കോഴഞ്ചേരി: കെഎസ്‌യു പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പ്രാതിനിധ്യം കുറഞ്ഞതിനെ ചൊല്ലി ആരോപണം കടുക്കുന്നു. കെഎസ്‌യുക്കാരുടെ സമ്മേളനത്തിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം കുറവായിരുന്നുവെന്നും കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾ ഇല്ലാതിരുന്നെങ്കിൽ സമ്മേളനത്തിന്റെ അവസ്ഥ പരമദയനീയമാകുമായിരുന്നുവെന്നുമാണ് ആക്ഷേപം.

ഓഗസ്റ്റ് അവസാന വാരം നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനം പ്രതികൂല കാാലവസ്ഥ കാരണം സെപ്റ്റംബർ 2,3,4 തീയതികളിലേക്ക് മാറ്റുകയായിരുന്നു. കെപിസിസി മുൻ സെക്രട്ടറി അനീഷ് വരിക്കണ്ണാമല ആയിരുന്നു സ്വാഗത സംഘം ചെയർമാൻ. സമ്മേളനം നടത്താൻ കണ്ടെത്തിയ സമയം തീർത്തും അനുകൂലമല്ലായിരുന്നുവെന്നാണ് പറയുന്നത്. ജില്ലയിലെ ഒരു കാമ്പസിൽ പോലും തെരഞ്ഞെടുപ്പൽ ജയിക്കാൻ കെഎസ്‌യുവിന് കഴിഞ്ഞിരുന്നില്ല. മാത്രവുമല്ല, സാധാരണ കാമ്പസ് ഇലക്ഷന് മുൻപാണ് ജില്ലാ സമ്മേളനം നടത്തുന്നത്. ഇവിടെയാകട്ടെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനും തോറ്റമ്പിയതിനും ശേഷമാണ് ജില്ലാ സമ്മേളനം നടന്നിരിക്കുന്നത്. ഉടൻ തന്നെ നടക്കാൻ പോകുന്ന യൂത്ത് കോൺഗ്രസ് പുനഃസംഘടനയിൽ മെച്ചപ്പെട്ട സ്ഥാനം നോക്കി വച്ചിരിക്കുന്ന കെഎസ്‌യു നേതാക്കൾക്ക് വേണ്ടിയാണ് ഇപ്പോൾ സമ്മേളനം നടത്തിയത് എന്ന ആരോപണവും ഒരു വിഭാഗം ഉന്നയിക്കുന്നു.

രണ്ടായിരം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. 200 പേർ പോലുമെത്തിയില്ല. ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പങ്കെടുത്ത പൊതുസമ്മേളനത്തിൽ ആയിരം പേർ പങ്കെടുത്തുവെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. പക്ഷേ, ഇതു വെറും തള്ളാണെന്നും പറയപ്പെടുന്നു. സമ്മേളനത്തിന് മുന്നോടിയായി മുൻ നേതാക്കളുടെ ഛായാചിത്രവും വഹിച്ചു കൊണ്ടുള്ള ഘോഷയാത്രയിൽ പിടി തോമസിനെ അപമാനിച്ചുവെന്ന് ഒരു വിഭാഗം പറയുന്നു. ഒരു ഏയ്സ് വാഹനത്തിന് മുകളിൽ പിടിയുടെ വളരെ ചെറിയ ഒരു ഫോട്ടോ കെട്ടിത്തൂക്കിയിട്ട് മൂന്നോ നാലോ പേരാണത്രേ ജാഥ നടത്തിയത്. ജില്ലാ വൈസ് പ്രസിഡന്റ് ആഘോഷ് വി. സുരേഷ് നയിക്കുന്ന ജാഥ മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജാണ് ഫ്ളാഗ് ഓഫ് ചെയ്തത്. ജാഥ നടത്തി പിടിയെ അധിക്ഷേപിച്ചുവെന്നുള്ള ആക്ഷേപം ഗ്രൂപ്പുകളിൽ സജീവ ചർച്ചയായി.

കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് ഇടപെട്ട് ഒരു വൻവ്യവസായ ഗ്രൂപ്പിൽ നിന്ന് വാങ്ങിക്കൊടുത്ത പണം നേതാക്കളുടെ കടം വീട്ടാൻ ഉപയോഗിച്ചുവെന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട്. പരിപാടി സംഘടിപ്പിച്ചവരിൽ ചിലർ വൻ കടക്കെണിയിൽ ആണെന്നും ഇതു വീട്ടാൻ ഫണ്ട് പിരിവ് വഴി ലഭിച്ച തുക ഉപയോഗിച്ചുവെന്നുമുള്ള ആക്ഷേപമാണ് മുറുകുന്നത്. കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവിന്റെ ഇടപെടൽ കാരണം പാർട്ടിയുടെ പരിപാടികളെല്ലാം ജില്ലയിൽ പൊളിയുകയാണ് എന്ന ആക്ഷേപം ശരി വയ്ക്കുന്ന തരത്തിലാണ് കെഎസ്‌യു ജില്ലാ സമ്മേളനവും പൊളിഞ്ഞിരിക്കുന്നത്.