കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖംനോക്കാതെ രണ്ടു വാക്കു പറയാൻ കോൺഗ്രസിനുള്ളിൽ അധികമാരും ഉണ്ടായിരുന്നില്ല. കുറച്ചു കാലം മുമ്പ് പി ടി തോമസ് എംഎൽഎയായിരുന്നു മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളുമായി രംഗത്തുവന്നിരുന്ന നേതാവ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ആ ദൗത്യം ഏറ്റെടുത്തു കത്തിക്കയറുന്നത് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനാണ്. സിപിഎം നേതാക്കൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉരുളക്കുപ്പേരി മറുപടി നൽകുന്നതിനൊപ്പം ഓരോ വാർത്താ സമ്മേളനത്തിലും ഇടതുകേന്ദ്രങ്ങളെ അങ്കാലാപ്പിലാക്കുന്ന വിഷയങ്ങളും എടുത്തു പുറത്തിടുകയാണ് മാത്യു.

ഇങ്ങനെ തനിക്കെതിരായ ആരോപണങ്ങളിൽ മറുപടി പറയാൻ വിളിച്ച വാർത്താസമ്മേളനങ്ങളിലെല്ലാം മാത്യു താരമാകുകയാണ്. മറുവശത്ത് തനിക്കും മകൾക്കുമെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി നൽകാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോട്ടം തുടരുകയും ചെയ്യുന്നു. ഇവിടെയാണ് മാത്യു താരമാകുന്നത്. ഇന്നലെ തന്റെ വസ്തുക്കളുടെ ആധാരം തേടിയെത്തിയ സഖാക്കൾക്ക് മുന്നിലേക്ക് എകെജി സെന്ററിന്റെ അടിയാധാരം വലിച്ചിട്ടാണ് മാത്യു മറുപടി നൽകിയത്. കേരളത്തിലെ ഏറ്റവും വലിയ അനധികൃത നിർമ്മാണം എകെജി സെന്ററാണെന്നാണ് മാത്യുവിന്റെ ആരോപണം.

മുൻപ് നിയമസഭയിൽ അടക്കം വന്നിട്ടുള്ള ഈ ആരോപണം വീണ്ടും ഉയർത്തിയതോടെ തനിക്കെതിരായ ആരോപണങ്ങൾക്ക് ചുട്ട മറുപടി നൽകുകയാണ് മാത്യു. ഇതോടെ സൈബറിടത്തിൽ കോൺഗ്രസിന്റെ ഏറ്റവും മിടുക്കനായ പോരാളിയായി മാത്യു മാറിയിട്ടുണ്ട്. തന്റെ സ്ഥാപനത്തിനെതിരെ ആരോപണം ഉന്നയിച്ച എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനന് രണ്ടരകോടിയുടെ മാനഷ്ട കേസിലേക്കും നടപടി തുടങ്ങിയതോടെ അവിടെയും സഖാക്കളെ പ്രതിരോധത്തിലാക്കാൻ മാത്യുവിന് സാധിച്ചു. വിവാദത്തിൽ നിന്നും തടിയൂരാൻ സിഎൻ മോഹനൻ മാപ്പുപറയുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇന്നലെ വാർത്താസമ്മേളനത്തിൽ മാത്യു വിഷയങ്ങൾ എണ്ണിപറഞ്ഞു കൊണ്ടാണ് കത്തിക്കയറിയത്. മൂന്നാറിൽ താൻ ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും നിയമപരമായ നിർമ്മാണം മാത്രമേ നടത്തിയിട്ടുള്ളൂവെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. മൂന്നാറിലെ പല റിസോർട്ടുകളും നിർമ്മാണ പ്രവൃത്തികളും ഭൂനിയമം ലംഘിച്ചു കൊണ്ടുള്ളതാണ്. അതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യം തന്നോട് ചോദിച്ചത്. പട്ടയഭൂമിയിൽ വ്യാവസായിക ആവശ്യത്തിനുള്ള കെട്ടിടം നിർമ്മിക്കുമ്പോഴാണ് നിയമലംഘനമാവുന്നത്. നിലവിൽ ചിന്നക്കനാലിൽ പണിതത് റെസിഡൻഷ്യൽ പെർമിറ്റിലുള്ള കെട്ടിടമാണ്. അത് 100 ശതമാനം നിയമവിധേയമാണ്. എന്നാൽ എം വി ഗോവിന്ദൻ തനിക്കെതിരെ വാർത്താസമ്മേളനം നടത്തിയ എകെജി സെന്റർ പട്ടയ ഭൂമിയിൽ നിയമവിരുദ്ധമായി നിർമ്മിച്ച കെട്ടിടമാണെന്നും കുഴൽനാടൻ ആരോപിച്ചു.

