കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ പി.ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതിനെ ന്യായീകരിച്ച് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കമ്മ്യൂണിസ്റ്റുകാര്‍ ജയിലില്‍ പോയി പ്രതികളെ കണ്ടതില്‍ ആര്‍ക്കും തെറ്റ് പറയാനാകില്ല. ഇത് ആദ്യമായി ചെയ്യുന്ന കാര്യവുമല്ല. മുന്‍പും പോയിട്ടുണ്ടെന്നും എം.വി. ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ധീരജ് വധക്കേസ് പ്രതി നിഖില്‍ പൈലിയെ കെ. സുധാകരന്‍ ന്യായീകരിക്കുന്നതും പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ പി. ജയരാജന്‍ ജയിലില്‍ സന്ദര്‍ശിച്ചതും രണ്ടും രണ്ടാണ്. കണ്ണൂരില്‍ ആദ്യം തോക്ക് ഉപയോഗിച്ച് കൊലപാതകം നടത്തിയത് കെ. സുധാകരനാണ്. കെ. സുധാകരന്‍ നമ്പര്‍ വണ്‍ ക്രിമിനലാണെന്നും എം.വി. ജയരാജന്‍ ആരോപിച്ചു.

പെരിയ കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ കഴിഞ്ഞദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സന്ദര്‍ശിച്ചത് വിവാദമായിരുന്നു.