തിരുവനന്തപുരം: സിപിഎം നേതാക്കളെ വീണ്ടു വെല്ലുവിളിച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്‌സാലോജിക് കർത്തയുടെ കമ്പനിയിൽ നിന്നും പണം വാങ്ങിയതിന്റെ എൈ.ജി.എസ്.ടി. രേഖകൾ അടച്ചതിന്റെ രേഖകൾ പുറത്തു വിടണമെന്ന വെല്ലുവിളി സിപിഎം നേതാക്കൾ സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സിപിഎം നേതാക്കളുടെ നെഞ്ചിടിപ്പ് വർധിപ്പിച്ചു കൊണ്ട് മാത്യു കുഴൽനാടന്റെ ഫേസ്‌ബുക്ക് പോസ്റ്റു വന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തുവിടുമെന്ന് അവകാശപ്പെട്ട രേഖകൾ രണ്ടുദിവസമായിട്ടും വെളിച്ചം കാണാത്ത നിലയ്ക്ക് എന്റെ കയ്യിലുള്ള രേഖകളുമായി ഇന്ന് മാധ്യമങ്ങളെ കാണുമെന്നാണ് മാത്യു ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. മാത്യു ഇന്ന് എന്തു രേഖയാണ് പുറത്തുവിടുക എന്ന ആകാംക്ഷയാണ് ഉയരുന്ന്ത്.

ശശിധരൻ കർത്തയുടെ സി.എം.ആർ.എല്ലിൽനിന്ന് വീണ വിജയന്റെ സ്ഥാപനമായ എക്സാലോജിക് പണം വാങ്ങിയ തീയതിയിലുള്ള ഐ.ജി.എസ്.ടി. അടച്ചതിന്റെ രേഖകളും ഇൻവോയ്സും പുറത്തുവിടാൻ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എംഎ‍ൽഎ കഴിഞ്ഞ ദിവസവും രംഗത്തുവന്നിരുന്നു. ഒരു ദിവസംകൂടെ സമയം നൽകാം. തെറ്റ് തന്റെ ഭാഗത്താണെന്ന് തെളിയിച്ചാൽ ഏറ്റുപറയും. വീണയെപ്പോലെയൊരു സംരംഭകയെ ബുദ്ധിമുട്ടിച്ചുണ്ടെങ്കിൽ മാപ്പ് പറയാനും മടിയില്ല. എന്നാൽ, മറിച്ചാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി എന്ന് സിപിഎം. സെക്രട്ടേറിയറ്റ് അംഗീകരിക്കുമോ എന്ന മറുചോദ്യമാണ് തനിക്ക് ചോദിക്കാനുള്ളതെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കിയിരുന്നു.

'എ.കെ. ബാലൻ മുതിർന്ന നേതാവാണ്. ഞാനൊരു തുടക്കക്കാരനാണ്. ഇപ്പോഴേ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ പറയുന്നത് കുറച്ച് കൂടിയ വെല്ലുവിളിയാണ്. ഞാൻ ഉയർത്തിയ ആരോപണം തെറ്റാണെന്ന് തെളിയിച്ചാൽ മാപ്പു പറയുമോ എന്ന് മറ്റൊരു ഓപ്ഷൻ അദ്ദേഹം പറഞ്ഞിരുന്നല്ലോ. വീണ വിജയൻ തന്നെയോ സിപിഎം. സംസ്ഥാന സെക്രട്ടേറിയേറ്റോ കണക്കുകൾ പുറത്തുവിടട്ടേ എന്നാണ് ഞാൻ പറഞ്ഞത്. മൂന്ന് ദിവസം ഞാൻ കാത്തുനിന്നു. മനുഷ്യനാണ്, എന്റെ ഫാക്ട്സ് തെറ്റാണെന്ന് തെളിയിച്ചാൽ, എന്റെ ഭാഗത്തു തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഞാനത് ഏറ്റുപറയും. വീണയെപ്പോലെയൊരു സംരംഭകയെ ബുദ്ധിമുട്ടിച്ചുണ്ടെങ്കിൽ മാപ്പ് പറയാനും മടിയില്ല', മാത്യു കുഴൽനാടൻ വ്യക്തമാക്കി.

മറിച്ച് സി.എം.ആർ.എല്ലിൽ നിന്ന് വീണയും എക്സാലോജിക്കും കൈപ്പറ്റിയ 1.72 കോടി രൂപയ്ക്ക് ഐ.ജി.എസ്.ടി. അടച്ചിട്ടില്ല എന്ന് തെളിയിച്ചാൽ മുതിർന്ന നേതാവാണല്ലോ, എ.കെ. ബാലൻ എന്ത് ചെയ്യും? പിണറായി വിജയനും അദ്ദേഹവും പൊതുപ്രവർത്തനം അവസാനിപ്പിക്കണമെന്നൊന്നും താൻ ആവശ്യപ്പെടില്ല. അത്രയും വലിയ നേതാക്കളോട് ആവശ്യപ്പെടാൻ ആളല്ല. ഐ.ജി.എസ്.ടിയുടെ കണക്ക് പുറത്തുവിടാൻ താൻ കാത്തുനിൽക്കുകയാണെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

'ആ തീയതിയിലുള്ള ഇൻവോയ്സും ഐ.ജി.എസ്.ടിയും ഫയൽ ചെയ്ത രേഖകളും പുറത്തുവിട്ടാൽ എല്ലാം വ്യക്തമായി. എന്നാൽ, മറ്റേതെങ്കിലും വിനിമയത്തിന് ഫയൽ ചെയ്ത ജി.എസ്.ടി.ആറിന്റെ കാര്യമല്ല പറയുന്നത്, ശശിധരൻ കർത്തയുടെ കമ്പനിയിൽനിന്ന് വീണയും എക്സാലോജിക്കും വാങ്ങിയ 1.72 കോടി രൂപയുടെ, അതാത് നാളുകളിൽ ഫയൽ ചെയ്ത ഇൻവോയ്സും ഐ.ജി.എസ്.ടിയും പുറത്തുവിട്ടട്ടെ. എ.കെ. ബാലൻ ഉയർത്തിയ വെല്ലുവിളി ഞാൻ വിനയത്തോടെ ഏറ്റെടുക്കുകയാണ്.

എന്റെ ഭാഗത്താണ് തെറ്റെന്ന് അവർ ബോധ്യപ്പെടുത്തുകയാണെങ്കിൽ സമൂഹത്തോട് ഖേദം പ്രകടിപിക്കാൻ ഞാൻ തയ്യാറാണ്. അവർക്കിനിയും എത്ര ദിവസം വേണമെന്ന് എനിക്ക് അറിയില്ല. ഒരു ദിവസംകൂടെ സമയം ഞാൻ നൽകാം. ഇല്ലെങ്കിൽ ഞാൻ എന്റേതായ നിലയ്ക്ക് തെളിയിക്കാൻ പരിശ്രമിക്കും. തെളിയിച്ചാൽ അദ്ദേഹം പൊതുപ്രവർത്തനം നിർത്തണമെന്ന് ഞാൻ പറയില്ല. പക്ഷേ, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങി എന്ന് സിപിഎം. സെക്രട്ടേറിയറ്റ് അംഗീകരിക്കുമോ എന്ന മറുചോദ്യമാണ് എനിക്ക് ചോദിക്കാനുള്ളത്', മാത്യു കുഴൽനാടൻ വ്യക്തമാക്കി.