കൊച്ചി : സ്വന്തം പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി ട്വന്റി ട്വന്റി. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ എം.വി.നിതമോളെയാണ് അവിശ്വാസ വോട്ടെടുപ്പിലൂടെ ട്വന്റി 20 പുറത്താക്കിയത്. ഒട്ടേറെ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഈ മാസമാദ്യം പാര്‍ട്ടി നിതമോള്‍ക്കെതിരെ അവിശ്വാസത്തിന് നോട്ടിസ് നല്‍കിയിരുന്നത്. വൈസ് പ്രസിഡന്റ് റോയി ഔസേഫിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളും നിതമോളുമായി ഏറെ നാളായി പ്രശ്‌നമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നടപടി. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നും അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിനു പുറത്താക്കിയതാണെന്നും നിതമോള്‍ പ്രതികരിച്ചു. വരും ദിവസങ്ങളില്‍ പരാതി നല്‍കിയ ശേഷം തെളിവുകള്‍ പുറത്തുവിടുമെന്നും അവര്‍ വ്യക്തമാക്കി. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് ഭരിക്കുന്ന ട്വന്റി 20യിലെ ആഭ്യന്തര കലാപം മുതലെടുക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും സജീവമാണ്. തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കെയാണ് പഞ്ചായത്ത് ഭരണത്തില്‍ പൊട്ടിത്തെറിയുണ്ടായത്

കിറ്റക്‌സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി 20 ഏറെ ആലോചനകള്‍ക്കൊടുവിലാണ് അവിശ്വാസം കൊണ്ടുവന്നത്. ട്വന്റി 20യുടെ മറ്റ് പഞ്ചായത്ത് അംഗങ്ങളെ കേള്‍ക്കുന്നില്ലെന്നും തന്നിഷ്ടത്തോടെയാണ് നിതമോള്‍ പ്രവര്‍ത്തിക്കുന്നതെന്നും സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി രാജിവയ്ക്കാന്‍ സംഘടനാ നേതൃത്വം നിതമോളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വഴങ്ങിയില്ല. ഇതോടെയാണ് അവിശ്വാസം കൊണ്ടു വന്നത്. ഒളിമ്പ്യന്‍ ശ്രീജേഷിന്റെ ജന്മനാടായ ഇവിടെ അദ്ദേഹത്തിന്റെ പേരില്‍ പ്രഖ്യാപിച്ച സ്റ്റേഡിയം പി.വി.ശ്രീനിജന്റെ എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയതും ട്വന്റി 20 നേതൃത്വത്തെ ചൊടിപ്പിച്ചു. ഇതോടെ പ്രസിഡന്റിനെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു ട്വന്റി ട്വന്റി. അവിശ്വാസം പാസായ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെ ഉടന്‍ ട്വന്റി ട്വന്റി തീരുമാനിക്കും.

കോണ്‍ഗ്രസില്‍ നിന്നാണ് കഴിഞ്ഞ തവണ അധികാരം കുന്നത്തുനാട്ടില്‍ പിടിച്ചെടുത്തത്. 18 അംഗങ്ങളുള്ള പഞ്ചായത്തില്‍ പ്രസിഡന്റ് ഉള്‍പ്പെടെ 11 പേരാണ് ട്വന്റി 20ക്ക് ഉണ്ടായിരുന്നത്. കോണ്‍ഗ്രസിനു 3, സിപിഎം, മുസ്‌ലിം ലീഗ് 2 വീതം എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷിനില. അവിശ്വാസ ചര്‍ച്ചയിലും വോട്ടെടുപ്പിലും സിപിഎം പൂര്‍ണമായി വിട്ടു നിന്നു. യുഡിഫ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. സിപിഎം അംഗമായ നിസാര്‍ ഇബ്രാഹിമിനെ അയോഗ്യനാക്കാനുള്ള ശ്രമങ്ങള്‍ വ്യാജരേഖ ചമച്ച് ചട്ടലംഘനങ്ങള്‍ നടത്തി, ക്രിമിനല്‍ ഗൂഢാലോചനകളില്‍ ഏര്‍പ്പെടുകയും കോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ നടത്തുകയും ചെയ്തു, ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്ന് നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തി, ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തി തുടങ്ങിയ ആരോപണങ്ങളാണ് അവിശ്വാസപ്രമേയത്തില്‍ പ്രസിഡന്റിനെതിരെ ഉണ്ടായിരുന്നത്.

കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ അനുസരിച്ചു നിയമപരമായി അയോഗ്യനായ അംഗം നിസാര്‍ ഇബ്രാഹിമിന്റെ അയോഗ്യത ക്രമവല്‍ക്കരിക്കുന്നതിനു വേണ്ടിയും ഇക്കാര്യത്തില്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായും നിയമവിരുദ്ധവുമായും പ്രവര്‍ത്തിച്ച പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരനെ നിയമനടപടികളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയും നിതമോളും ദീപു ദിവാകരനും ചേര്‍ന്ന് ഗൂഡാലോചന നടത്തി തീരുമാനം അട്ടിമറിച്ചു എന്നാണ് ആരോപണങ്ങളില്‍ ഒന്ന്. പ്രസിഡന്റ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍, മണ്ണ് മാഫിയകള്‍, ബ്ലേഡ് മാഫിയകള്‍ എന്നിവരുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തി എന്നതാണ് മറ്റൊരു ആരോപണം.

പഞ്ചായത്തിന്റെ ഔദ്യോഗിക രേഖകളില്‍ വ്യാജ ഒപ്പുകള്‍ ഇട്ടതായി കണ്ടെത്തിയിട്ടും നിയമപരമായ നടപടികള്‍ സ്വീകരിച്ചില്ല എന്നതാണ് മറ്റൊരു ആരോപണം. മുതിര്‍ന്നവര്‍ക്കായി പാലിയേറ്റീവ് സെന്റര്‍ തുടങ്ങാന്‍ നാട്ടുകാരനായ ഡോക്ടര്‍ അപേക്ഷ നല്‍കിട്ടും അനുമതി നല്‍കിയില്ലെന്നും ഇതിന്റെ വിവരങ്ങള്‍ അറിയാനെത്തിയ ഡോക്ടര്‍ക്കെതിരെ പരാതി കൊടുക്കാന്‍ പ്രസിഡന്റ് ഒത്താശ ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നിരുന്നു. പ്രസിഡന്റും വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗവും തമ്മില്‍ പോര് തുടങ്ങിയിട്ട് നാളുകളായി. സെപ്തംബര്‍ 30നാണ് ട്വന്റി 20യിലെ പത്ത് അംഗങ്ങള്‍ ഒപ്പിട്ട് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

ചൊവ്വാഴ്ച രാവിലെ 10.30-നാണ് പ്രമേയം ചര്‍ച്ചയ്ക്കെടുത്തത്. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജ്യോതികുമാര്‍ യോഗം നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് റോയ് ഔസേഫ് പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. ട്വന്റി 20-യിലെ മറ്റംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്, ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി, ഔദ്യോഗിക ചുമതലകളില്‍ വീഴ്ച വരുത്തി, നിയമപരമായി അയോഗ്യനായ സി.പി.എമ്മിലെ നിസാര്‍ ഇബ്രാഹിമിന്റെ അയോഗ്യത ക്രമവത്കരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയുമായി ചേര്‍ന്ന് വ്യാജരേഖ ചമച്ചു തുടങ്ങിയ ആരോപണങ്ങള്‍ അവര്‍ ഉന്നയിച്ചു.

യു.ഡി.എഫ്. അംഗങ്ങള്‍ ട്വന്റി 20-യുടെ ഭരണത്തെ വിമര്‍ശിച്ച് സംസാരിച്ചു. പ്രസിഡന്റ് നിതാമോള്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചു. പാര്‍ട്ടിയുടെ തെറ്റായ നിര്‍ദേശങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തതാണ് തന്നോട് എതിര്‍പ്പിനു കാരണമെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് നടത്തിയ വോട്ടെടുപ്പില്‍ ട്വന്റി 20 പാര്‍ട്ടിയിലെ 10 അംഗങ്ങളും പ്രസിഡന്റിന് എതിരായി വോട്ട് രേഖപ്പെടുത്തി. മറ്റംഗങ്ങള്‍ വോട്ട് രേഖപ്പെടുത്താതെ വിട്ടുനിന്നു. ഒരു മാസത്തിനകം പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പുണ്ടാകും

