- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭയമില്ലെന്ന പ്രതികരണവുമായി മനു തോമസ്; വക്കീൽ നോട്ടീസ് അയച്ച് ജയരാജന്റെ മകൻ
കണ്ണൂർ : കണ്ണൂരിലെ സിപിഎം ഉൾപാർട്ടി പോര് വധഭീഷണിയിലെത്തിയപ്പോൾ പൊലിസ് ഇടപെടുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജനെതിരെ പരസ്യവിമർശനവുമായി രംഗത്തു വന്ന മുൻ ഡി.വൈ.എഫ് ഐ കണ്ണൂർ ജില്ലാ പ്രസിഡന്റും സിപിഎം മുൻകണ്ണൂർ ജില്ലാ കമ്മിറ്റിയംഗവുമായ മനു തോമസിന് പൊലിസ് സംരക്ഷണം ഏർപ്പെടുത്താൻ കണ്ണൂർ റൂറൽ പൊലീസ് കമ്മിഷണർ ഹേമലത ഉത്തരവിട്ടു.
ഇതു പ്രകാരം ആലക്കോട് പൊലിസാണ് മനു തോമസിനും അദ്ദേഹം താമസിക്കുന്ന വിടിനും സംരക്ഷണം നൽകുക. സിപിഎം സൈബർ ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും മനു തോമസിന് ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനായിപൊലിസ് സുരക്ഷ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ആകാശ് തില്ലങ്കേരി മനു തോമസിന്റെ ചിത്രമടക്കം പോസ്റ്റു ചെയ്തു സംഘടനയെ വിമർശിച്ചാൽ വെറുതെ വിടില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.
ഇതിനു ശേഷം സ്വർണ്ണകടത്ത് ക്വട്ടേഷൻ സംഘത്തിലെ പ്രതികളിലൊരാളായ അർജുൻ ആയങ്കിയും പി. ജയരാജനെ അനുകൂലിക്കുന്ന റെഡ് ആർമിയും ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള കൊലവിളിയിൽ ഭയമില്ലെന്നും ജനിച്ചാൽ ഒരിക്കൽ മരിക്കണമെന്നും മനു തോമസ് പ്രതികരിച്ചിരുന്നു. സത്യം തുറന്നു പറയുന്നതിൽ തന്നെയാർക്കും ഭീഷണിപ്പെടുത്തി പിൻതിരിപ്പിക്കാൻ കഴിയില്ലെന്നാണ് മനു തോമസിന്റ നിലപാട്. കണ്ണൂരിലെ സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘത്തിന് സംരക്ഷണം നൽകുന്നത് പി.ജയരാജനും ഇവരുടെ കോർഡിനേറ്ററായി പ്രവർത്തിക്കുന്നത് ജയരാജന്റെ മകൻ ജയ്ൻ രാജാ ണെന്നും മനു തോമസ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.
സ്വർണം പൊട്ടിക്കൽ സംഘത്തിനെ നിയന്ത്രിക്കുന്നത് ജയിൻ രാജാണെന്ന ഗുരുതരമായ ആരോപണമാണ് മനു തോമസ് ഉന്നയിച്ചിരിക്കുന്നത്. റെഡ് ആർമി പി.ജെ ആർമി തുടങ്ങിയ സൈബർ ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നതും പി.ജയരാജന്റെ മകനാണെന്നും വിപുലമായ ബിസിനസ് ജയിൻ രാജിനുണ്ടെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് മനു തോമസ്. വിഷയത്തിൽ പി ജയരാജന്റെ മകൻ മനു തോമസിന് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ചാനലിലൂടെ നടത്തി അപകീർത്തികരമായ പ്രസ്താവനയ്ക്കെതിരെയാണ് വക്കീൽ നോട്ടീസ്. ഏഴു ദിവസത്തിനകം മാപ്പു പറയണമെന്നാണ് ആവശ്യം. ചാനലിലൂടെ തന്നെ തിരുത്തൽ വേണമെന്നും പറയുന്നു. അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.
വിവിധ കോണുകളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെ മനു തോമസിനെതിരെ വധഭീഷണി മുഴങ്ങിയിരുന്നു. സ്വർണ കടത്ത് സംഘങ്ങളുമായി രഹസ്യ ബന്ധം പുലർത്തിയെന്ന ഡി.വൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും യുവജന കമ്മിഷൻ അധ്യക്ഷനുമായ എം. ഷാജർക്ക് സ്വർണക്കടത്ത് -ക്വട്ടേഷൻ സംഘങ്ങൾക്ക് നേതൃത്വം നൽകുന്ന ആകാശ് തില്ലങ്കേരിയുമായി രഹസ്യബന്ധമുണ്ടെന്ന ആരോപണമാണ് മനു തോമസ് പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് നൽകിയിരുന്നത്. ഇതു കൂടാതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മനു തോമസ് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് 2023 ഏപ്രിൽ മുതൽ മെംപർഷിപ്പ് പുതുക്കാതെ പാർട്ടിയിൽ നിന്നും ഒഴിവായത്.
എന്നാൽ മനു തോമസിന്റെ പരാതിയിൽ യാതൊരു കഴമ്പുമില്ലെന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിനു ശേഷമാണ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് നൽകിയ പരാതിയുടെ കോപ്പിമാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഷാജ റെ പേരെടുത്തു പറഞ്ഞു കൊണ്ടുള്ള പരാതിയാണ് പുറത്തു വന്നത്. ഇതിനു ശേഷം മൗനം പാലിച്ച കണ്ണൂർ ജില്ലാ നേതൃത്വം ഇതുവരെ പരാതിയെ കുറിച്ചുള്ള കാര്യങ്ങളിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.