- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിഷന്‍ 25 പദ്ധതിക്ക് പ്രതീക്ഷിച്ച വേഗതയില്ല; ക്യാപ്റ്റന്‍ മേജര്‍ തര്‍ക്കത്തിലും വിമര്‍ശനം; നേതാക്കളുടെ പ്രവര്‍ത്തനം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നും കെപിസിസി യോഗത്തില്‍ വിമര്‍ശനം; വസ്ത്രസ്വാതന്ത്ര്യം വ്യക്തിപരമെന്ന് നേതാക്കള്‍
കെപിസിസി യോഗത്തില്‍ വിമര്‍ശനം
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ചേര്‍ന്ന കെ.പി.സി.സി യോഗത്തില്‍ നേതാക്കള്‍ക്ക് രൂക്ഷവിമര്‍ശനം. നേതാക്കളുടെ പ്രവര്‍ത്തനം അണികളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് എന്‍. ശക്തനാണ് യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. ക്യാപ്റ്റന്‍ മേജര്‍ തര്‍ക്കത്തിലും വിമര്‍ശനം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കള്‍ മിതത്വം പാലിക്കണം. ചില നേതാക്കളുടെ ഭാഗത്തുനിന്ന് അതുണ്ടാവുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസിന്റേത് എന്നപേരില്‍ പട്ടിക പ്രചരിക്കുന്നു. അതിനു പിന്നില്‍ ഏത് ശക്തികള്‍ ആണെന്ന് കണ്ടെത്തണമെന്നും ആവശ്യം ഉയര്‍ന്നു. മിഷന്‍ 25 ന് വേഗം പോരെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പിനായി ഒരുക്കിയ മിഷന്‍ 25 പദ്ധതിക്ക് പ്രതീക്ഷിച്ച വേഗതയില്ല.
ഖദര്‍ വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി സംസ്ഥാന അധ്യക്ഷന്‍ സണ്ണി ജോസഫ് രംഗത്തെത്തി. യൂത്തിന് അവരുടേതായ സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. വെള്ളയല്ലാത്ത ഒരു ഡ്രസ്സ് താന്‍ ഒരിക്കല്‍ വാങ്ങി. അന്ന് ആറാം ക്ലാസില്‍ പഠിക്കുന്ന തന്റെ മകള്‍ പറഞ്ഞത് സണ്ണി ജോസഫ് എന്ന സങ്കല്പത്തിന് പോറലേറ്റു എന്നാനെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയുടെ തകര്‍ച്ച ഡോ. ഹാരിസ് ചിറക്കല്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാത്രം അവസ്ഥയല്ല. കേരളത്തിലെ പൊതു അവസ്ഥ. തിരുത്തുന്നതിന് പകരം അദ്ദേഹത്തെ തിരുത്താനും ശാസിച്ചു വരുതിയില്‍ നിര്‍ത്താനുമാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
ആരോഗ്യമന്ത്രി ആദ്യം ഉരുണ്ടു കളിക്കാന്‍ ശ്രമിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ പ്രതികരണവുമായി വന്നത്. മുഖ്യമന്ത്രി എത്ര ശ്രമിച്ചാല്‍ അദ്ദേഹത്തെക്കൊണ്ട് വിഴുങ്ങിക്കാന്‍ സാധിക്കില്ല. ഹാരിസിനെ കൊണ്ട് തിരുത്താമെന്ന് മുഖ്യമന്ത്രി കരുതുന്നുണ്ടെങ്കില്‍ തെറ്റുപറ്റി. താലൂക്ക് ആശുപത്രികള്‍ക്ക് മുന്നില്‍ ധര്‍ണാ സമരം നടത്തും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സമരം നടക്കുക. ഈ മാസം എട്ടിനാണ് സമരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വയനാട് ചൂരല്‍മല പുനരധിവാസത്തിന് കോണ്‍ഗ്രസ് സ്വന്തം നിലയില്‍ വീടുകള്‍ നിര്‍മ്മിക്കും. സ്വന്തം നിലയില്‍ തന്നെ സ്ഥലം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വയനാട് പുനരധിവാസം സംബന്ധിച്ച് വ്യക്തതയുമായി പി സി വിഷ്ണുനാഥ് രംഗത്തെത്തി. 4 കോടി 13 ലക്ഷത്തി പതിനായിരത്തി നാല്‍പ്പത് രൂപ ഇത് വരെ പിരിഞ്ഞ് കിട്ടി. ബാക്കി എ.ഐ.സി.സിയുടെ കൂടി സഹായത്തോടെ വീടുകള്‍ നിര്‍മിക്കുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
വസ്ത്രസ്വാതന്ത്ര്യം വ്യക്തിപരം
യുവതലമുറ നേതാക്കള്‍ ഖദറിനോടു കാണിക്കുന്ന അകല്‍ച്ചയെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ വസ്ത്രസ്വാതന്ത്ര്യത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നു. ഞാന്‍ ധരിക്കുന്നത് ഖദറാണ്. പക്ഷെ യുവാക്കള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, അതില്‍ ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം.
