- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റത്തൂരിലെ വിമതര്‍ ഒടുവില്‍ പാര്‍ട്ടി വഴിയേ; വൈസ് പ്രസിഡന്റ് രാജിവെച്ചു; രാജിക്കത്ത് ഉടന്‍ കെപിസിസി നേതൃത്വത്തിന് കൈമാറും; കെപിസിസി നേതൃത്വം പറയുന്നത് അനുസരിക്കുമെന്ന് നൂര്‍ജഹാന്‍ നവാസ്; സ്വതന്ത്ര ആയതിനാല്‍ പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല
മറ്റത്തൂരിലെ വിമതര്‍ ഒടുവില്‍ പാര്‍ട്ടി വഴിയേ
തൃശൂര്‍: കോണ്‍ഗ്രസിനെ വെട്ടിലാക്കിയ മറ്റത്തൂരില്‍ പാര്‍ട്ടിക്ക് വഴങ്ങി വിമത അംഗങ്ങള്‍. ബിജെപിയുടെ വോട്ട് നേടി ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസ് സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചു. പഞ്ചായത്ത് സെക്രട്ടറിക്കും കെപിസിസി നേതൃത്വത്തിനും നാളെ തന്നെ രാജിക്കത്ത് കൈമാറുമെന്ന് കോണ്‍ഗ്രസ് വിമതര്‍ വ്യക്തമാക്കി. കെപിസിസി ചുമതലപ്പെടുത്തിയ റോജി എം ജോണ്‍ എംഎല്‍എ മായുള്ള ചര്‍ച്ചയിലൂടെയാണ് മറ്റത്തൂരില്‍ സമവായത്തിന് വഴിയൊരുങ്ങിയത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുന്‍ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ നവാസിന്റെ രാജിക്കത്ത് കെപിസിസിക്ക് കൈമാറുമെന്നും പഞ്ചായത്ത് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നും രാജിവെക്കില്ലെന്നാണ് ടെസി ജോസ് അറിയിച്ചതെന്നും ടിഎം ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെപിസിസി പറയുന്നത് അനുസരിക്കുമെന്നും പൂര്‍ണ മനസോടെയാണ് രാജിവെക്കുന്നതെന്നും രാജിവെയ്ക്കരുതെന്നാണ് ജനങ്ങള്‍ പറയുന്നതെന്നും നൂര്‍ജഹാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയെ ധിക്കരിക്കില്ലെന്ന് ഞങ്ങള്‍ നേരത്തെ തന്നെ ഉറപ്പ് നല്‍കിയിരുന്നു. ഞങ്ങളുടെ ആവശ്യം കെപിസിസി ഇതുവരെ നിരാകരിച്ചതായി അറിഞ്ഞിട്ടില്ലെന്നും വിമത അംഗങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ഥിയായത് മുതല്‍ പല ബുദ്ധിമുട്ടുകളും താന്‍ അനുഭവിച്ചു. ഡിസിസിയുടേതെന്ന് പറഞ്ഞ് പല ആളുകളും നാട്ടിലെത്തി ബിജെപിക്ക് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. താന്‍ എന്നും യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും നൂര്‍ജഹാന്‍ നവാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം പ്രസിഡന്റ് ടെസി ജോസ് രാജിവെക്കില്ല. അവര്‍ സ്വതന്ത്രയായതിനാല്‍ അവര്‍ സ്ഥാനം രാജിവെക്കില്ല. മറ്റത്തൂരില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സീറ്റ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ടി എം ചന്ദ്രന്‍ രംഗത്തുവന്നു. മറ്റത്തൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ടത് കൊടകര റഷീദ് എന്ന ഗുണ്ടാ നേതാവാണെന്നും, ഇതനുസരിച്ച് മൂന്നുപേര്‍ക്ക് ഡിസിസി നേരിട്ട് ചിഹ്നം അനുവദിച്ചുവെന്നുമാണ് ചന്ദ്രന്‍ ആരോപിച്ചത്.
കെപിസിസി ഇടപെട്ടാണ് മറ്റത്തൂരില്‍ സമവായം ഉണ്ടാക്കിയത്. മറ്റത്തൂര്‍ വിഷയം അവസാനിച്ചുവെന്നും തെറ്റുതിരുത്തുന്നത് നല്ല കാര്യമെന്ന് ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വര്‍ഗീയ പാര്‍ട്ടിയുമായി കൂട്ടുകൂടാന്‍ പാടില്ല. തെറ്റുപറ്റിയെന്ന് ഏറ്റുപറയണം. തെറ്റുതിരുത്തിവരുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കും. അതാണ് പാര്‍ട്ടി ലൈനെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുകയായിരുന്നു. പഞ്ചായത്തില്‍ 10 അംഗങ്ങളുണ്ടായിരുന്ന എല്‍ഡിഎഫ് ഭരണം പിടിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്നത്.
24 അംഗ പഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ടെസി ജോസ് കല്ലറക്കല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളുമാണ് ടെസിയെ പിന്തുണച്ചത്. സംഭവത്തില്‍ കോണ്‍ഗ്രസ് നടപടിയെടുത്തിരുന്നു. ഡിസിസി ജനറല്‍ സെക്രട്ടറി ടി എം ചന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പില്‍ എന്നിവരെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.




