കോഴിക്കോട്: സിപിഎം ഒരു കാലത്തും ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രതിപക്ഷ നേതാവായ വി ഡി സതീശന്‍ ഉളുപ്പില്ലാതെ നുണപറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ കക്ഷിയല്ലെന്ന് പറയുന്ന ഏക പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. ഇപ്പോള്‍ മുസ്ലിം ലീഗും അതേ നിലപാട് എടുക്കുകയാണ്. വര്‍ഗീയ ശക്തികളെ വെള്ളപൂശി കൊണ്ടാണ് യുഡിഎഫ് ജാഥ തുടങ്ങിയതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.

ലീഗിന്റെ ആശയ രൂപീകരണത്തെ ജമാഅത്തെ ഇസ്ലാമി സ്വാധീനിക്കുന്നുണ്ട്. ഇസ്ലാമിക് റിപ്പബ്ലിക്കിനായാണ് ജമാഅത്തെ ഇസ്ലാമി നിലകൊള്ളുന്നത്. കോലിബി സഖ്യത്തിനൊപ്പം ജമാഅത്തെ ഇസ്ലാമി ചേരുകയാണ്. ജമാഅത്തെ ഇസ്ലാമി ബന്ധത്തിലൂടെ ചരിത്രത്തിലില്ലാത്ത പ്രതിസന്ധി യുഡിഎഫിനുണ്ടാകും. കേരളത്തെ തിരിച്ചുപിടിക്കും എന്ന് പറഞ്ഞ് യാത്ര നടത്തുന്നവര്‍ കേരളത്തിലെ വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ലെന്നും യുഡിഎഫിന്റെ പുതുയുഗ യാത്ര വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം എല്‍ഡിഎഫിന്റെ വടക്കന്‍മേഖല വികസനമുന്നേറ്റ ജാഥയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലും ഗോവിന്ദന്‍ പ്രതികരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളെ വച്ച് ആളെ കൂട്ടി എന്ന് മാധ്യമങ്ങള്‍ വ്യാജ പ്രചാരണം നടത്തുകയായിരുന്നുവെന്നാണ് ഇത് സംബന്ധിച്ച അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രി സംസാരിച്ചയുടന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എഴുന്നേറ്റ് പോയ സംഭവം സംഘടനാപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.