പത്തനംതിട്ട: 15 വർഷം സിപിഎം കുത്തകയാക്കിയിരുന്ന പഞ്ചായത്ത് വാർഡ് കോൺഗ്രസ് പിടിച്ചെടുത്തു. മൈലപ്ര പഞ്ചായത്ത് അഞ്ചാം വാർഡാണ് കോൺഗ്രസ് പിടിച്ചെടുത്തത്. ബിജെപി ഈ വാർഡിൽ മൂന്നിരട്ടി വോട്ട് വർധനവ് നേടുകയും ചെയ്തു. എല്ലാത്തിനും കാരണമായത് മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടാണ്. ബാങ്ക് കട്ടുമുടിച്ചവരെ സംരക്ഷിച്ച സിപിഎം ജില്ലാ നേതൃത്വത്തിനുള്ള തിരിച്ചടി കൂടിയായി കോൺഗ്രസിന്റെ വിജയം.

യു.ഡി.എഫ് സ്ഥാനാർത്ഥി ജെസി വർഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിലെ ഷെറിൻ ബി. ജോസഫിനെ മറി കടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സിപിഎമ്മിന്റെ സിറ്റിങ് അംഗം ചന്ദ്രിക സുനിലിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആളും അർഥവുമിറക്കിയാണ് സിപിഎം തെരഞ്ഞെടുപ്പ് നേരിട്ടത്. തോൽവിയോടെ പാർട്ടിക്ക് വലിയ ക്ഷീണവും തിരിച്ചടിയും സംഭവിച്ചു.

യു.ഡി.എഫ്-230, എൽ.ഡി.എഫ്-154, ബിജെപി സ്ഥാനാർത്ഥി റിൻസി രാജു-146 എന്നിങ്ങനെയാണ് ഓരോരുത്തർക്കും ലഭിച്ച വോട്ട്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ജയത്തോടെ പഞ്ചായത്തിലെ കക്ഷിനില യു.ഡി.എഫ്-ആറ്, എൽ.ഡി.എഫ് -അഞ്ച്, ബിജെപി-ഒന്ന്, സ്വതന്ത്രൻ-ഒന്ന് എന്ന നിലയിലായി. യു.ഡി.എഫ് വിമതന്റെ പിന്തുണയോടെയാണ് എൽ.ഡി.എഫ് പഞ്ചായത്ത് ഭരണം നിലനിർത്തിയിരുന്നത്. സിറ്റിങ് വാർഡിലെ തോൽവിയോടെ സിപിഎം വെട്ടിലായി. യു.ഡി.എഫ് വിമതന്റെ പിന്തുണ ലഭിച്ചാലും അവർക്ക് ആറു സീറ്റ് മാത്രമാണ് ഉണ്ടാവുക. യു.ഡി.എഫിനും ആറു സീറ്റായതോടെ ബിജെപിയുടെ ഏക മെമ്പർ നിർണായക ഘടകമായി. യു.ഡി.എഫ് വിമതനെ വൈസ് പ്രസിഡന്റാക്കിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്.

12-ാം വാർഡിൽ നിന്നുള്ളയാളാണ് ഇപ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ചിരിക്കുന്ന ജെസി. ഒരു പാട് എതിർ ഘടകങ്ങൾ ഉണ്ടായിട്ടും യു.ഡി.എഫിന് ഇവിടെ വിജയം നേടാൻ കഴിഞ്ഞതിന്റെ പ്രധാന കാരണം മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ അഴിമതിയാണ്. കോടികളുടെ ക്രമക്കേട് നടന്ന ബാങ്കിൽ അന്വേഷണം ഇതു വരെ എങ്ങുമെത്തിയിട്ടില്ല. ക്രൈംബ്രാഞ്ചിന്റെ ഇക്കണോമിക്സ് ഒഫൻസ് വിങ് നടത്തുന്ന അന്വേഷണം മന്ദഗതിയിലാണ്. സിപിഎം ഏരിയാ കമ്മറ്റിയംഗം ജെറി ഈശോ ഉമ്മൻ പ്രസിഡന്റായ ബാങ്ക് സാമ്പത്തിക തകർച്ച നേരിടുകയാണ്. ലക്ഷങ്ങൾ ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയവർ ഒരു പൈസ ചികിൽസയ്ക്ക് പോലും കിട്ടാതെ ദുരിതത്തിലാണ്. സിപിഎം സ്ഥാനാർത്ഥിക്ക് കനത്ത തിരിച്ചടിക്ക് കാരണമായത് ബാങ്കിലെ ക്രമക്കേട് തന്നെയാണെന്ന് വോട്ടർമാരും പറയുന്നു.

