തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്നില്‍ സര്‍ക്കാര്‍ വിരുദ്ധ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് എസ്.യു.സി.ഐയും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മാദ്ധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരത്തെ രാഷ്ട്രീയമായി തുറന്നുകാണിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ആശ വര്‍ക്കാര്‍മാരുടെ സമരം ജനാധിപത്യപരമാണ്. എന്നാല്‍ അതിനെ ഇടതുവിരുദ്ധ സമരമാക്കി മാറ്റാനാണ് മാദ്ധ്യമങ്ങളും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുന്നത്. ഐ.എന്‍.ടി,യു.സി ആ സമരത്തില്‍ ഇല്ല. എന്നാല്‍ യു.ഡി.എഫും ബി.ജെ.പിയും അതിന്റെ പിന്നിലാണ്. ശരിയായ മഴവില്‍ സഖ്യം അതിന്റെ ഭാഗമായി വന്നിട്ടുണ്ട്. മാദ്ധ്യമങ്ങളും അതിനൊപ്പമാണെന്നും ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.ആശ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്ന കേരളത്തിലാണ് ഇത്തരത്തില്‍ സമരം നടക്കുന്നത്. പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലാണുള്ളത്. അവര്‍ വ്യക്തമായ തീരുമാനമെടുത്താല്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്നും ഗോവിന്ദന്‍ പറഞ്ഞു.