തിരുവല്ല: മാർത്തോമ്മ സഭാ നേതൃത്വം കോൺഗ്രസ് നേതൃത്വവുമായി ഇടയുന്നു. പി.ജെ. കുര്യൻ അടക്കമുള്ള സഭാംഗങ്ങളായ നേതാക്കളെ വരെ സഭയുടെ പൊതുപരിപാടിയിൽ അവഗണിച്ചു. അതേസമയം, ഇടതിനോട് അടുക്കുന്നുവെന്ന സൂചന നൽകി തിരുവല്ലയിലെ നവകേരള സദസിനുള്ള വേദിയായി സഭാ ആസ്ഥാനം വിട്ടു നൽകാനും തീരുമാനം. സഭാ നേതൃത്വത്തോട് കോൺഗ്രസ് നേതൃത്വം സ്വീകരിച്ച നയമാണ് എതിർപ്പിനും അവഗണനയ്ക്കും കാരണമായിരിക്കുന്നത്.

ഇന്നലെ മാർത്തോമ്മ സഭാ ആസ്ഥാനത്ത് നടന്ന റമ്പാന്മാരുടെ സ്ഥാനാരോഹണ ചടങ്ങിലാണ് പ്രമുഖ കോൺഗ്രസ് നേതാക്കൾക്ക് പരിഗണന കിട്ടാതെ പോയത്. സഭയുടെ ഏതു പരിപാടി നടന്നാലും വേദിയിൽ പ്രത്യേക ക്ഷണിതാവായി കാണാറുള്ള പി.ജെ. കുര്യനെ അടക്കം ഇന്നലെ ഒഴിവാക്കി. വെറുമൊരു വിശ്വാസിയായി കുര്യന് സദസിൽ ഇരിക്കേണ്ടി വന്നു. കോൺഗ്രസിന്റെ ഒറ്റ ജനപ്രതിനിധിക്കും വേദിയിൽ ഇരിപ്പിടം കൊടുത്തില്ല. പ്രസംഗിക്കാനുണ്ടായിരുന്ന ഏക ജനപ്രതിനിധി സ്ഥലം എംഎൽഎ മാത്യു ടി. തോമസാണ്. നഗരസഭാ ചെയർപേഴ്സൺ അനുവിനെയും ക്ഷണിച്ചില്ല. മാർത്തോമ്മ സഭയുടെ എല്ലാ പരിപാടികളിലും സാന്നിധ്യമായിരുന്ന കുര്യനെയും ആന്റോ ആന്റണി എംപിയെയും ക്ഷണിക്കേണ്ടെന്ന് ഇക്കുറി തീരുമാനിച്ചിരുന്നുവെന്നാണ് വിവരം.

കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം പി.ജെ. കുര്യൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, സെക്രട്ടറി റിങ്കു ചെറിയാൻ, അംഗം ജോർജ് മാമൻ കൊണ്ടൂർ, നഗരസഭാ ചെയർപേഴ്സൺ അനു എന്നിവർക്ക് ക്ഷണിക്കാത്ത അതിഥികളെപ്പോലെ സദസിൽ കാഴ്ചക്കാരായി ഇരിക്കേണ്ടി വന്നു. ഇവരെയൊന്നും ഔപചാരികമായി സ്വീകരിക്കാൻ പോലും ആരും ചെന്നില്ല.

ഏറെ നാളായി സഭാ നേതൃത്വം കോൺഗ്രസുമായി അകൽച്ചയിലാണ്. നേരത്തേ കോൺഗ്രസിന്റെ ഉൾപ്പാർട്ടി ജനാധിപത്യത്തിൽ സഭ ഇടപെട്ടിരുന്നില്ല. എന്നാൽ, സഭാംഗങ്ങളായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ ഒരു കാരണവുമില്ലാതെ നീക്കിയതും ഡിസിസി ജനറൽ സെക്രട്ടറിയും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഡോ. സജിചാക്കോയെ അച്ചടക്കലംഘനം ആരോപിച്ച് പുറത്താക്കിയതുമാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

സമുദായാംഗങ്ങളായ മണ്ഡലം പ്രസിഡന്റുമാരെ മാറ്റിയപ്പോൾ അവരെ മാറ്റാനുണ്ടായ കാരണം ആരാഞ്ഞ് സഭാ നേതൃത്വം ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ, കെ. സുധാകരൻ എന്നിവർക്ക് കത്തയച്ചിരുന്നു. ഇതിൽ ഉമ്മൻ ചാണ്ടി മാത്രമാണ് പ്രതികരിച്ചത്. കേരളത്തിലെ കോൺഗ്രസിൽ തനിക്ക് റോളില്ലെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. മറ്റുള്ള നേതാക്കളാരും തന്നെ ഒരു മറുപടി നൽകാനുള്ള സാമാന്യ മര്യാദ പോലും കാണിച്ചില്ല. പുറത്താക്കിയ മണ്ഡലം പ്രസിഡന്റുമാരെ തിരിച്ചെടുക്കണമെന്ന് സഭ ആവശ്യപ്പെട്ടിരുന്നില്ല. സമുദായത്തിൽ നിന്ന് കൂടുതൽ പേരെ പ്രസിഡന്റാക്കണമെന്നും നിർബന്ധം പിടിച്ചില്ല. എന്തു കുറ്റം കൊണ്ടാണ് നിലവിലുള്ളവരെ മാറ്റിയത് എന്നൊന്ന് അറിയിക്കണം എന്നു മാത്രമായിരുന്നു അവരുടെ ആവശ്യം. അതു പോലെ ഡോ. സജി ചാക്കോയെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കണമെന്ന ആവശ്യവും മുന്നോട്ടു വച്ചിരുന്നു. ഇതിനൊന്നും ഉത്തരവാദിത്തപ്പെട്ടവരുടെ പ്രതികരണം ഉണ്ടായില്ല.

സഭയിലെ ഒരു മെത്രാപ്പൊലീത്ത നേരിട്ട് പഴകുളം മധുവടക്കമുള്ള നേതാക്കളോട് ഇതേ ചോദ്യം ഉന്നയിക്കുകയും വരുന്ന തെരഞ്ഞെടുപ്പിൽ സഭയുടെ ശക്തി അറിയിക്കാമെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഒരു കാര്യത്തിലും നേതൃത്വംപ്രതികരിക്കാതെ ഇരുന്നതാണ് സഭാ നേതൃത്വത്തെ ചൊടിപ്പിച്ചത്. അതു കൊണ്ടു തന്നെയാണ് എംപിയെയും നഗരസഭാ ചെയപേഴ്സനെയും ചടങ്ങിൽ നിന്നൊഴിവാക്കിയത്. ഇതിന് പൂറമേയാണ് തിരുവല്ലയിൽ നവകേരള സദസിന് വേദി ഒരുക്കാൻ സഭയുടെ എസ്.സി.എസ് മൈതാനം വിട്ടു കൊടുത്തിരിക്കുന്നത്. അവിടെ റമ്പാന്മാരുടെ സ്ഥാനാരോഹണത്തിന് വേണ്ടി തയാറാക്കിയ പന്തൽ ഇതിനായി നിലനിർത്തുമെന്നാണ് സൂചന.