- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശ്രേയംസ് കുമാർ ദേശീയ സെക്രട്ടറിയാകും; മാത്യു ടി തോമസ് സംസ്ഥാന അധ്യക്ഷനായി തുടരും; സിപിഎം ആഗ്രഹിച്ചതു പോലെ എൽജെഡിയും ജെഡിഎസും ലയിക്കുന്നു; ഇനി നിയമസഭയിൽ മൂന്നംഗ പാർട്ടിയായി സോഷ്യലിസ്റ്റ് പ്രസ്ഥാനം; ഏഴു ജില്ലാ പ്രസിഡന്റുമാർ ഇരുപക്ഷത്തിനും; ഭാരവാഹികളും തുല്യമായി വീതിക്കും; 13 വർഷത്തിന് മുമ്പ് പിരിഞ്ഞവർ ഒരുമിക്കുമ്പോൾ
കൊച്ചി: എൽജെഡി- ജെഡിഎസ് ലയനം യാഥാർത്ഥ്യത്തിലേക്ക്. എൽജെഡിയുമായുള്ള ലയനത്തിന് ജെഡിഎസ് സംസ്ഥാന സമിതി അംഗീകാരം കൊടുത്തു. സിപിഎം നിർദ്ദേശ പ്രകാരമാണ് തീരുമാനം. ജെഡിഎസിന് രണ്ട് എംഎൽഎയുണ്ട്. എൽജെഡിക്ക് കെപി മോഹനനും. ലയനത്തോടെ നിയമസഭയിൽ മൂന്ന് അംഗങ്ങളുള്ള പാർട്ടിയായി ജെഡിഎസ് മാറും. ജെഡിഎസ് സംസ്ഥാന അധ്യക്ഷനായി മാത്യു ടി തോമസ് തുടരും. എൽജെഡി അധ്യക്ഷൻ ശ്രേയംസ് കുമാർ ജെഡിഎസിന്റെ ദേശീയ സെക്രട്ടറിയാകും.
സംസ്ഥാന ഭാരവാഹിത്വം ഇരു പാർട്ടികളും തുല്യമായി വീതിച്ചെടുക്കും. രണ്ടു പേർക്ക് ഏഴു വീതം ജില്ലാ പ്രസിഡന്റുമാരേയും കിട്ടും. ലയനത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രസിഡന്റ് മാത്യൂ ടി തോമസ് അറിയിച്ചു. ലയന ചർച്ചകൾക്കായി ജെഡിഎസ് മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്, മന്ത്രി കെ. കൃഷ്ണൻ കുട്ടി, എ. നീലലോഹിതദാസൻ നാടാർ എന്നിവരായിരുന്നു അംഗങ്ങൾ. എൽജെഡി ഏഴംഗ സമിതിയെ ആണ് ലയന ചർച്ചകൾക്കായി ചുമതലപ്പെടുത്തിയത്. ഈ ചർച്ചകളിലാണ് ധാരണയുണ്ടായത്.
ജെഡിഎസിനെ കൂടാതെ ആർജെഡി എന്ന ഒപ്ഷനും കൂടിയുണ്ടായിരുന്നു എൽജെഡിക്ക് മുന്നിൽ. എന്നാൽ ജെഡിഎസുമായി ലയിക്കാനാണ് എൽജെഡിയിലെ ഭൂരിഭാഗം നേതാക്കൾക്കും പ്രവർത്തകർക്കും താൽപ്പര്യം. അതാണ് നടക്കാൻ പോകുന്നതും. എൽജെഡി ജെഡിഎസ് ലയന ചർച്ച രണ്ട് വർഷം മുമ്പ് പലതവണ നടത്തിയെങ്കിലും പദവികൾ വീതം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ പെട്ട് നിലയ്ക്കുകയായിരുന്നു.