സ്വതന്ത്ര അംഗം യുഡിഎഫ് വിമതനായി ജയിച്ചിട്ടുള്ളയാളായതിനാൽ അയാളുടെ സഹായത്തോടെ ഭരണം പിടിക്കാനുള്ള നീക്കം കോൺഗ്രസ് അണിയറയിൽ ആരംഭിച്ചു. സ്വതന്ത്ര അംഗം മാത്യു വർഗീസിനെ എൽഡിഎഫ് വട്ടം പിടിച്ചിട്ടുണ്ട്. മൂന്നാം വാർഡിൽ നിന്നാണ് കോൺഗ്രസ് വിമതനായി മാത്യു വർഗീസ് ജയിച്ചത്. വർഷങ്ങളായി കോൺഗ്രസ് ഭരിച്ചിരുന്ന മൈലപ്ര പഞ്ചായത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് നേരിയ വ്യത്യാസത്തിൽ സിപിഎം നേടിയത്. ഇതിന് സഹായിച്ചത് മാത്യു വർഗീസിന്റെ നിലപാടാണ്. മാത്യു നിലപാട് മാറ്റുന്ന പക്ഷം സിപിഎമ്മിന് ഭരണം നഷ്ടമാകും. വലിയ തിരിച്ചടിയാകും പാർട്ടിക്കിത്.

സിപിഎം വർഷങ്ങളായി കുത്തകയായി നിലനിർത്തിയിരുന്ന പഞ്ചായത്ത് അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥനാർഥി ജെസി വർഗീസിന്റെ വിജയം സി.പിഎമ്മിന്റെ അഴിമതി രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യു.ഡി.എഫ് നേതൃത്വത്തിൽ ജങ്ഷനിൽ ചേർന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോന്നി എംഎ‍ൽഎയുടെ നേതൃത്വത്തിൽ ഭരണ സ്വാധീനം ഉപയോഗിച്ചും പണം ഒഴുക്കിയും പ്രചവരണം നടത്തിയിട്ടും എൽ.ഡി.എഫിന് വിജയിക്കാനാകാതിരുന്നത് മൈലപ്ര സർവീസ് സഹകരണ ബാങ്കിലും പഞ്ചായത്ത് ഭരണത്തിലും സിപിഎം നടത്തിയ അഴിമതിയുടെ ഫലമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

സർക്കാരിന്റെ ജനദ്രോഹ ഭരണം, അഴിമതി എന്നിവയ്ക്കെതിരായ ജനങ്ങളുടെ വലിയ പ്രതിഷേധമാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വൻ വിജയത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ആന്റോ ആന്റണി എംപി. പറഞ്ഞു. ആഹ്ളാദ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.കെ ഗോപി അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, സുനിൽ എസ്. ലാൽ, എലിസബത്ത് അബു, സജി കൊട്ടയ്ക്കാട്, റോജി പോൾ ഡാനിയേൽ, ആർ. ദേവകുമാർ, ജെയിംസ് കീക്കരിക്കാട്ട്, എൽസി ഈശോ, ജോർജ് യോഹന്നാൽ, സിബി മൈലപ്രാ, ശ്യാം എസ്. കോന്നി, അലൻ ജിയോ മൈക്കിൾ, വിത്സൺ തുണ്ടിയത്ത്, ബേബി മൈലപ്രാ, ബിജു സാമുവൽ, ജോബി മണ്ണാറക്കുളഞ്ഞി, ജിജി ഉതിമൂട്, സുനിൽ കുമാർ, ലിബു മാത്യു, ശോശാമ്മ ജോൺസൺ, അനിതാ മാത്യു, ജനകമ്മ ശ്രീധരൻ, അനിതാ തോമസ്, ബിന്ദു ബിനു, എന്നിവർ പ്രസംഗിച്ചു.