കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് മുൻ ധനമന്ത്രി തോമസ് ഐസക് നൽകിയ മറുപടി തള്ളി. മസാല ബോണ്ട് ഇറക്കിയതിൽ തോമസ് ഐസക്കിന് നിർണായക റോളെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കിഫ്ബിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ തോമസ് ഐസകിന് കഴിയില്ല. കിഫ്ബിയുടെ യോഗ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് തോമസ് ഐസക് ആണെന്നും ഇഡി കണ്ടെത്തി.

മസാല ബോണ്ട് ഇറക്കാനുള്ള തീരുമാനങ്ങൾ അംഗീകരിച്ചത് മുഖ്യമന്ത്രിയും തോമസ് ഐസക്കും പങ്കെടുത്ത കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിലാണ്. മസാല ബോണ്ട് ഇറക്കിയതിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന തോമസ് ഐസക്കിന്റെ വാദം നിലനിൽക്കില്ലെന്നും ഇഡി പറയുന്നു. കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനുട്‌സ് രേഖകൾ പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാന സർക്കാരിന് പുറത്തുള്ള ആളുകൾ മസാല ബോണ്ടിറക്കാനുള്ള തീരുമാനമെടുത്ത ഡയറക്ടർ ബോർഡിൽ ഉണ്ടായിരുന്നു. ഡയറക്ടർ ബോർഡ് യോഗം മസാല ബോണ്ടിറക്കുന്നതിന് ചുമതലപ്പെടുത്തിയത് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

മസാല ബോണ്ട് റേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങൾ ഫിനാൻസ് സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ബോർഡ് യോഗത്തിൽ ഉന്നയിച്ച്, ഇത് അവസാനിപ്പിക്കാനുള്ള തീരുമാനം എടുത്തപ്പോൾ, അതിന് ചുമതലപ്പെടുത്തിയതും തോമസ് ഐസകിനെയായിരുന്നു. അതിനാൽ തന്നെ മസാല ബോണ്ടിറക്കിയതിലും അവസാനിപ്പിക്കുന്നതിലും നിർണായക റോൾ തോമസ് ഐസക് വഹിച്ചിരുന്നു. തനിക്ക് മാത്രമായി പ്രത്യേക പങ്ക് ഇക്കാര്യത്തിൽ ഇല്ലെന്ന തോമസ് ഐസകിന്റെ വാദം തെറ്റാണെന്നും എൻഫോഴ്‌സ്‌മെന്റ് വിഭാഗം പറയുന്നു.

മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡിന്റേതാണ് മസാല ബോണ്ടിലെ തീരുമാനമെന്നും തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ല. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഏഴു പേജുള്ള മറുപടിയിൽ തോമസ് ഐസക് വ്യക്തമാക്കിയിരുന്നു.

"കിഫ്ബി മസാലബോണ്ടിൽ എനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്തവുമില്ല. കിഫ്ബി രൂപീകരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡിന്റെ മേൽനോട്ടത്തിലാണുള്ളത്. മുഖ്യമന്ത്രിയാണ് അതിന്റെ ചെയർമാൻ. കൂട്ടായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തമല്ലാതെ ഇക്കാര്യത്തിൽ എനിക്ക് യാതൊരു പ്രത്യേക അധികാരവും ഇല്ല." തോമസ് ഐസക് പറഞ്ഞു.

കിഫ്ബിയുടെ വൈസ് ചെയർമാൻ, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിക്കേണ്ടിവന്ന ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല" എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കേസിൽ എൻഫോഴ്‌സ്‌മെന്റ് അന്വേഷണം നിശ്ചലമാക്കാൻ കിഫ്ബി മനഃപൂർവം ശ്രമിക്കുന്നതായി ഇഡി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഇന്ന് കുറ്റപ്പെടുത്തിയിരുന്നു. പത്ത് മാസമായി കിഫ്ബിയടക്കം എതിർകക്ഷികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ല. എതിർ കക്ഷികൾ മനഃപൂർവം നിസഹകരിക്കുകയാണ്. കേസിൽ സമൻസ് അയക്കുന്നത് നടപടിക്രമം മാത്രമാണ്. അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കിഫ്ബി അടക്കം ശ്രമിക്കുന്നത് ശരിയല്ല.

സമൻസ് കിട്ടുന്നയാൾ കുറ്റക്കാരനാണെന്നോ അല്ലെന്നോ പ്രഥമദൃഷ്ട്യാ പറയാനാകില്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള വിവര ശേഖരണത്തിനാണ് സമൻസ് നൽകുന്നത്. സഹകരിക്കേണ്ടത് ഉത്തരവാദിത്വമുള്ളവരുടെ ബാധ്യതയാണെന്നും ഇഡി പറയുന്നു. ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. ഇഡി സമൻസ് ചോദ്യം ചെയ്ത് കിഫ്ബി നൽകിയ ഹർജിയിലാണ് ഇ ഡിയുടെ മറുപടി. മുൻ ധനമന്ത്രി തോമസ് ഐസക്കും ഇഡിക്ക് മുൻപാകെ ഹാജരാകാൻ കഴിഞ്ഞദിവസം വിസമ്മതിച്ചിരുന്നു.