദ്ദേഹം വിമര്‍ശിക്കും; അതേത് പ്രമാണിയാണെങ്കിലും. അങ്ങനെയുള്ള ഒരാളെ ഈ കേരളത്തില്‍ ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടുണ്ടോ. ആ ആര്‍ജവമാണ് ഈ മൂന്നു വിഭാഗങ്ങളിലുള്ളവര്‍ക്കും പിണറായിയെ ശത്രുവാക്കുന്നത്. അദ്ദേഹം ശരിയുടെ വഴിയിലാണ്.