ശരത് യാദവ് അടക്കമുള്ളവർ എൽജെഡി വിട്ട് ആർജെഡിയിൽ ചേർന്നതോടെയാണ് എ.വി. ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ഘടകം ലയന ചർച്ച സജീവമാക്കിയത്. സിപിഎമ്മും രണ്ടു പാർട്ടികളും ലയിക്കണമെന്ന ആവശ്യം ഉന്നയിച്ചു. പുതിയ തീരുമാനത്തോടെ കേരളത്തിലെ രണ്ട് പ്രബല സോഷ്യലിസ്റ്റ് ഗ്രൂപ്പുകൾ ഒരുമിക്കുകയാണ്. സിപിഎമ്മുമായി പിളർന്ന് കോൺഗ്രസിനൊപ്പം ചേരാൻ വീരേന്ദ്ര കുമാർ തീരുമാനിച്ചതോടെയാണ് കേരളത്തിലെ സോഷ്യലിസ്റ്റുകൾ രണ്ടു ചേരിയായത്. പിന്നീട് ഇടതുപക്ഷത്തേക്ക് ശ്രേയാംസ് കുമാറും കൂട്ടരും തിരിച്ചെത്തി. ഇതോടെ രണ്ടു പേരും ലയിക്കുന്നതാണ് നല്ലതെന്ന നിലപാട് സിപിഎം എടുക്കുകയായിരുന്നു.
സിപിഎം മനസ്സ് കൂടി അംഗീകരിച്ചാണ് ഇരു പാർട്ടികളും ചേർന്ന് ജെഡിഎസ്. എന്ന ഒറ്റ പാർട്ടിയായി മാറുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് ലയന തീരുമാനമെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രേയാംസ് കുമാർ നേരത്തെ പറഞ്ഞിരുന്നു. 'ഇനി എൽജെഡി ഇല്ല. ജെഡിഎസായി തുടരും. പാർട്ടി ഒന്നാവുമ്പോൾ ഭാവികാര്യങ്ങൾ ആ പാർട്ടിയാണ് തീരുമാനിക്കുക. വർഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്ചയില്ല. പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ട്. ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കുമെന്നും എം വി ശ്രേയാംസ് കുമാർ വിശദീകരിച്ചിരുന്നു.
ലയനത്തിന് അനുകൂലമായ തീരുമാനം ജെഡിഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലയന സമ്മേളനം ഒരു മാസത്തിനകം ഉണ്ടാവും. മാത്യു ടി തോമസ് സംസ്ഥാന അധ്യക്ഷനായി തുടരും. സ്ഥാനമാനങ്ങൾ ലയനത്തിന് തടസമല്ലെന്ന് എം വി ശ്രേയാംസ് കുമാർ പറഞ്ഞു. ലയനം ജെഡിഎസുമായോ അതോ ആർജെഡിയുമായോ എന്നായിരുന്നു മുന്നിലുണ്ടായിരുന്ന പ്രധാന ചോദ്യം. ഇക്കാര്യത്തിൽ എൽജെഡിയിൽ ഭിന്നാഭിപ്രായമുണ്ടായിരുന്നു. ജെഡിഎസ് കർണാടകയിൽ ബിജെപിക്കൊപ്പം ചേർന്നേക്കുമെന്നായിരുന്നു എതിർപ്പ് ഉയർത്തിയവരുടെ വാദം. എന്നാൽ കേരളത്തിൽ ആർജെഡിക്ക് കാര്യമായ സംഘടനാസംവിധാനമില്ലെന്നും ലയനം കൊണ്ട് ഗുണമുണ്ടാവില്ലെന്നും മറുപക്ഷം നിലപാടെടുത്തു. എതിർപ്പുയർത്തിയവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയെന്ന് എം വി ശ്രേയാംസ് കുമാർ ജെഡിഎസിനോട് അടുക്കുകയായിരുന്നു.
13 വർഷത്തിന് ശേഷമാണ് ഇരുപാർട്ടികളും ഒന്നിക്കുന്നത്. ലയനത്തിനു മുന്നോടിയായി എൽ ജെ ഡി നേതാക്കൾ എൽ ഡി എഫ് നേതൃത്വവുമായി ചർച്ചനടത്തിയിരുന്നു. ജെ.ഡി.എസിൽ ലയിക്കുന്നതാവും നല്ലതെന്ന നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയനും മുന്നോട്ടുവെച്ചു. എം വി. ശ്രേയാംസ്കുമാർ, ഡോ. വർഗീസ് ജോർജ്, കെ പി. മോഹനൻ എം എൽ എ, ചാരുപാറ രവി, വി. കുഞ്ഞാലി, എം കെ. ഭാസ്കരൻ, സണ്ണി തോമസ് എന്നിവരടങ്ങുന്ന ഏഴംഗ ഉപ സമിതിയാണ് ലയനകാര്യത്തിൽ എൽ ജെ ഡിക്കായി രൂപരേഖയുണ്ടാക്കിയത്.




