കണ്ണൂർ: കണ്ണൂരിൽ നടന്ന സി.പി. എം പാർട്ടി കോൺഗ്രസിന്റെ സമാപന പൊതുസമ്മേളനത്തിനായി വേദിയൊരുക്കിയ ജവഹർ സ്റ്റേഡിയം മലിനമാക്കിയതിന് സിപിഎമ്മിന് പിഴ ചുമത്തിയ കണ്ണൂർ കോർപറേഷന്റെ നടപടി രാഷ്ട്രീയ പോരിലേക്ക് വഴിതുറക്കുന്നു. കോർപറേഷൻ നടപടിക്കെതിരെ സി.പി. എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ രംഗത്തിറങ്ങിയതോടെയാണ് വിഷയം ചൂടുപിടിച്ചത്.

സ്റ്റേഡിയം മാലിന്യ കൂമ്പാരം ആക്കിയതിന്റെ ഉത്തരവാദിത്തം കോർപ്പറേഷനാണ്. പിഴ ചുമത്തിയ പണം കൊണ്ടെങ്കിലും ഇനി സ്റ്റേഡിയം നന്നാക്കണം. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സിപിഎമ്മാണ് സ്റ്റേഡിയം വ്യത്തിയാക്കിയെടുത്തതെന്നും ജയരാജൻപറഞ്ഞു. ഇതിന്റെ പണിക്കൂലി തിരികെ തരുമെങ്കിൽ ഓവുചാലുകൾ വൃത്തിയാക്കിയതും കാടുവെട്ടുതെളിച്ചതിന്റെയും സ്്റ്റേഡിയത്തിന്റെ ഇരിപ്പിടങ്ങൾ വൈറ്റ് വാഷ് ചെയ്തിന്റെയും ബില്ലുകൾ കോർപറേഷൻ ഓഫീസിലേക്ക് കൊടുത്തുവിടാമെന്ന് ജയരാജൻ പറഞ്ഞു.

പാർട്ടി കോൺഗ്രസിനായി സ്റ്റേഡിയം ഏറ്റെടുത്തപ്പോൾ ആദ്യം ചെയ്തത് അവിടെയുള്ള പാമ്പുകളെ കൊല്ലലാണ്. ഈ സ്റ്റേഡിയത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം കണ്ണൂർ കോർപറേഷൻ തന്നെയാണ്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സ്റ്റേഡിയം പുനർനവീകരണത്തിനായി പതിനൊന്നു കോടി അനുവദിച്ചിരുന്നുവെങ്കിലും അതിനു കോൺഗ്രസ് തുരങ്കം വയ്ക്കുകയായിരുന്നുവെന്നും എം.വി ജയരാജൻ ആരോപിച്ചു.

സി. പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന് ഉപയോഗിച്ച ജവഹർ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോർപ്പറേഷൻ പിഴയീടാക്കാൻ തീരുമാനിച്ചത്. 47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. സ്റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി ഡെപ്പോസിറ്റായി നൽകിയ 25,000 രൂപ തിരിച്ച് നൽകേണ്ടതില്ലെന്നും കൗൺസിൽ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു പിഴയീടാക്കാനുള്ള കോർപ്പറേഷൻ തീരുമാനം. ഇതിന് പിന്നിൽ രാഷ്ട്രീയ തീരുമാനമെന്ന സിപിഎം വിമർശനം ബാലിശമെന്ന് കോർപ്പറേഷൻ മേയർ ടി ഒ മോഹനനും പ്രതികരിച്ചു