- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിമതിക്കാരനായി ചിത്രീകരിച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ വേണ്ടിയാണ് ചിന്നക്കനാല്‍ കേസ് കെട്ടിച്ചമച്ചത്; വിജിലന്‍സ് ചോദ്യം ചെയ്യലിന് പിന്നാലെ ആഞ്ഞടിച്ച് മാത്യു കുഴല്‍നാടന്‍; ചിന്നക്കനാലില്‍ ഒരിഞ്ച് ഭൂമി പോലും അധികമായി ചേര്‍ത്തിട്ടില്ലെന്ന് എംഎല്‍എ
പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് ചോദ്യം ചെയ്തതിന് പിന്നാലെ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്നെ അഴിമതിക്കാരനായി ചിത്രീകരിച്ച് മുഖ്യമന്ത്രിക്കും സി പി എമ്മിനും പ്രസംഗിക്കാന്‍ വേണ്ടിയാണ് ഈ കേസ് കെട്ടിച്ചമച്ചതെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിന്നക്കനാലില്‍ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന വിജിലന്‍സ് കണ്ടെത്തലുകളെ കുഴല്‍നാടന്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. താന്‍ ഭൂമി വാങ്ങിയ ശേഷം അവിടെ ഒരു സെന്റ് ഭൂമി പോലും അധികമായി ചേര്‍ത്തിട്ടില്ലെന്നും, രജിസ്‌ട്രേഷന്‍ സമയത്ത് ഭൂമിയുടെയോ കെട്ടിടത്തിന്റെയോ വില കുറച്ച് കാണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാന്‍ ഒരു രൂപയുടെ അഴിമതി പോലും നടത്തിയിട്ടില്ല. അന്വേഷണത്തില്‍ വിജിലന്‍സ് എന്താണ് കണ്ടെത്തിയതെന്ന് അവര്‍ ജനങ്ങളോട് പറയട്ടെ. സര്‍ക്കാരിന് എന്നെ വേട്ടയാടണം, അതിന് വേണ്ടി വിജിലന്‍സിനെ ദുരുപയോഗം ചെയ്യുകയാണ്.' - മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന തന്നെ നിശബ്ദനാക്കാനാണ് ഇത്തരം കേസുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിന്നക്കനാലിലെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നികുതി വെട്ടിച്ചെന്നും പുറമ്പോക്ക് ഭൂമി കയ്യേറിയെന്നുമാണ് വിജിലന്‍സ് ഉന്നയിക്കുന്ന പ്രധാന ആരോപണങ്ങള്‍.
തന്റെ ഭാഗത്ത് വീഴ്ചകളില്ലെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയ എംഎല്‍എ, വിജിലന്‍സ് കണ്ടെത്തിയ കാര്യങ്ങള്‍ രഹസ്യമാക്കി വെക്കാതെ പൊതുസമക്ഷം വെളിപ്പെടുത്തണമെന്നും വെല്ലുവിളിച്ചു.