ഖദര്‍ ദേശ സ്‌നേഹത്തിന്റെ പ്രതീകമാണ്.കോണ്‍ഗ്രസുകാര്‍ ഖദര്‍ ധരിക്കുന്നതിനോടാണ് എനിക്ക് ആഭിമുഖ്യം. എന്നാല്‍ കളര്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ആഗ്രഹമുള്ളവര്‍ അത് ധരിക്കുന്നതില്‍ തെറ്റില്ലെന്നും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന് ആരും എതിരല്ലെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടരുന്നവര്‍ ഇന്നും ധരിക്കാനാഗ്രഹിക്കുന്ന വസ്ത്രവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതീകവും ഖാദിവസ്ത്രമാണ്.വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലം മുതല്‍ ഞാന്‍ ധരിക്കുന്നത് ഖദര്‍ വസ്ത്രമാണ്. പക്ഷെ ഏത് വസ്ത്രം ധരിക്കണം എന്നത് ഓരോരുത്തരുടേയും ഇഷ്ടവും അവകാശവും താത്പര്യവുമാണെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷ് എം പിയുടെ പ്രതികരണം.
ഇതൊന്നും പാര്‍ട്ടിയുടെ ഔദ്യോഗിക ചര്‍ച്ചയല്ലെന്ന് പറഞ്ഞ കെ സുധാകരനും ഖദര്‍ വസ്ത്രമേ ധരിക്കാവൂ എന്ന് ആരും നിര്‍ബന്ധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. ഖാദി മനസ്സില്‍ പച്ചവിരിക്കുന്ന വികാരവും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ പ്രതീകവുമാണ്. അത് ഇഷ്ടമുള്ളവര്‍ ധരിക്കട്ടെ ഇല്ലാത്തവര്‍ ധരിക്കാതെ ഇരിക്കട്ടെയെന്നും സുധാകരന്‍ പറഞ്ഞു.
ഖാദി വസ്ത്രത്തെ ബഹുമാനിക്കുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പിടിവാശി കാണിക്കേണ്ടതില്ലെന്നും യുവനേതാക്കളും പറയുന്നു. കോണ്‍ഗ്രസിന്റെ ഐഡന്റിറ്റിയായ ഖദര്‍ ഉപേക്ഷിക്കില്ല, ഖദര്‍ ധരിക്കുന്നതില്‍ തെറ്റുമില്ല അത് ഉപേക്ഷിക്കേണ്ടതും അല്ല പക്ഷെ അത് മാത്രമേ ധരിക്കാവൂ എന്ന നിലപാടിനോട് വിയോജിപ്പാണെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കിയുടെ പ്രതികരണം.
