തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെതിരെ ആരോപണം ഉന്നയിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ മോൻസൺമാവുങ്കൽ കേസിലെ അതിജീവിത മൊഴി നൽകിയെന്ന് താൻ പറഞ്ഞത് ദേശാഭിമാനി വാർത്ത വിശ്വസിച്ചാണെന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. ഇതിനെതിരെയാണ് രാഹുൽ മാങ്കുട്ടത്തിൽ രംഗത്തുവന്നത്.

'രാത്രിയിൽ ദേശാഭിമാനിക്ക് വ്യാജ വാർത്ത എഴുതി കൊടുക്കുക, രാവിലെ ആ വ്യാജ വാർത്ത ഉദ്ധരിച്ച് പത്ര സമ്മേളനം നടത്തുക. നാണമില്ലെ ഗോവിന്ദൻ എന്ന് ചോദിക്കുന്നില്ല കാരണം അതുണ്ടെങ്കിൽ ഇജങ സെക്രട്ടറി ആകില്ലല്ലോ' എന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്. എഴുതി പ്രിന്റ് ചെയ്ത് വന്നാൽ പിന്നീട് എഴുതിയവൻ പോലും വായിച്ചാൽ വിശ്വസിക്കാൻ മടിക്കുന്ന മഞ്ഞപത്രത്തെ ആണ് ഗോവിന്ദൻ തെളിവായി പറയുന്നതെന്നും രാഹുൽ വിമർശിക്കുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നും രാഹുലിന്റെ വിമർശനം.

രാഹുലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

രാത്രിയിൽ ദേശാഭിമാനിക്ക് വ്യാജ വാർത്ത എഴുതി കൊടുക്കുക,
രാവിലെ ആ വ്യാജ വാർത്ത ഉദ്ധരിച്ച് പത്ര സമ്മേളനം നടത്തുക.
നാണമില്ലെ ഗോവിന്ദൻ എന്ന് ചോദിക്കുന്നില്ല കാരണം അതുണ്ടെങ്കിൽ CPM സെക്രട്ടറി ആകില്ലല്ലോ.!

ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി അല്ലാതിരുന്ന കാലത്താണ് പുള്ളിയുടെ മുനിസിപ്പൽ ചെയർപേഴ്സണായ ഭാര്യയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പീഡനത്തിൽ സഹികെട്ട് സിപിഎം അനുഭാവിയായ പ്രവാസി ആത്മഹത്യ ചെയ്തത്. അന്ന് ഗോവിന്ദൻ ഭാര്യയെ രക്ഷിക്കാൻ ദേശാഭിമാനിയിൽ ആത്മഹത്യ ചെയ്തയാളുടെ ഭാര്യയുടെ സ്വഭാവദൂഷ്യം കാരണമാണ് ആത്മഹത്യ നടന്നത് എന്ന് വാർത്ത എഴുതിപ്പിച്ചത് നമ്മൾ മറന്നിട്ടില്ല.

ഇന്ന് ശ്രി. കെ സുധാകരനെതിരെ ഒരു ആരോപണവുമായി വന്ന ഗോവിന്ദനോട് അതിന് തെളിവ് ചോദിച്ചപ്പോൾ പറഞ്ഞത് 'ദേശാഭിമാനിയെ വിശ്വസിച്ചാണ് ഞാൻ പറയുന്നത് 'എന്നാണ്. എഴുതി പ്രിന്റ് ചെയ്ത് വന്നാൽ പിന്നീട് എഴുതിയവൻ പോലും വായിച്ചാൽ വിശ്വസിക്കാൻ മടിക്കുന്ന മഞ്ഞപത്രത്തെ ആണ് ഗോവിന്ദൻ തെളിവായി പറയുന്നത്.

ഉളുപ്പുണ്ടോ എന്ന് ചോദിച്ചു വിഷമിപ്പിക്കുന്നില്ല ഒരാൾ സിപിഎമ്മാകാൻ തീരുമാനിച്ചാൽ നിഘണ്ടുവിൽ നിന്ന് വെട്ടുന്ന ആദ്യ വാചകം 'ഉളുപ്പ് ' ആണെന്ന് എല്ലാവർക്കും അറിയാം. വ്യാജ മൊഴി സൃഷ്ടിച്ച ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ കൊള്ളാവുന്ന ഒരു ആഭ്യന്തര മന്ത്രി നാട്ടിലില്ലാത്തതു കൊണ്ട് ഗോവിന്ദൻ സുരക്ഷിതനാണ്.

പോക്‌സോ കേസിൽ കെ. സുധാകരനെതിരെ ഇരയായ പെൺകുട്ടിയുടെ മൊഴിയില്ലെന്ന് സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നേരത്തെ രംഗത്തുവന്നിരുന്നു. പോക്‌സോ കേസിൽ സുധാകരനെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ ആരോപണം തള്ളിയാണ് ക്രൈംബ്രാഞ്ച് രംഗത്തെത്തിയത്. സുധാകരനെ ചോദ്യംചെയ്യാൻ നോട്ടീസ് നൽകിയത് തട്ടിപ്പുക്കേസിൽ മാത്രമാണെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരിച്ചു.

കെ.സുധാകരനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത് പോക്സോ കേസിൽ അല്ലെന്നും, മോൻസൻ മാവുങ്കൽ ഉൾപ്പെട്ട തട്ടിപ്പ് കേസിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി. 2019 ജൂലൈ 26 നാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൻ പീഡിപ്പിച്ചത്. സുധാകരൻ മോൻസന്റെ വീട്ടിലെത്തിയത് 2018 നവംബറിലും. പോക്സോ കേസിലെ കോടതി രേഖകളിലും സുധാകരന്റെ പേരില്ല.

തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണു സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പറഞ്ഞത്. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.