കണ്ണൂർ: പാർട്ടിയിൽ താത്വികാചാര്യനായി അറിയപ്പെടുന്ന എം.വി ഗോവിന്ദൻ സംസ്ഥാനസെക്രട്ടറിയായതിനു ശേഷം സി.പി. എമ്മിന് പ്രത്യയശാസ്ത്ര കരുത്തുപകരാൻ നടപടികൾ തുടങ്ങി. പാർട്ടിപരിപാടി, ഭരണഘടന, മാർക്സിസം, ലെനിനിസം ബാലപാഠങ്ങൾ, മാറുന്നസാർവദേശീയ, ദേശീയ രാഷ്ട്രീയം എന്നിവ പഠിപ്പിക്കാൻ പാർട്ടി സ്‌കൂളുകൾ ശക്തമാക്കുകയും പാർട്ടി അംഗങ്ങൾക്കും നേതാക്കൾക്കും പാർട്ടിക്ലാസുകൾ നൽകാനുമാണ് നീക്കം തുടങ്ങിയത്.

ബ്രാഞ്ച് മുതൽ സംസ്ഥാന ഘടകം വരെ പ്രവർത്തിക്കുന്നവർക്ക് പാർട്ടി സ്‌കൂളിലെ ഹാജർ നില നിർബന്ധമാക്കും. മൂന്ന് തവണ തുടർച്ചയായിപാർട്ടി ക്ലാസുകളിൽ ഹാജരാവാത്തവർക്ക് പാർട്ടി അംഗത്വം വരെ നഷ്ടപ്പെടുമെന്നാണ് സൂചന. ഗ്രാമങ്ങളിൽ മാത്രമല്ല നഗരങ്ങളിലും പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങൾക്ക് പാർട്ടി വിദ്യാഭ്യാസം അനിവാര്യമാണെന്നും പാർട്ടി നിലപാടുകൾക്ക് വിരുദ്ധമായി ചില സഖാക്കൾ പ്രവർത്തിക്കുന്നത് ഇതുകാരണമാണെന്നാണ് വിലയിരുത്തൽ.

വിവിധ ജില്ലാകമ്മിറ്റികൾക്കു കീഴിലുള്ള സ്റ്റഡി സെന്ററുകളും മറ്റുഗവേഷണ സ്ഥാപനങ്ങളും പാർട്ടി ക്ലാസുകൾക്ക് വേദിയാകും. അതതുലോക്കൽ കമ്മിറ്റികൾക്കാണ് പാർട്ടി ക്ലാസുകളുടെ ചുമതല . ഇതുനിരീക്ഷിക്കാൻ മേൽകമ്മിറ്റിയുമുണ്ടാകും. വിവിധ വിഷയങ്ങൾ കൈക്കാര്യം ചെയ്യാൻ വിദഗ്ദ്ധരായവരാണ് പാർട്ടി ക്ലാസിൽ പങ്കെടുക്കുക. അംഗങ്ങളുടെ നിലവാരം കണക്കാക്കുന്നത് പാർട്ടി ക്ലാസിലെ സാന്നിധ്യവും ഇടപെടലും നോക്കിയായിരിക്കും. എന്നാൽ ഓൺ ലൈൻ ക്ലാസുകൾ ഈക്കാര്യത്തിൽ ഫലപ്രദമല്ലെന്നാണ് വിലയിരുത്തൽ.

രാഷ്ട്രീയ വിദ്യാഭ്യാസം ഓരോ പാർട്ടി അംഗത്തിനും അനിവാര്യമാണെന്നും നേരിട്ടുള്ള ക്ലാസുകളാണ് നടത്താൻ തീരുമാനിച്ചിട്ടുള്ളതെന്നും ഈ വിഷയത്തിൽ സി.പി. എം സംസ്ഥാന സെക്രട്ടറിയായ എം.വി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി സഖാക്കൾ ബൂർഷ്യാവ്യാമോഹങ്ങളിൽ അകപ്പെടുന്നതും വലതുവ്യതിയാനങ്ങൾക്ക് വിധേയമാകുന്നതും വർധിച്ച സാഹചര്യത്തിലാണ് പാർട്ടി ക്ലാസുമായി സി. പി. എം രംഗത്തുവരുന്നത്.