കോഴിക്കോട്: സമസ്തയും ലീഗും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി വിവാദം കൊഴുക്കുന്നതിനിടെ, പ്രതികരണവുമായി പി കെ കുഞ്ഞാലിക്കുട്ടി. സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസിയുടെ പ്രസ്താവന സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. നല്ല അര്‍ത്ഥത്തിലുള്ള പ്രസ്താവനയല്ല ഉമര്‍ഫൈസിയുടേതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ഉമര്‍ ഫൈസിയുടെ പ്രസ്താവനയുടെ ഗൗരവം സമസ്ത ഒട്ടും കുറച്ചു കാണില്ല എന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാവരുത്. ജനവികാരം സമസ്ത കണക്കിലെടുക്കും എന്നാണ് പ്രതീക്ഷ. സി.ഐ.സി വിഷയവുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുശാവറ അംഗങ്ങളുടെ പ്രസ്താവന കൂടുതല്‍ പേര്‍ നിഷേധിക്കുമായിരിക്കും. അതിന്റെ നിജസ്ഥിതി മാധ്യമങ്ങള്‍ പരിശോധിക്കണം. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ആരും അംഗീകരിക്കാന്‍ പോകുന്നില്ല. ലക്ഷക്കണക്കിന് ആളുകളുടെ വികാരമാണ് സമസ്തയുമായി ബന്ധപ്പെട്ട വിഷയമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തെ പിന്തുണച്ച് 10 മുശാവറ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. പാണക്കാട് തങ്ങള്‍ കുടുംബത്തിനെതിരെയും സമസ്തയില്‍ തൃപ്തി പുകയുന്നതായി സൂചനകള്‍ വരികയാണ്. ഉമര്‍ ഫൈസിക്കെതിരെ ലീഗ് നേതാക്കളും പ്രവര്‍ത്തകരും വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തതോടെയാണ് ഒരു വിഭാഗം ആളുകള്‍ ഉമര്‍ഫൈസിയെ പിന്തുണച്ച് രംഗത്തെത്തിയത്.

മതവിധി പറയുന്ന പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളെ വളച്ചൊടിച്ചും തെറ്റായ വിധത്തില്‍ ചിത്രീകരിച്ചും പൊലീസ് നടപടിയിലേക്ക് വലിച്ചിഴക്കുന്ന രീതി ഖേദകരമാണെന്ന് സംയുക്ത പ്രസ്താവനയില്‍ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പ്രവാചക കുടുംബത്തെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രവണത സമീപ കാലത്തായി സമുദായത്തിനകത്ത് വര്‍ധിച്ചു വരുന്നതായും പ്രസ്താവനയില്‍ പറഞ്ഞു. പിഎംഎ സലാമിനെ പോലുള്ളവര്‍ക്ക് എതിരെയാണ് സമസ്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്.

പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഖാസിയാവാന്‍ യോഗ്യതയില്ലെന്നായിരുന്നു ഉമര്‍ ഫൈസി മുക്കത്തിന്റെ പരോക്ഷ വിമര്‍ശനം. ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെയാണ് അദ്ദേഹം ഖാസിയായത്. ഖുര്‍ആനില്‍ നിന്നും ഹദീസില്‍ നിന്നും നിയമങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റിയവരാവണം ഖാസിമാര്‍. ഖിതാബ് ഓതുകയും വേണം. ഇതൊക്കെ ഉണ്ട് എന്ന് അവരും അവകാശപ്പെടുന്നില്ല. വിവരമില്ലാത്ത എന്നെ ഖാസിയാക്കിക്കോളി എന്നാണ് പറയുന്നത്. അങ്ങനെ ഖാസിയാക്കിക്കൊടുക്കാന്‍ കുറെയാളുകള്‍. നമ്മുടെ കൂട്ടത്തിലുള്ള കുറെ ആളുകളും അതിന് കൂട്ടു നില്‍ക്കുന്നു. കുറെയാളുകള്‍ ചേര്‍ന്ന് ഖാസിയെ തീരുമാനിക്കുകയാണ്.

ഇതിനൊക്കെ ഒരു നിയമമില്ലെ. അതിരുവിടുകയാണ്. സമസ്ത സി.ഐ.സി വിഷയത്തില്‍ ഒരു കാര്യം പറഞ്ഞു. അത് കേള്‍ക്കാന്‍ തയാറായില്ല.സമസ്ത പറഞ്ഞാല്‍ കേള്‍ക്കണ്ടെ. പണ്ടൊക്കെ അങ്ങനെയായിരുന്നോ? മഹല്ലുകളില്‍ സമസ്തയെ വെല്ലുവിളിക്കുകയാണ്. സമസ്തയെ വെല്ലുവിളിച്ച് വേറെ പാര്‍ട്ടിയുണ്ടാക്കുകയാണ്. ഖാസി ഫൗണ്ടേഷന്‍ എന്തിനാണ്? ഇതിന്റെ അര്‍ഥമെന്താണ്.

അത്തരം പ്രശ്നങ്ങള്‍ക്ക് അടുത്ത ദിവസം പരിഹാരമുണ്ടാക്കണം. അല്ലെങ്കില്‍ ചിലതൊക്കെ തുറന്നുപറയും. നമ്മുടെ കൈയില്‍ ആയുധങ്ങള്‍ ഉണ്ട്. അത് ഉപയോഗിക്കും എന്ന ഭയം നിങ്ങള്‍ക്ക് നല്ലതാണ്. കരുതിയിരുന്നോണം. ഇതെല്ലാം ഉള്ളതാണ്. ഉള്ളതുമായി സഹകരിച്ച് പോകുന്നത് രാഷ്ട്രീയപാര്‍ട്ടിക്കാര്‍ക്കും നല്ലതാണ് -എടവണ്ണപ്പാറയില്‍ നടന്ന ഗ്രാന്‍ഡ് മൗലിദ് കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ഉമര്‍ഫൈസി മുക്കത്തിന്റെ വിവാദ പ്രസംഗം.