തിരുവനന്തപുരം: വെനസ്വേലക്ക്​ നേരെയുള്ള അമേരിക്കൻ കടന്നാക്രമണത്തെ ശക്തമായി അപലപിച്ച് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. അമേരിക്കയുടെ നടപടി 'നഗ്നമായ സാമ്രാജ്യത്വ അധിനിവേശം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം അമേരിക്ക ഒരു തെമ്മാടി രാഷ്ട്രമായി പെരുമാറുകയാണെന്ന് കുറ്റപ്പെടുത്തി. അമേരിക്കൻ ഏകാധിപത്യത്തിന് കീഴപ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്ന് വാർത്താസമ്മേളനത്തിൽ എം.എ. ബേബി വ്യക്തമാക്കി.

ഇന്ന് വെനസ്വേലക്ക്​ നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നിയമങ്ങളുടെ ന​ഗ്നമായ ‌ലംഘനമാണ് ഈ കടന്നാക്രമണം. ഇത്തരം നടപടികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉയരണം. ട്രംപിന്റെ കീഴിലുള്ള അമേരിക്കൻ ഭരണസംവിധാനമാണ് ലോകത്തിന് ഭീഷണിയായ ഒന്നാമത്തെ രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കൻ ആധിപത്യത്തിന് കീഴടങ്ങാതെ നിലകൊള്ളുന്ന രാജ്യമാണ് വെനസ്വേല. അമേരിക്കയുടെ ആക്രമണത്തെ അപലപിക്കാൻ ഇന്ത്യ ഇതുവരെ തയ്യാറാകാത്തത് അപമാനകരമാണെന്നും, സ്വാതന്ത്ര്യസമരകാലം മുതൽ സ്വീകരിച്ചുവരുന്ന സാമ്രാജ്യത്വത്തിനെതിരായ നിലപാട് ഉയർത്തിപ്പിടിച്ച് ഇന്ത്യ വെനസ്വേലയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

അതേസമയം, അമേരിക്കൻ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ നിക്കോളാസ് മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദികളാക്കിയതായും റിപ്പോർട്ടുകളുണ്ടെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി. മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തിൽ കടന്നുകയറുന്ന അമേരിക്കൻ നിലപാട്‌ ലോകത്തിന്‌ ഭീഷണിയും കാടത്തം നിറഞ്ഞ സമീപനവുമാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

ഹ്യൂഗോ ഷാവേസ്‌ വെനസ്വേലയുടെ പ്രസിഡന്റായപ്പോൾ എണ്ണക്കമ്പനികളെ ദേശസാൽകരിച്ചതുമുതൽ ഒളിഞ്ഞും തെളിഞ്ഞും അമേരിക്ക ആ രാജ്യത്തെ ആക്രമിക്കുന്നുണ്ട്. 2002ൽ ഷാവേസിനെ അട്ടിമറിക്കാൻ അമേരിക്ക ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഷാവേസിന്റെ കാലശേഷം വെനസ്വേലയെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാനും എണ്ണ സമ്പത്ത്‌ കൈക്കലാക്കാനുമായിരുന്നു അമേരിക്കയുടെ ശ്രമം. ഇതിന് തടയിട്ട പ്രസിഡന്റ്‌ മദുറോയേയും അട്ടിമറിക്കാൻ ശ്രമങ്ങളുണ്ടായി. 2014 മുതൽ വെനസ്വേലക്ക്​നേരെ അമേരിക്ക സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ ഓർമ്മിപ്പിച്ചു.