- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരിഫ് മുഹമ്മദ് ഖാന് സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍; ചില മാധ്യമങ്ങള്‍ അദ്ദേഹത്തെ മഹത്വവല്‍ക്കരിച്ചു; പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്നും എം വി ഗോവിന്ദന്
ആരിഫ് മുഹമ്മദ് ഖാന് സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ചെയ്തുകൊണ്ടിരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പുതിയ ഗവര്‍ണര്‍ ഭരണഘടനയ്ക്കു വിധേയനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങളും നിയമനിര്‍മാണത്തിന് ആവശ്യമായ സഹായങ്ങളും എല്ലാം ചെയ്തുകൊടുത്ത് മുന്നോട്ട് പോവുന്ന ഗവര്‍ണറെയാണ് കേരളം കണ്ടിട്ടുള്ളത്. അതില്‍ നിന്ന് വ്യത്യസ്തനായിരുന്നു നിലവിലുള്ള ഗവര്‍ണര്‍. അത് മാറി ശരിയായ രീതിയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ച് പോവുന്ന ഒരു സമീപനത്തിലേക്ക് ഗവര്‍ണര്‍ എത്തണം.
ആരിഫ് മുഹമ്മദ് ഖാനെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിക്കുകയാണ്. വലിയ ജനകീയ അംഗീകാരമുള്ള ഗവര്‍ണര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇടതു സര്‍ക്കാരിനോട് തെറ്റി സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഗവര്‍ണറുടെ വിരേതിഹാസമായി പലരും കാണുന്നത്. ഇത് അങ്ങേയറ്റം ജനവിരുദ്ധ സമീപനമാണ്. കമ്യൂണിസ്റ്റെന്നും കോണ്‍ഗ്രസെന്നും നോക്കാതെ ഭരണഘടനാപരമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ അതിനു പകരം ഭരണഘടനാവിരുദ്ധമായ നിലപാടുകളാണ് ഗവര്‍ണര്‍ സ്വീകരിച്ചതെന്നും ഗോവിന്ദന് പറഞ്ഞു.
നിയമസഭ പാസാക്കിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കാതിരിക്കുക, സുപ്രീം കോടതി ഇടപെട്ടപ്പോള്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കുക തുടങ്ങി ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള സമീപനമാണ് ഗവര്‍ണര്‍ കൈക്കൊണ്ടത്. പുതിയ ഗവര്‍ണറെ നോമിനേറ്റ് ചെയ്യുന്നതും ബിജെപിയാണ്. പരമ്പരാഗത ആര്‍എസ്എസ്, ബിജെപി സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഗവര്‍ണറെ തീരുമാനിക്കുന്നത്. എന്നാല്‍ ഒരു മുന്‍വിധിയോടെ ഒന്നും പറയുന്നില്ല. പുതിയ ഗവര്‍ണര്‍ ഭരണഘടനാപരമായി പ്രവര്‍ത്തിച്ച് സര്‍ക്കാരുമായി ഒത്തുപോവുകയാണ് വേണ്ടതെന്നും എം.വി. ഗോവിന്ദന് പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങള്‍ തടസപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയായി അത്തരം ശ്രമങ്ങള്‍ രാജ്യ വ്യാപകമായി നടക്കുന്നുണ്ടെന്ന് എംവി ഗോവിന്ദന് പറഞ്ഞു. ഗോള്‍വാര്‍ക്കറിന്റെ വിചാരധാര അനുസരിച്ച് സംഘപരിവാറിന് മൂന്ന് ആഭ്യന്തര ശത്രുക്കളാണുള്ളത്. അതില്‍ ഒന്നാമത് മുസ്ലീമും രണ്ടാമത്തേത് ക്രിസ്ത്യാനികളും മൂന്നാമത്തേത് കമ്മ്യൂണിസ്റ്റുകളുമാണ്. അതാണ് അവരുടെ പ്രത്യയശാസ്ത്രം. ഇതുവെച്ച്, താല്കാലികമായി ക്രിസ്ത്യാനികളേയും അവര്‍ ആശ്രയിക്കുന്നുണ്ട്.
ജമ്മു കശ്മീരില്‍ സംയുക്ത ഭരണകൂടം ഉണ്ടാക്കുന്നതിനായി മുസ്ലീം വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. തൃശൂര്‍ ഉള്‍പ്പടെ ജയിക്കുന്നതിന് വേണ്ടി ക്രിസ്ത്യന്‍ വോട്ട് നേടുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മണിപ്പൂര്‍ ഉള്‍പ്പടെയുള്ള മേഖലയില്‍ ക്രിസ്ത്യാനികള്‍ക്ക് മേലും ഇന്ത്യയിലെ വിവിധ പള്ളികള്‍ക്ക് മേലുമുള്ള കടന്നാക്രമണം ഇപ്പോഴും തുടരുകയാണ്. കേരളത്തിലെ സ്കൂളുകളിലെ ക്രിസ്മസ് ആഘോഷം വരെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതെല്ലാം പൊതുവായി എതിര്‍ക്കപ്പെടേണ്ടതാണ്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ എംവി ഗോവിന്ദന് തയ്യാറായില്ല. മുനമ്പത്ത് കരമടക്കാമെന്നത് സര്‍ക്കാരിന് നേരത്തെ തന്നെയുള്ള നിലപാടായിരുന്നുവെന്നും പിന്നീട് കോടതിയില്‍ നടന്ന കേസിന്റെ പശ്ചാത്തലത്തിലാണ് കരമടയ്ക്കാന്‍ സാധിക്കാതെ വന്നതെന്നും ഇപ്പോള്‍ സര്‍ക്കാരിന്റെ ആ നിലപാട് കോടതിയെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും എംവി ഗോവിന്ദന് പറഞ്ഞു. മുനമ്പത്ത് താമസിക്കുന്ന പാവപ്പെട്ടമനുഷ്യരെ കുടിയൊഴിക്കാന്‍ പറ്റില്ല എന്ന് തന്നെയാണ് സര്‍ക്കാര്‍ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.