തിരുവനന്തപുരം: പൂരം കലക്കല്‍ വിവാദത്തില്‍ പ്രതിപക്ഷം ആര്‍എസ്എസിനെ കുറ്റപ്പെടുത്തുമ്പോള്‍ വിവാദത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്. പൂരം കലക്കിയത് ആര്‍എ്‌സ്എസ് ആണെന്നത് തെറ്റായ പ്രചരണമാണെന്ന് കുമ്മനം വ്യക്തമാക്കി. പൂരംകലക്കിയത് ആര്‍.എസ്.എസ് ആണോയെന്ന് തെളിയിക്കാന്‍ മന്ത്രി കെ.രാജനെയും അദ്ദേഹം വെല്ലുവിളിച്ചു പൂരംകലക്കലില്‍ തൃശൂരുണ്ടായിരുന്ന മൂന്ന് മന്ത്രിമാര്‍ക്കാണ് ഉത്തരവാദിത്തമെന്നും കുമ്മനം കുറ്റപ്പെടുത്തി.

'പൂരം കലക്കിയത് ആര്‍.എസ്.എസാണ് എന്നതിന് എന്ത് തെളിവാണ് കൈവശമുള്ളത്? മൂന്ന് മന്ത്രിമാര്‍ സ്ഥലത്തുണ്ടായിരിക്കെ എന്തുകൊണ്ട് പൂരം കലങ്ങുന്ന അവസ്ഥ ഒഴിവാക്കാനായില്ലെന്ന ചോദ്യത്തില്‍ നിന്നൊഴിഞ്ഞുമാറാന്‍ അവര്‍ക്ക് കഴിയുമോ? മറുപടി പറയാന്‍ ആര്‍.എസ്.എസിന്റെ ആരും നിയമസഭയില്‍ ഇല്ലാതിരിക്കെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഭരണപക്ഷവും ആര്‍.എസ്.എസിനെ നിരന്തരം സഭയിലേക്ക് വലിച്ചിഴക്കുന്നതിന് ഗൂഢലക്ഷ്യങ്ങളാണുള്ളത്' -ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ കുമ്മനം ആരോപിച്ചു.

'ജനങ്ങള്‍ അഭിമുഖീകരിക്കുന്ന സുപ്രധാനജീവല്‍ പ്രശ്നങ്ങളില്‍ നിന്നും പൊതുശ്രദ്ധ തിരിച്ചു വിടുന്നതിനാണ് അപ്രസക്തമായ വിഷയങ്ങളിന്മേല്‍ എല്‍.ഡി.എഫും യു.ഡി.എഫും നിയമസഭയില്‍ പരസ്പരാരോപണങ്ങള്‍ ഉന്നയിക്കുന്നത്. നാടിന്റെ സുരക്ഷയെ ബാധിക്കുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങളെ കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യാന്‍ ഇരുമുന്നണി അംഗങ്ങള്‍ക്കും താല്പര്യമില്ല. മറിച്ച് സഭയില്‍ ഇല്ലാത്ത ആര്‍.എസ്.എസിനെക്കുറിച്ചാണ് ചൂടുപിടിച്ച ചര്‍ച്ച. ദിവസവും ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തി ആര്‍.എസ്.എസിനെ പ്രതികൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്നത് സ്വന്തം തെറ്റുകള്‍ മറച്ചു പിടിക്കാനാണ്. തൃശൂര്‍ പൂരം കലക്കിയത് ആര്‍.എസ്.എസ് ആണെന്ന് സഭയില്‍ പറയുന്ന റവന്യൂ മന്ത്രിയും പ്രതിപക്ഷ നേതാവും തെളിവുകള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ നല്‍കുകയാണ് വേണ്ടത്' -അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പരസ്യമായി ദേശദ്രോഹപ്രവര്‍ത്തനങ്ങളെക്കുറിച്ച് പറഞ്ഞത് നാളിതു വരെ പിന്‍വലിച്ചിട്ടില്ല. ജലീലിനെപ്പോലുള്ള എം.എല്‍.എമാര്‍ സഭക്ക് പുറത്ത് സ്വര്‍ണ്ണക്കടത്തുകാരെക്കുറിച്ച് പറയുന്നു. പക്ഷേ ആ വക വിഷയങ്ങളൊന്നും സഭയില്‍ ഉന്നയിക്കുന്നില്ല. വളരെ ഗൗരവമേറിയ ഈ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടാനാണ് ഇരു മുന്നണികളും ആര്‍.എസ്.എസിന്റെ നെഞ്ചത്തേക്ക് അസ്ത്രങ്ങള്‍ പായിക്കുന്നത്. ഈ ഒത്തുകളി രാഷ്ട്രീയം കേരള ജനത തിരിച്ചറിയുക തന്നെ ചെയ്യും.

ജമ്മു കാശ്മീരില്‍ തരിഗാമി എന്ന സി.പി.എം സ്ഥാനാര്‍ഥിയെ ജയിപ്പിച്ചത് കോണ്‍ഗ്രസുകാരാണ്. ആ വാര്‍ത്ത പുറത്തുവരുന്ന സമയത്ത് കേരള നിയമസഭയില്‍ ബി.ജെ.പി- സി.പി.എം കൂട്ടുകെട്ടിനെപ്പറ്റി പ്രതിപക്ഷ നേതാവ് പറയുന്നതില്‍ എന്ത് സത്യസന്ധതയാണുള്ളത്? സി.പി.എമ്മിനെ ദേശീയ തലത്തില്‍ വളര്‍ത്തി എടുക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് വഞ്ചനാപരമായ നിലപാടാണ് കേരളത്തില്‍ സ്വീകരിച്ചിട്ടുള്ളത് കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പൂരം കലക്കല്‍ വിവാദത്തില്‍ നിയമസഭയിലുയരുന്ന അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളില്‍ ആര്‍എസ്എസ് നിയമ നടപടടിക്ക് ഒരുങ്ങുകയാണ്. പൂരം കലക്കിയതിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് നിയമസഭയ്ക്കുള്ളിലും പുറത്തും മന്ത്രിയും എംഎല്‍എയും അടക്കം ഉത്തരവാദിത്തമുള്ള പദവികളിലിരിക്കുന്നവര്‍ പറയുന്നത് അപലപനീയമാണെന്ന് ആര്‍എസ്എസ് പ്രസ്താവനയില്‍ വ്യക്തമാക്കിയരുന്നു.

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍ ഈശ്വരന്‍ കഴിഞ്ഞ ദിവസം ചോദിച്ചത്. പൂരം സംബന്ധിച്ച വിവാദങ്ങളില്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണ്. മന്ത്രിയും എംഎല്‍എയും പ്രതിപക്ഷ നേതാവുമടക്കമുള്ളവര്‍ സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ നേടാന്‍ പരസ്പരം വിഴുപ്പലക്കുന്നതിനിടയില്‍ ആര്‍എസ്എസിന്റെ പേര് അനാവശ്യമായി ഉപയോഗിക്കുകയാണ് ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ ഗവര്‍ണറെയും സ്പീക്കറെയും കാണുമെന്നും ആര്‍എസ്എസ് പ്രസ്താവനയില്‍ അറിയിച്ചു. ആരോപണങ്ങള്‍ ഉത്സവങ്ങളെ സംഘര്‍ഷത്തിലേക്കും വിവാദത്തിലേക്കും എത്തിക്കുന്ന ആസൂത്രിത പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. ഇഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുമ്മനവും നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരിക്കുന്നത്.