- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി എം ശ്രീ പദ്ധതി മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്യാത്തത് വീഴ്ച; ഇതാണ് പദ്ധതി പുന: പരിശോധിക്കാന്‍ കാരണം; തെറ്റുസമ്മതിച്ച് എം വി ഗോവിന്ദന്‍; അതിദരിദ്രരെ കണ്ടെത്താന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി
പി എം ശ്രീ പദ്ധതിയില്‍ മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്യാത്തത് വീഴ്ച
തിരുവനന്തപുരം: 'പി.എം. ശ്രീ' (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും ഇടതുമുന്നണിയിലും ചര്‍ച്ച ചെയ്യാത്തത് വീഴ്ചയായി സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സമ്മതിച്ചു. ഇതാണ് പദ്ധതി പുനഃപരിശോധിക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാലം മുതല്‍ നടത്തിവരുന്ന ഫലപ്രദമായ ഇടപെടലിലൂടെയാണ് കേരളം അതിദാരിദ്ര്യ മുക്തമായ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതെന്നും, ഇത് ലോകത്തിനു മുന്നില്‍ പുതിയ ചരിത്രം സൃഷ്ടിച്ച നേട്ടമാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
അട്ടിമറിയിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ആരോപിച്ചതിനെയും എം.വി. ഗോവിന്ദന്‍ ശക്തമായി വിമര്‍ശിച്ചു. നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെയാണ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചതെന്നും, ഇത് ഇന്നലെ സംഭവിച്ച ഒന്നാണെന്ന് പ്രതിപക്ഷം കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകശ്രദ്ധ നേടിയ ഈ നേട്ടം സഹിക്കാനാവാതെയാണ് പ്രതിപക്ഷത്തിന്റെ ഇത്തരം പരാമര്‍ശങ്ങളെന്നും, പ്രതിപക്ഷ നേതാവ് കാലത്തെയാണ് വിഡ്ഢിയാക്കുന്നതെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
അതിദാരിദ്ര്യ പട്ടികയില്‍ അവശേഷിച്ച ഒരാളെ എറണാകുളത്ത് കണ്ടെത്തി പ്രശ്‌നം പരിഹരിച്ചത് മന്ത്രിസഭാ യോഗമാണെന്നും, എറണാകുളം ജില്ലാ പഞ്ചായത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സ്ഥലമായിട്ടും പ്രശ്‌നം പരിഹരിച്ചതും പ്രഖ്യാപനം നടത്തിയതും കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം പരിഹാസരൂപേണ സൂചിപ്പിച്ചു. ദാരിദ്ര്യമുക്ത സംസ്ഥാനം എന്നതാണ് ഇനി എല്‍.ഡി.എഫിന്റെ ലക്ഷ്യമെന്നും, കേന്ദ്രം നല്‍കാനുള്ള തുക ലഭിച്ചാല്‍ ക്ഷേമ പെന്‍ഷന്‍ 2,500 രൂപയാക്കി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് കേരളം മുഴുവന്‍ സഞ്ചരിച്ച് അതിദരിദ്രരെ കണ്ടെത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.




