അടൂര്‍: ഏഴംകുളം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക സൂക്ഷ്മ പരിശോധനയില്‍ തള്ളി. മൂന്നാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ ഷിനു വിജിയുടെ പത്രികയാണ് വരണാധികാരിയായ താലൂക്ക് സര്‍വേ സൂപ്രണ്ട് തള്ളിയത്. നാമനിര്‍ദേശികപത്രികയില്‍ ഷിനുവിനെ നാമനിര്‍ദേശം ചെയ്തയാളും പിന്താങ്ങിയ ആളും പരസ്പരം മാറി ഒപ്പിട്ടതാണ് തള്ളാന്‍ കാരണം.

ഒപ്പിട്ടപ്പോഴുള്ള അശ്രദ്ധ മൂലമാണ് ഇങ്ങനെ സംഭവിച്ചത് എന്ന് സ്ഥാനാര്‍ഥിയും ഒപ്പമുള്ളവരും വാദിച്ചു. എന്നാല്‍ ഈ പിഴവ് എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുകയും പത്രിക തള്ളണമെന്ന് വാദിക്കുകയും ചെയ്തതോടെ വരണാധികാരി പത്രിക തള്ളിയതായി പ്രഖ്യാപിച്ചു. 12 മണിക്ക് മുന്‍പ് പത്രിക തള്ളിയ ഉത്തരവ് വൈകീട്ട് 5 .30 വരെ കാത്തു നിന്നിട്ടും നല്‍കിയില്ലയെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഉച്ചയ്ക്ക് മുന്‍പ് ഉത്തരവ് ലഭിച്ചിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

സംഭവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. എല്‍ഡിഎഫ്,യുഡിഎഫ്, എന്‍ഡിഎ എന്നീ മുന്നണികളുടെ മൂന്ന് നാമനിര്‍ദ്ദേശ പത്രികയാണ് ലഭിച്ചത്.