കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെയ്പ്പ് സംഭവത്തില്‍ മുഖ്യ ഉത്തരവാദികള്‍ അന്നത്തെ ഡിവൈഎസ്പി ഹകീം ബത്തേരിയും ഡെപ്യൂട്ടി കളക്ടര്‍ ടി ടി ആന്റണിയുമാണെന്ന് സിപിഎം സെക്രട്ടറിയേറ്റംഗം എം വി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഡി.ജി.പിയായക്ക് സംഭവ സമയത്ത് എഎസ് പി യുമായ റവാഡ ചന്ദ്രശേഖറിന് വെടിവയ്പ്പില്‍ യാതൊരു പങ്കുമില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു.

ഈക്കാര്യങ്ങളെല്ലാം വെടിവെയ്പ്പിനെ കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു.

സമരത്തിന് നേതൃത്വം നല്‍കിയ അന്നത്തെ ഡി.വൈ.എഫ്.ഐ നേതാവ് കൂടിയായിരുന്നു എം.വി ജയരാജന്‍. വെടിവെയ്പിന് മുന്‍പ് റവാഡ ചന്ദ്രശേഖര്‍ മന്ത്രിയുമായി സംസാരിച്ചിരുന്നില്ല. ഗൂഢാലോചനയിലോ മറ്റോ പങ്കെടുത്തിരുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.

സുപ്രീം കോടതി മാര്‍ഗ നിര്‍ദേശപ്രകാരമുള്ള നടപടി ക്രമത്തിലാണ് പുതിയ ഡി.ജി.പിയെ നിയമിച്ചത്. യു.പി.എസ്.സി യുടെ അഞ്ചംഗ വിദഗ്ധ സമിതിയാണ് മൂന്ന് പേരുടെ ലിസ്റ്റ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. അതില്‍ നിന്ന് ഒരാളെ ഡി.ജി.പിയാ ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

കൂത്തുപറമ്പ് വെടിവെയ്പ്പ് സമയത്ത് എസ്പിയായിരുന്ന പദ്മ കുമാറും ഡി.ജി.പി യായാണ് വിരമിച്ചതെന്നും ജയരാജന്‍ പറഞ്ഞു.