1920ലെ നാഗ്പൂര്‍ കോണ്‍ഗ്രസ് സെഷനില്‍വെച്ചാണ് ഖദര്‍ വസ്ത്രം ധരിക്കണം എന്ന തീരുമാനം എടുക്കുന്നത്. എന്നാല്‍ നൂറ് വര്‍ഷത്തിന് അപ്പുറം അതേ സാഹചര്യമാണ് ഈ രാജ്യത്ത് ഉള്ളത് എന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ സാധിക്കില്ല. കാലാനുസൃതമായ മാറ്റം രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഖദറിനും വേണമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
ഏത് വസ്ത്രം ധരിക്കണം എന്നത് ഓരോ വ്യക്തികളുടേയും താത്പര്യമാണ്. അത് ഖദറാവാം കളറാവാം. നമ്മുടെ ഐഡന്റിറ്റി നമ്മുടെ പൊതുപ്രവര്‍ത്തനത്തിലും നിലപാടുകളിലും ഒക്കെയാണ് അതല്ലാതെ ഇന്ന വസ്ത്രം ധരിച്ചത് കൊണ്ട് ഇന്ന ഐഡന്റിറ്റി എന്ന് പറയുന്നതില്‍ യോജിപ്പില്ലെന്ന് റിജില്‍ മാക്കുറ്റിയും പ്രതികരിച്ചു. ഖദര്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പവിത്രമായ വസ്ത്രമാണ്. പക്ഷെ ഖദര്‍ വാങ്ങി ധരിക്കാനുള്ള ചെലവ് തന്നെ കൂടുതലാണ്. സാധാരണക്കാരായ പ്രവര്‍ത്തകര്‍ക്ക് അത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടം ഖദര്‍ ധരിക്കാനാണെന്നും എന്നാല്‍ എന്നാല്‍ ഖദറേ ധരിക്കാവൂ എന്ന് ആരും പറഞ്ഞിട്ടില്ലെന്നും എംഎല്‍എ ചാണ്ടി ഉമ്മനും പറഞ്ഞു. എംഎല്‍എയായ ശേഷം ഖദര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഉപയോഗിക്കാറ്. എന്നാല്‍ സ്വകാര്യ ചടങ്ങുകളിലോ മറ്റ് വസ്ത്രങ്ങള്‍ അനിവാര്യമാകുന്ന സാഹചര്യങ്ങളിലോ കളര്‍ വസ്ത്രങ്ങളും ഉപയോഗിക്കാറുണ്ട്. പരമാവധി ഖദര്‍ ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഖദര്‍ ധരിക്കുന്നതാണ് നല്ലത് എന്ന അഭിപ്രായത്തില്‍ തെറ്റ് പറയാനാവില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
അടിസ്ഥാനപരമായി വസ്ത്രധാരണം എന്നത് വ്യക്തിയുടെ ചോയ്‌സ് ആണ്. ഓരോരുത്തരും അവരുടെ കംഫര്‍ട്ട് ലെവലിന് അനുസരിച്ചാണ് വസ്ത്രങ്ങള്‍ ധരിക്കുക.അതിന്റെ പുറകില്‍ അനാവശ്യ വൈകാരികതകളോ പ്രത്യയശാസ്ത്ര ശാഠ്യങ്ങളോ കൊണ്ടുവരേണ്ട കാര്യമില്ലെന്ന് വിടി ബല്‍റാം പറഞ്ഞു. ഖദര്‍ വാങ്ങുകയും പരമാവധി ധരിക്കാരും ഉണ്ട്.വെള്ള ഖദറില്‍ നിന്ന് വ്യത്യസ്തമായി നിറമുള്ള ഖദര്‍ വസ്ത്രങ്ങളും ധരിക്കാറുണ്ട്. രാഷ്ട്രീയക്കാര്‍ സമൂഹത്തില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ടവരല്ല. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ധരിക്കുന്ന വസ്ത്രമാണ് രാഷ്ട്രീയക്കാരും ധരിക്കേണ്ടത്. ഖദര്‍ ധരിച്ചതുകൊണ്ട് മാത്രം ഒരു രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നതായി തോന്നുന്നില്ല. അതൊരു വിശാല പ്രതീകാത്മകതയായി കണ്ടാല്‍ മതിയെന്നും വിടി ബല്‍റാം പറഞ്ഞു.