- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മിത്ത് വിവാദത്തിൽ സിപിഎമ്മിന് ഒരുമലക്കം മറിച്ചിലുമില്ല; ഗണപതിയെ 'മിസ് ചെയ്യരുത്', ഉപയോഗിക്കണം എന്ന് വിശ്വാസികളോട് കെ സുരേന്ദ്രൻ ആഹ്വാനം ചെയ്യുമ്പോൾ ഹീന തന്ത്രമാണ് പയറ്റുന്നതെന്നും എം വി ജയരാജൻ
കണ്ണൂർ: മിത്ത് വിവാദത്തിൽ സിപിഎമ്മിന് ഒരുമലക്കം മറിച്ചിലും ഇല്ലെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മിത്തിനെ മിത്തായും ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും കാണുന്ന പാർട്ടിയാണ് സിപിഎം. അല്ലാതെ മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയല്ലെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. മതങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു നിലപാടും സിപിഎമ്മിനില്ല. ശബരിമല ബിജെപിക്കു ഗുണം ചെയ്തില്ലെന്ന് കെ.സുരേന്ദ്രൻ സമ്മതിച്ചതായി ജയരാജൻ ചൂണ്ടിക്കാട്ടി. ഗണപതിയെ മിസ് ചെയ്യരുത്, ഉപയോഗിക്കണം എന്നു പറയുന്നതിലൂടെ സുരേന്ദ്രൻ പുറത്തുവിടുന്ന ആശയം, മതത്തെയും വിശ്വാസത്തെയും വോട്ടിനുവേണ്ടി രാഷ്ട്രീയവൽക്കരിക്കുന്ന ഹീനമായ തന്ത്രമാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
''സിപിഎമ്മിന് ഒരു മലക്കം മറിച്ചിലുമില്ല. മിത്ത് മിത്തായും ശാസ്ത്രം ശാസ്ത്രമായും ചരിത്രം ചരിത്രമായും കാണുന്ന പാർട്ടിയാണ് സിപിഎം. മതത്തെയോ വിശ്വാസത്തെയോ എതിർക്കുന്ന പാർട്ടിയുമല്ല സിപിഎം. മിത്തിനെ മിത്തായി കാണണമെന്നു പറയുമ്പോൾ, വിശ്വാസത്തെ വിശ്വാസമായി കാണുമ്പോൾ, ധാരാളം വിശ്വാസികൾ ഗണപതി വിശ്വാസികൾ കൂടിയാണ്. മതവിശ്വാസത്തിന്റെ ഭാഗമായി ആ വിശ്വാസത്തിന്റെ ആചാരാനുഷ്ഠാനങ്ങളിൽ ഏർപ്പെടുന്നവരെ ബഹുമാനിക്കുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ, ശാസ്ത്രത്തെ നിരാകരിച്ചുകൊണ്ടുള്ള ഒരു നിലപാട് സിപിഎമ്മിനില്ല. വിശ്വാസത്തെ നിരാകരിച്ചുകൊണ്ടുള്ള നിലപാടും സിപിഎമ്മിനില്ല. ശാസ്ത്രത്തെയും വിശ്വാസത്തെയും പരിഗണിച്ചുകൊണ്ടുള്ള നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്.
2014 ഒക്ടോബർ 25ന് പ്രധാനമന്ത്രി നടത്തിയ സുദീർഘമായ ഒരു പ്രഭാഷണത്തിൽ പറഞ്ഞത്, പ്ലാസ്റ്റിക് സർജറിയിലൂടെയാണ് ഗണപതിയെ സൃഷ്ടിച്ചത് എന്നാണ്. അക്കാര്യം ഞാനൊക്കെ എത്രയോ പൊതുയോഗങ്ങളിൽ പ്രസംഗിച്ചിട്ടുണ്ട്. ഞാൻ തന്നെ എന്റെയൊരു അനുഭവം പറഞ്ഞിട്ടുണ്ട്. കോവിഡ് ബാധിച്ച് 3 മാസം പരിയാരം മെഡിക്കൽ കോളജിൽ കിടന്നയാളാണ് ഞാൻ. ഡിസ്ചാർജ് ചെയ്ത് വന്നപ്പോൾ വീട്ടിലും ഒന്നു രണ്ടു മാസം കിടക്കേണ്ടിവന്നു. അന്ന് എനിക്ക് നടക്കാൻ കഴിയുമായിരുന്നില്ല. ഭാര്യയുടെ കൈ പിടിച്ച് നടക്കുന്ന അവസരത്തിൽ ഞാൻ അവരോടു ചോദിച്ചത്, നീ എന്നെ ചാണകം തേച്ചു കുളിപ്പിച്ചിരുന്നെങ്കിൽ എനിക്ക് ഇത്രയും ബുദ്ധിമുട്ടേണ്ടി വരുമായിരുന്നോ എന്നാണ്. ചാണകം കൊണ്ടു തേച്ചു കുളിച്ചാൽ കോവിഡ് മാറുമെന്ന കേന്ദ്രമന്ത്രിയുടെ വിശ്വാസത്തെ ഹനിക്കുന്നതല്ലേ അതെന്നു ചോദിച്ചാലോ? അല്ല എന്നാണ് ഉത്തരം. അദ്ദേഹം അങ്ങനെ അഭിപ്രായപ്പെടുന്നു. ഞങ്ങൾ മെഡിക്കൽ സയൻസിൽ വിശ്വസിച്ച് ഡോക്ടറെ കണ്ട് രോഗം മാറ്റാൻ ശ്രമിക്കുന്നു.
