കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ആരോപണ വിധേയനായ ലഹര്‍ സിങ്. ഏഴു വര്‍ഷത്തോളമായി താന്‍ കേരളത്തില്‍ വന്നിട്ടെന്നും അദ്ദേഹം പ്രതികരിച്ചു. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച റിപ്പോര്‍ട്ടില്‍ കര്‍ണാടകയിലെ ബി.ജെ.പി. നേതാവായ ലഹര്‍ സിങ്ങിന്റെ പേര് പരാമര്‍ശിക്കുന്നുണ്ടായിരുന്നു. ലഹര്‍ സിങ് വഴിയാണ് കുഴല്‍പ്പണം എത്തിയത് എന്നാണ് ലഭിക്കുന്ന സൂചനയെന്നും റിപ്പോര്‍ട്ടിലുണ്ട്. നിലവില്‍ രാജ്യസഭാ എം.പിയാണ് ലഹര്‍ സിങ്.

കേരള പോലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും ലഹര്‍ സിങ് പറഞ്ഞു. സംസ്ഥാന നേതാക്കളുമായി തനിക്ക് മുന്‍പരിചയം ഇല്ല. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ നേരിട്ട് അറിയില്ല. വി. മുരളീധരനെ മാത്രമാണ് അറിയുന്നത്. അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്ന സമയത്തെ ബന്ധമാണ്. അതിന് അപ്പുറത്തേക്ക് സംസ്ഥാന നേതാക്കളെ തനിക്ക് അറിയില്ല. ഇത്തരമൊരു ഇടപാടിന്റെ ഭാഗമായിട്ടില്ല. തന്റെ അനുവാദം കൂടാതെ വാര്‍ത്തകളില്‍ പേര് ഉപയോഗിക്കുന്ന പക്ഷം അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിലേക്ക് അനധികൃതമായി പണം കടത്തിയതില്‍ കര്‍ണാടകയിലെ അന്നത്തെ സിറ്റിങ് എം.എല്‍.സിയായ ലഹര്‍ സിങ്ങിന് പങ്കുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. ലഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ടിലുണ്ട്. 2021-ലെ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്ക് കേരളത്തില്‍ ചെലവഴിക്കാനുള്ളതാണ് പണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബി.ജെ.പിയുടെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ലഹര്‍ സിങ്.

കേരളത്തില്‍ എത്തിച്ച ഹവാലപ്പണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട് കേരളാ പൊലീസിന്റെ പ്രത്യേക അന്വേഷ സംഘത്തിന്റെ തലവനായിരുന്ന എസിപി വി.കെ.രാജു 2021 ജൂലൈ രണ്ടിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി)ക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് കര്‍ണാടക എംഎല്‍സിയായിരുന്ന ലെഹര്‍ സിങ്ങിനെക്കുറിച്ചു പരാമര്‍ശിച്ചിരിക്കുന്നത്.

പണം കടത്തിയതില്‍ ലെഹര്‍ സിങ്ങിന് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ലെഹര്‍ സിങ്ങിന്റെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന, ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ലെഹര്‍ സിങ്ങിനുള്ളത്. 2010 മുതല്‍ 2022 വരെ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായിരുന്നു ലെഹര്‍ സിങ്.

കര്‍ണാടകയില്‍നിന്ന് നേരിട്ട് 14.40 കോടി രൂപയാണ് എത്തിച്ചതെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഹവാല റൂട്ട് വഴി 27 കോടി ഉള്‍പ്പെടെ 41.40 കോടിയാണ് കേരളത്തില്‍ എത്തിച്ചത്. രണ്ടു സംഭവങ്ങളിലായി കൊടകരയില്‍ 3.50 കോടിയും സേലത്ത് 4.40 കോടിയും കവര്‍ച്ച ചെയ്യപ്പെട്ടു. 33.50 കോടി രൂപയാണ് കേരളത്തില്‍ വിവിധയിടത്ത് വിതരണം ചെയ്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു. ഇതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.