തട്ടിപ്പ് ചോദ്യംചെയ്തതിന്റെ പകപോക്കല്‍: നിതമോള്‍

ട്വന്റി 20 തനിക്കെതിരെ ഉയര്‍ത്തിയത് വ്യാജ അഴിമതി ആരോപണങ്ങളെന്ന് അവിശ്വാസത്തില്‍ പുറത്തായ കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് എം വി നിതമോള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ട്വന്റി -20 നേതൃത്വം വാട്സാപ്പിലൂടെ അയക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുകമാത്രമാണ് ചെയ്തത്. പഞ്ചായത്തിലെ എല്ലാ കാര്യങ്ങളും വൈസ് പ്രസിഡന്റും അംഗങ്ങളും അറിഞ്ഞുകൊണ്ടാണ് ചെയ്തത്. ഇവരുടെ പല അനധികൃത തീരുമാനങ്ങളും ചോദ്യംചെയ്തിരുന്നു. എന്നാല്‍, പല കാര്യങ്ങളും സമ്മര്‍ദം ഉപയോഗിച്ച് ഇവര്‍ നടപ്പാക്കിയെന്നും നിതമോള്‍ പറഞ്ഞു.

വൈസ് പ്രസിഡന്റ് അനധികൃതമായി ഒട്ടേറെപ്പേരില്‍നിന്ന് പണം പിരിച്ചിട്ടുണ്ട്. മാലിന്യം തള്ളിയെന്നു പറഞ്ഞ് ആളുകളില്‍നിന്ന് പണം വാങ്ങി. കിണര്‍ വൃത്തിയാക്കുന്നതിന്റെ പേരില്‍ പഞ്ചായത്തില്‍നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് പണം കൈപ്പറ്റി. ഇതിനെല്ലാം തെളിവുണ്ട്. ഇതെല്ലാം ചോദ്യംചെയ്തതിലുള്ള പകയാണ് അവിശ്വാസത്തിനുപിന്നില്‍. നാമനിര്‍ദേശപത്രികയില്‍ തന്റെ സ്വത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റിന്റെ അക്കൗണ്ട് പരിശോധിച്ചാല്‍ ആരാണ് അഴിമതിക്കാരനെന്ന് മനസ്സിലാകും.

പള്ളിക്കരയില്‍ സ്വകാര്യ കെട്ടിടം പെര്‍മിറ്റ് ഇല്ലാതെയാണ് നിര്‍മിച്ചത്. അനധികൃതമായി പണിത കെട്ടിടത്തിന് അനുമതി നല്‍കാത്തത് ട്വന്റി- 20 നേതൃത്വത്തിന് വിരോധമുണ്ടാക്കി. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ട്വന്റി 20 നേതൃത്വവും വൈസ് പ്രസിഡന്റും മറ്റംഗങ്ങളും ശ്രമിച്ചുവെന്ന് തെളിഞ്ഞിട്ടുണ്ട്. വരുംദിവസങ്ങളില്‍ ആരോപണങ്ങളില്‍ പരാതി നല്‍കി തെളിവുകള്‍ ഹാജരാക്കും.

പഞ്ചായത്തിലെ 2, 3, 9 വാര്‍ഡുകളില്‍ ഗ്രാമസഭകള്‍ ചേര്‍ന്നിട്ടില്ല. പങ്കാളിത്തം കാണിക്കാന്‍ വ്യാജ ഒപ്പിട്ടാണ് ഗ്രാമസഭ ബുക്ക് സമര്‍പ്പിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്ത ഓവര്‍സിയര്‍, ജെഎച്ച്ഐ, ജെപിഎച്ച്എന്‍ എന്നിവര്‍ സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ വാര്‍ഡിലെ അംഗങ്ങള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയിട്ടുണ്ടെന്നും നിതമോള്‍ പറഞ്ഞു.