ചിന്നക്കനാലിലെ ഭൂമി വാങ്ങിയതിൽ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ല. റിസോർട്ട് സ്വകാര്യ കെട്ടിടമാണെന്നു പറഞ്ഞത് റെസിഡൻഷ്യൽ പെർമിറ്റ് പ്രകാരം നിർമ്മിച്ചതിനാലാണ്. ഭൂമി നിയമവിരുദ്ധമായി മണ്ണിട്ടു നികത്തി എന്നതിന് കൃത്യമായ മറുപടി ഇതിനോടകം പലതവണ നൽകിയിട്ടുണ്ട്. അഭിഭാഷക വൃത്തിയോടൊപ്പം നിയമവിരുദ്ധമായി ഒരു ബിസിനസും താനായിട്ട് നടത്തിയിട്ടില്ല. ഒൻപതു കോടിയുടെ വിദേശ നിക്ഷേപമുണ്ടെന്നു പറഞ്ഞിട്ടില്ല. വിദേശത്തെ ഒരു സ്ഥാപനത്തിൽ തനിക്കുള്ള 24 ശതമാനം പങ്കാളിത്തത്തേക്കുറിച്ചാണ് പറഞ്ഞത്. അതിന്റെ മാർക്കറ്റ് വില ഏകദേശം ഒൻപത് കോടി വരുമെന്നാണ് പറഞ്ഞത്. അല്ലാതെ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞു.

''ഒരു പൊതുപ്രവർത്തകനോ രാഷ്ട്രീയക്കാരനോ ആയി പരമാവധി സുതാര്യമായാണ് ഞാൻ കാര്യങ്ങൾ അവതരിപ്പിച്ചത്. എല്ലാ രേഖകളും മാധ്യമങ്ങൾക്കു മുൻപിൽ നൽകിയിട്ടുണ്ട്. പൊതുജനത്തിനു മുൻപിൽ പുകമറ സൃഷ്ടിക്കാനാണ് നിയമവിരുദ്ധമായി സ്വത്ത് സമ്പാദിച്ചെന്ന് വീണ്ടും ആരോപിക്കുന്നത്. തോമസ് ഐസക് പിന്മാറിയ സ്ഥിതിക്ക് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന് നേരിട്ടുവന്ന് പരിശോധിക്കാം.

പാർട്ടിയുടെ സാധാരണ പ്രവർത്തകർക്കായി ഞാൻ ചില കാര്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഈ ആരോപണങ്ങൾ മുഴുവൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളെ ചെറുക്കാൻ വേണ്ടിയാണ്. സിപിഎമ്മിന്റെ മുഴുവൻ ഊർജവും ധാർമിക ബലവും പാരമ്പര്യവും എല്ലാം ഇതിനായി ഉപയോഗിക്കുകയാണ്. ഈ അവസരത്തിൽ സിപിഎം എന്ന പാർട്ടി എവിടെയെത്തി നിൽക്കുകയാണ്? കോൺഗ്രസ് അധികാരത്തിൽ വന്നാലും സിപിഎം പ്രതിപക്ഷത്ത് വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. എന്നാൽ പാർട്ടി ഇന്നു തകർച്ചയിലേക്ക് വീണുകൊണ്ടിരിക്കുകയാണ്.

സിപിഎമ്മിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരായാണ് ഇന്നു പാർട്ടി നേതാക്കൾ പ്രവർത്തിക്കുന്നത്. പാർട്ടിയുമായി ബന്ധപ്പെട്ട ആരും അനധികൃത സ്വത്ത് സമ്പാദിക്കരുതെന്നുള്ള പ്രമേയം പലതവണ സിപിഎം സമ്മേളനങ്ങളിൽ പാസാക്കിയതാണ്. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് സിപിഎമ്മിന് പറയാനാവുമോ? ഇടുക്കിയിലെ സി.വി.വർഗീസാണ് രണ്ടാമത്തെ ആൾ. ഇവർക്കെതിരെ വിരൽ ചൂണ്ടാൻ നിങ്ങൾ തയ്യാറാണോ? കുറഞ്ഞപക്ഷം പാർട്ടിക്കാരോടെങ്കിലും ഇക്കാര്യം പറയാൻ നിങ്ങൾക്കാകുമോ? ഇതിന്റെ യാഥാർഥ്യം പുറത്തുവന്നാൽ നിങ്ങൾ ഉടുതുണിയില്ലാത്ത അവസ്ഥയിലാകും. ഇതു ചോദിക്കാൻ സിപിഎമ്മിൽ ഒരാളുപോലും ഇല്ല.'' -കുഴൽനാടൻ പറഞ്ഞു.