മൂന്നാര്‍: എം എം മണിയുടെ വണ്‍ ടു ത്രീ പ്രസംഗം സൃഷ്ടിച്ച കോലാഹലമൊന്നും ആരും മറന്നിട്ടില്ല. മറന്നത് മണിയാശാന്‍ മാത്രം. ആദ്യ വിവാദ പ്രസംഗം തൊടുപുഴ മണക്കാട്ട് ആയിരുന്നെങ്കില്‍, ഇക്കുറി അത് ശാന്തന്‍പാറയിലാണെന്ന് മാത്രം.

ആരെങ്കിലും അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നുമാണ് പ്രസംഗത്തിന്റെ ഉള്ളടക്കം. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. അടികൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തന്‍പാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എം.മണി പറഞ്ഞു.

'' അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കില്‍ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ തല്ലു കൊണ്ട് ആരോഗ്യംപോകും.

അടിച്ചാല്‍ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കള്‍ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാല്‍ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാര്‍ഗം സ്വീകരിക്കണം. അല്ലെങ്കില്‍ പ്രസ്ഥാനം ദുര്‍ബലപ്പെടും.''എം.എം.മണി പറഞ്ഞു.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴാണ് 2012 മേയ് 25നു തൊടുപുഴ മണക്കാട്ടെ വിവാദ പ്രസംഗം. ''പട്ടിക തയാറാക്കി രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തിയും കൈകാര്യം ചെയ്തും സിപിഎമ്മിനു ശീലമുണ്ട്. കൊല്ലേണ്ടവരെ കൊന്നിട്ടുണ്ട്. ശാന്തന്‍പാറയില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയാറാക്കിയാണു കൈകാര്യം ചെയ്തത്. 13 പേരുടെ പട്ടിക തയാറാക്കി. ആദ്യത്തെ 3 പേരെ കൊന്നു. ഒന്നാമനെ വെടിവച്ചുകൊന്നു. രണ്ടാമത്തവനെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു. പീരുമേട്ടില്‍ ഒരാളെയും കൊന്നു. വണ്‍, ടൂ, ത്രീ, ഫോര്‍... ' പ്രസംഗത്തെത്തുടര്‍ന്നു മണിക്കെതിരെ 4 കേസുകള്‍ വന്നു. 46 ദിവസം ജയിലിലുമായി.

കേസെടുക്കാന്‍ കഴിയില്ലെങ്കില്‍ പൊലീസുകാര്‍ കാക്കിക്കുപ്പായം ഊരിവച്ച് ബാര്‍ബര്‍ ഷോപ്പ് തുടങ്ങണമെന്ന മണിയുടെ പ്രസംഗത്തിനെതിരെ 2014 ഒക്ടോബറില്‍ ബാര്‍ബര്‍മാരുടെ സംഘടന രംഗത്തുവന്നിരുന്നു. മണിയുടെ മുടിയും താടിയും വെട്ടില്ലെന്നു സംഘടന തീരുമാനമെടുത്തു. ഖേദം പ്രകടിപ്പിച്ചാണ് അന്ന് അദ്ദേഹം തലയൂരിയത്.

പെമ്പിളൈ ഒരുമൈ സമരത്തില്‍ പങ്കെടുത്ത തോട്ടം തൊഴിലാളി സ്ത്രീകളെ അവഹേളിച്ച് 2017 ഏപ്രിലില്‍ മന്ത്രിയായിരിക്കെ നടത്തിയ പ്രസംഗത്തെത്തുടര്‍ന്നു മൂന്നാറില്‍ സംഘര്‍ഷവും സംസ്ഥാനമൊട്ടാകെ പ്രതിഷേധവും ഉയര്‍ന്നു. ഈ പരാമര്‍ശത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ക്വട്ടേഷന്‍പ്രകാരം നടിയെ പീഡിപ്പിച്ച കേസിനെ 'നാണംകെട്ട കേസ്' എന്നു മണി വിശേഷിപ്പിച്ചത് ഇക്കഴിഞ്ഞ മേയിലാണ്. ''ദിലീപ് നല്ല നടനായി ഉയര്‍ന്നുവന്നയാളാണ്. അങ്ങേര് ഇതിനകത്തെല്ലാം ചെന്നുപെട്ടത് എങ്ങനെയാണെന്ന് അറിയില്ല'' എന്നും പറഞ്ഞു.

ഇടുക്കി പൈനാവ് പോളിടെക്‌നിക്കിലെ വനിതാ പ്രിന്‍സിപ്പലിനെ വ്യക്തിപരമായി അധിക്ഷേപിച്ചു പ്രസംഗിച്ചെന്ന് ആരോപണമുയര്‍ന്നത് 2016 ഫെബ്രുവരിയിലാണ്. അന്നത്തെ ഇടുക്കി എസ്‌ഐ കെ.വി.ഗോപിനാഥനെ ഇതേ വേദിയില്‍ പരസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്തു. മണിയുള്‍പ്പെടെ 304 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ അന്ന് ഇടുക്കി പൊലീസ് കേസെടുത്തു.

സംസ്ഥാനത്തെ ഏറ്റവും വൃത്തികെട്ട ആഭ്യന്തര മന്ത്രിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്നും 2 ലക്ഷം പേരെ കസ്റ്റഡിയിലെടുത്തു പീഡിപ്പിച്ചെന്നും നിയമസഭയില്‍ എം.എം.മണി ആരോപിച്ചിട്ടുണ്ട്. ടി.പി.വധക്കേസ് അന്വേഷിക്കുന്ന കാലത്ത് തിരുവഞ്ചൂര്‍ ആയിരുന്നു ആഭ്യന്തരമന്ത്രി. ഇതു സംബന്ധിച്ചായിരുന്നു മണിയുടെ പരാമര്‍ശം. നിയമസഭയില്‍ കെ കെ രമയെയും എം എം മണി ആക്ഷേപിച്ച് പ്രസംഗിച്ചിട്ടുണ്ട്.