കണ്ണൂർ: പെരിങ്ങോം ഏരിയാ കമ്മിറ്റിക്ക് കീഴിൽ ക്രിപ്‌റ്റോ കറൻസി ട്രേഡിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ നാലു പേർക്കെതിരെ പാർട്ടി നടപടി സ്വീകരിച്ചതായി സ്ഥിരീകരിച്ചു സിപിഎം നേതൃത്വം. സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് പെരിങ്ങോം ഏരിയാ കമ്മിറ്റിയിലെ പാടിയോട്ടും ചാൽ ലോക്കൽ കമ്മിറ്റിയംഗങ്ങളായ രണ്ടു പേർക്കെതിരെയും തിരുമേനി ലോക്കൽ കമ്മിറ്റിയിലെ ഒരംഗത്തിനും ബ്രാഞ്ച് കമ്മിറ്റിയംഗത്തിനെതിരെയും പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക അച്ചടക്കം ലംഘിച്ചതിന് പാർട്ടി ഭരണഘടനയിലെ പത്തൊൻപതാം വകുപ്പ് പ്രകാരമാണ് നടപടിയെടുത്തത്. പാർട്ടി ഗൗരവകരമായ കുറ്റമായി കാണുന്ന ഒന്നാണ് സാമ്പത്തിക ക്രമക്കേട്. പാർട്ടിയിലെ ഏതരംഗവും സാമ്പത്തികം ഉള്ളയാളാണെങ്കിലും ഇല്ലാത്തയാളായാലും സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. പാർട്ടിക്കറിയാത്ത സാമ്പത്തിക ഇടപാടുകൾ നടത്തിയാൽ നടപടി സ്വീകരിക്കും. അവരെ തെറ്റുതിരുത്തി ശരിയായ പാതയിലേക്ക് കൊണ്ടുവരാനാണ് നടപടി സ്വീകരിച്ചതെന്നും എം.വി ജയരാജൻ പറഞ്ഞു.

മാധ്യമ പ്രവർത്തകർ തെറ്റായ കാര്യങ്ങൾ ചെയ്താൽ കേസെടുക്കുക സ്വാഭാവികമെന്നും ജയരാജൻ പൊലിസ് നടപടിയെ ന്യായീകരിച്ചു കൊണ്ടു പറഞ്ഞു. മാധ്യമ പ്രവർത്തകർ സാക്ഷികളോ പ്രതികളെ ആയതുകൊണ്ട് മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകില്ല. മാധ്യമവേട്ടയുടെ ഇരയാണ് താൻ. എന്നെ ഹൈക്കോടതി ശിക്ഷിച്ചത് മാധ്യമ പ്രവർത്തകരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ്.

തന്നെ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ചപ്പോൾ 11 മാധ്യമപ്രവർത്തകർ മൊഴി നൽകിയെന്നുംഎം.വി ജയരാജൻ പറഞ്ഞു. മാധ്യമപ്രവർത്തകരെ പ്രതിയാക്കിയാൽ അത് കമ്മ്യൂണിറ്റുകാരുടെ വേട്ടയാടലിന് ഉപയോഗിക്കുന്നതാണെങ്കിൽ ശരിയും കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതാണെങ്കിൽ തെറ്റും എന്നുമാണ് നാട്ടിൽ ഇപ്പോൾ നടക്കുന്ന ചർച്ചയെന്നും എം.വി ജയരാജൻ പറഞ്ഞു.