സുരേന്ദ്രൻ പുറത്തുവിട്ട ഒരു ആശയമുണ്ട്. അത് മതത്തെയും വിശ്വാസത്തെയും വോട്ടിനുവേണ്ടി രാഷ്ട്രീയവൽക്കരിക്കുന്ന ഹീനമായ തന്ത്രമാണ്. ഗണപതിയെ 'മിസ് ചെയ്യരുത്', ഗണപതിയെ ഉപയോഗിക്കണം എന്ന് വിശ്വാസികളോട് ആഹ്വാനം ചെയ്യുമ്പോൾ അദ്ദേഹം ശബരിമലയെ ഓർമപ്പെടുത്തുകയാണ് ചെയ്യുന്നത്. ശബരിമല ബിജെപിക്ക് ഗുണം ചെയ്തില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു. ബിജെപി രണ്ടു സീറ്റിൽ മത്സരിപ്പിച്ച സ്ഥാനാർത്ഥിയാണ് സുരേന്ദ്രൻ. അദ്ദേഹം രണ്ടിലും തോറ്റു. മുൻപു കിട്ടിയത്ര വോട്ട് അവിടെ കിട്ടിയിട്ടുമില്ല. ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു കുറഞ്ഞു.
മതനിരപേക്ഷ രാഷ്ട്രീയത്തിനു ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് ഇതെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. അവിടെ സുരേന്ദ്രന്റെ ഈ പൊടിക്കൈ ഒന്നും വിജയിക്കില്ല. ഈ വർഗീയവൽക്കരണ നയം ജനങ്ങൾ തിരസ്കരിക്കും. ജനത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ ശ്രീനാരായഗുരു ഉൾപ്പെടെയുള്ള നവോത്ഥാന നായകർ ഉയർത്തിയിട്ടുള്ള മൂല്യങ്ങൾ മുറുകെപ്പിടിച്ച് കേരളം മുന്നോട്ടുപോകും. അതുകൊണ്ട് ഞങ്ങൾക്ക് യാതൊരു പ്രയാസവുമില്ല.
ഒരു കാര്യം കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പായി. ഇവർ ഗണപതിയെ പിടിച്ച് സ്പീക്കർക്കെതിരെ പ്രകോപന മുദ്രാവാക്യം വിളിച്ച് രംഗത്തുവന്നത് മറ്റൊന്നിനുമായിരുന്നില്ല, ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു തട്ടാനാണ്. അത് സുരേന്ദ്രൻ ആവർത്തിച്ചതോടെ, അണികൾക്കു നൽകിയ നിർദ്ദേശം പുറത്തുവന്നതാണെങ്കിലും ഒരു കാര്യം വ്യക്തമാണ്. ഗണപതിയെ അവർ ചേർത്തുപിടിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായിട്ടല്ല, മറിച്ച് വോട്ടിനുള്ള ഒരു തന്ത്രമായിട്ടാണ്. വിശ്വാസപൂർവമാണ് പ്രശ്നങ്ങളെ കാണുന്നതെങ്കിൽ, ആദ്യം പ്രധാനമന്ത്രി പറഞ്ഞതിനെ എതിർക്കേണ്ടേ? കേരളത്തിൽ ഇതൊന്നും ചെലവാകില്ല എന്ന കാര്യത്തിൽ ഞങ്ങൾക്ക് അശേഷം സംശയമില്ല. മണിപ്പുരും ഹരിയാനയും കേരളത്തിൽ ഉണ്ടാകില്ല.
എൻഎസ്എസിന്റെ ആദ്യ പഥികർ ജാതിവിവേചനത്തിന് എതിരെ രംഗത്തു വരികയും തൊട്ടുകൂടായ്മയ്ക്കും തീണ്ടിക്കൂടായ്മയ്ക്കും എതിരെ സമരം നടത്തി, പ്രാർത്ഥനാ സ്വാതന്ത്ര്യത്തിനായി രംഗത്തിറങ്ങിയവരുടെ ജാഥയിൽ അണിനിരക്കുകയും ചെയ്ത പാരമ്പര്യമാണ്. ആ പാരമ്പര്യത്തിൽ എൻഎസ്എസിന്റെ ഇന്നത്തെ നേതൃത്വം വിശ്വസിക്കുന്നുണ്ടെങ്കിൽ, ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ വക്കാലത്തുമായി വരാൻ പാടില്ല'' ജയരാജൻ പറഞ്ഞു.
മിത്ത് വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻഎസ്എസ് തീരുമാനിച്ചിരിക്കെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ വിമർശനം. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേർന്നാണ് എൻഎസ്എസ് തുടർ സമരങ്ങൾക്ക് രൂപം കൊടുക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും എ എൻ ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യമാണ് എൻഎസ്എസിന്. തുടർസമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കും.
മറുനാടന് മലയാളി ബ്യൂറോ