കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകന് പ്യൂണ്‍ തസ്തികയില്‍ നിയമനം നല്‍കാനുള്ള തീരുമാനമെടുത്ത വിവാദത്തില്‍ കോണ്‍ഗ്രസില്‍ കൂട്ട അച്ചടക്ക നടപടി. പാര്‍ട്ടി ഭാരവാഹികളായ മാടായി കോളേജ് ഡയറക്ടര്‍മാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു. കെ.കെ ഫല്‍ഗുനന്‍, എം. പ്രദീപ് കുമാര്‍, ടി. കരുണാകരന്‍, പി.ടി പ്രദീഷ്, എം.കെ ബാലകൃഷ്ണന്‍ എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് സസ്‌പെന്‍ഡ് ചെയ്തത്.

എം.കെ രാഘവന്‍ എം.പി ചെയര്‍മാനായ പ്രിയദര്‍ശിനി ട്രസ്റ്റിന്റെ കീഴിലുള്ള മാടായി കോളേജില്‍ സി.പി.എം അനുഭാവികള്‍ക്ക് നിയമനം നല്‍കാനുള്ള തീരുമാനം വിവാദമായിരുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനമെടുത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് ഡി.സി.സി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് മാടായി കോളേജ് ഭരണസമിതിയുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്ത് ഡി.സി.സി അച്ചടക്കനടപടി സ്വീകരിച്ചത്.

മാടായി കോളേജ് പ്യൂണ്‍ തസ്തികയിലേക്ക് എം.കെ രാഘവന്‍ എം.പി യുടെ ബന്ധുവായ സി.പി.എം പ്രവര്‍ത്തകന് നിയമനം നല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രാദേശിക നേതൃത്വം രംഗത്തുവന്നത്. ഇന്റര്‍വ്യു നടത്താനെത്തിയ എം.കെ രാഘവന്‍ എം.പിയെ ഇവര്‍ വഴിയില്‍ തടയുകയും ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് ബ്‌ളോക്ക് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ നാലുപേരെ ഡി.സി.സി സസ്‌പെന്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടരാജി ഭീഷണി മുഴക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അച്ചടക്കനടപടിയുമായി ഡി.സി.സി രംഗത്തുവന്നത്.

എം കെ രാഘവന്‍ എംപിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി തടഞ്ഞതിനെ തുടര്‍ന്ന് സ്വീകരിച്ച അച്ചടക്ക നടപടിയെ തുടര്‍ന്നാണ് കണ്ണൂര്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറിയുണ്ടായത് ഡിസിസി ജനറല്‍ സെക്രട്ടറി രജിത്ത് നാറാത്ത് നേതൃത്വത്തെ രാജി ഭീഷണി മുഴക്കിയിരുന്നു. കല്യാശ്ശേരി-പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിവെക്കാനുള്ളതീരുമാനം പ്രഖ്യാപിച്ചതാണ് പാര്‍ട്ടിയെ പിടിച്ചുലച്ചത്.

ഇതോടൊപ്പം യൂത്ത് കോണ്‍ഗ്രസ് നേതാക്കളും രാജിവെക്കുമെന്ന് പറഞ്ഞിരുന്നു. മാടായി കോളേജില്‍ എംകെ രാഘവന്‍ എം പി കോഴ വാങ്ങി നിയമനം നടത്തിയെന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധവും നടത്തി. പ്രതിഷേധത്തെ തുടര്‍ന്ന് നാല് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ ഡിസിസി സെക്രട്ടറി രജിത്ത് നാറാത്ത് പങ്കെടുത്ത യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. തീരുമാനം നടപ്പിലാവാതെ വന്നതോടെയാണ് പ്രവര്‍ത്തകര്‍ കൂട്ടരാജിക്കൊരുങ്ങിയത്.

എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നേരത്തെ നാല് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കാപ്പടാന്‍ ശശിധരന്‍, വരുണ്‍ കൃഷ്ണന്‍, കെ വി സതീഷ് കുമാര്‍, കെ പി ശശി എന്നിവര്‍ക്കെതിരെയായിരുന്നു നടപടി. പ്രവര്‍ത്തകരെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായാണ് കണ്ണൂര്‍ ഡിസിസി അറിയിച്ചത്.