- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിജെയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്തുന്നത് ഒഴിവാക്കാൻ കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചെന്ന ആരോപണത്തെ ചൊല്ലി ലീഗിൽ തീയും പുകയും; കുഞ്ഞാപ്പയെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ലീഗ ജില്ലാ നേതൃത്വം; അഡ്വ ടി പി ഹരീന്ദ്രന് എതിരെ നിയമനടപടിയുമായി പാർട്ടി
കണ്ണൂർ: പി.ജയരാജനെ ചൊല്ലി മുസ്ലിം ലീഗിലും വിവാദം. അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതിയായ പി.ജയരാജനെ രക്ഷിക്കുന്നതിനായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് കേസ് അട്ടിമറിച്ചതായി കണ്ണൂരിലെ പ്രമുഖ അഭിഭാഷകൻ ടി.പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലാണ് മുസ്ലിം ലീഗിൽ തീയും പുകയും പടർത്തിയിരിക്കുന്നത്. മുൻ സി. എംപി നേതാവുകൂടിയായ ടി. പി ഹരീന്ദ്രന്റെ വെളിപ്പെടുത്തലിനെ തുടർന്ന് മുസ്ലിം ലീഗിൽ വിവാദം കത്തുകയാണ്.
ടി പി ഹരീന്ദ്രൻ പറഞ്ഞത്: 'അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചന നടത്തിയതിന് പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്താമെന്ന് പൊലീസിന് അന്നു നിയമോപദേശം നൽകിയിരുന്നു. എന്നാൽ കുഞ്ഞാലിക്കുട്ടി അന്ന് എസ്‌പിയെ വിളിച്ച് കൊലക്കുറ്റം ചുമത്തുന്നത് ഒഴിവാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.കേസന്വേഷണം നടത്തിയ ഡി.വൈ.എസ്‌പി സുകുമാരൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ഏതായാലും, സംഭവത്തിൽ നിയമനടപടിസ്വീകരിച്ചു കൊണ്ടു മുസ്ലിം ലീഗ് പുതിയ പോർമുഖം തുറന്നിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടി എന്നും സി പി എമ്മിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നയാളാണെന്നും ഹരീന്ദ്രൻ സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു. അരിയിൽ ഷുക്കൂർ വധക്കേസിൽ സി.പി. എം നേതാവ് പി.ജയരാജനെ രക്ഷിക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന വെളിപ്പെടുത്തൽ നടത്തിയ അഭിഭാഷകനും അഭിമുഖം പ്രസിദ്ധീകരിച്ച സ്വകാര്യ ചാനലിനുമെതിരെ മുസ്ലിം ലീഗ് പൊലിസിൽ പരാതി നൽകി.
മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ കേരള ലോയേഴ്സ് ഫോറം കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി. എ ഫൈസലാണ് അഡ്വ. ടി.പി ഹരീന്ദ്രൻ, കണ്ണൂർ വിഷൻ ചാനൽ എ എം.ഡി പ്രജീഷ് ആച്ചാണ്ടി, റിപ്പോർട്ടർ മനോജ് മയ്യിൽ എന്നിവർക്കെതിരെ കാസർകോട് എസ്. എച്ച്. ഒയ്ക്ക് പരാതി നൽകിയത്. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇലക്ട്രോണിക്സ് മീഡിയയിലൂടെ കളവും അടിസ്ഥാനരഹിതവുമായ അപവാദ പ്രചാരണങ്ങൾ നടത്തി സാമൂഹിക പദവിയും മതിപ്പും ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
കണ്ണൂരിലെ പ്രമുഖ അഭിഭാഷകന്റെ വെളിപ്പെടുത്തലിനെതിരെ മുസ്ലിം ലീഗ് ജില്ലാനേതൃത്വവും രംഗത്തുവന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരേ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയ അഭിഭാഷകനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ അറിയിച്ചു. ഗുരുതരമായ ആരോപണം ഉന്നയിക്കുക വഴി മുസ്ലിം ലീഗിനെയും അതിന്റെ പ്രമുഖനായ നേതാവിനെയും അപമാനിക്കുന്ന അഭിഭാഷകന്റെ പ്രതികരണത്തിനെതിരേ ശക്തമായ നിയമ നടപടികളുമായി മുസ്ലിം ലീഗ് മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരിം ചേലേരി അറിയിച്ചു. അതോടൊപ്പം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഗൂഢശക്തികളെ പൊതുസമൂഹത്തിന് മുന്നിൽ പുറത്തുകൊണ്ടുവരേണ്ടതുമുണ്ട്.
കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി പി കെ കുഞ്ഞാലിക്കുട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാൻ തൽപ്പരകക്ഷികൾ ശ്രമിക്കുന്നത് അറിയാത്തവരല്ല, കേരളീയർ. വർഷങ്ങൾക്കു മുമ്പ് രാഷ്ട്രീയ എതിരാളികൾ തുടങ്ങിവച്ച വേട്ടയാടലുകൾ ഇപ്പോഴും തുടരുന്നുവെന്ന് മാത്രമേ ഇതിൽ മുസ്ലിം ലീഗ് പ്രവർത്തകർ മനസ്സിലാക്കുന്നുള്ളൂ- എന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. 2012 ഫെബ്രുവരി 20 നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്റെ കാർ തടഞ്ഞെന്ന വ്യാജ ആരോപണം ഉന്നയിച്ച് എംഎസ്എഫ് നേതാവായ അരിയിൽ അബ്ദുൽ ഷുക്കൂറിനെ സിപിഎം കിങ്കരന്മാർ അറുകൊല ചെയ്തത്.
അന്നുമുതൽ ഇന്നുവരെ ഷുക്കൂറിന്റെ കൊലപാതകികൾക്ക് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുള്ള നിയമപോരാട്ടത്തിലാണ് മുസ്ലിം ലീഗ്. കുഞ്ഞാലിക്കുട്ടിയുടെ കൃത്യമായ മാർഗനിർദ്ദേശങ്ങൾക്കും സഹായസഹകരണങ്ങൾക്കും അനുസരിച്ച് ഒട്ടേറെ നിയമപോരാട്ടങ്ങളാണ് ഇക്കാര്യത്തിൽ ഷുക്കൂറിന്റെ കുടുംബവും മുസ്ലിം ലീഗും നടത്തിവരുന്നത്. വസ്തുതാപരമായ ഒരു പിൻബലമോ ഒരു തെളിവോ ഇല്ലാതെ വാർത്താ ചാനലിനു മുന്നിൽ കവാത്ത് മറക്കുന്ന വക്കീലായി ഇയാൾ മാറിയത് എന്തുകൊണ്ടാണെന്ന് കേരളത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും മുസ്ലിം ലീഗ് പ്രവർത്തകർക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി ജയരാജനെതിരായ ഗുരുതര വകുപ്പുകൾ ഒഴിവാക്കാൻ പി കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്നായിരുന്നു കണ്ണൂരിലെ അഭിഭാഷകനായ ടി പി ഹരീന്ദ്രന്റെ വെളിപ്പെടുത്തൽ. അന്നത്തെ ജില്ലാ പൊലീസ് മേധാവിയെ വിളിച്ച് ഇക്കാര്യം നിർദ്ദേശിച്ചുവെന്നും ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥൻ തന്നോട് വെളിപ്പെടുത്തിയെന്നുമാണ് അഭിഭാഷകൻ പറഞ്ഞത്. അതേസമയം, പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഷുക്കൂറിന്റെ സഹോദരനും രംഗത്തുവന്നിട്ടുണ്ട്. മുഷ്ടിചുരുട്ടി പ്രതിഷേധിക്കുന്നതു പോലെ മൗനവും ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്നായിരുന്നു ഷുക്കൂറിന്റെ സഹോദരൻ ദാവൂദ് അരിയിൽഫേസ്‌ബുക്ക് പോസ്റ്റ്. ചന്ദ്രിക കണ്ണൂർ യൂനിറ്റിലെ ജീവനക്കാരനാണ് ദാവൂദ്.




