- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'വിമർശനം ഒരുപദവിയുടെയും അന്തസ് ഇടിച്ചു താഴ്ത്തില്ല; ആരും വിമർശനാതീതരല്ല'; ഗവർണർക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്; നിമിഷങ്ങൾക്കുള്ളിൽ കുറിപ്പ് പിൻവലിച്ച് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിച്ച് മന്ത്രി എംബി രാജേഷ്. ഗവർണർ പദവിയുടെ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞതിനെതിരെയാണ് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചത്. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്‌ത്തുന്നില്ലെന്നും ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ലെന്നും ഉൾപ്പെടെ മൂന്നു കാര്യങ്ങളാണ് രാജേഷ് സമൂഹമാധ്യമത്തിലൂടെ മറുപടിയായി പറഞ്ഞത്.
ഗവർണറെ ക്രിമിനലെന്നും തെരുവുഗുണ്ടയെന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയല്ല. കേരളത്തിലെ ഒരുമന്ത്രിയും ഒരാൾക്കെതിരെ അത്തരത്തിൽ ഒരു വാക്ക് പ്രയോഗിച്ചിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു
വിമർശനം ഒരുപദവിയുടെയും അന്തസ് ഇടിച്ചുതാഴ്‌ത്തില്ല. ജനാധിപത്യത്തിൽ ആരും വിമർശനത്തിന് ആതീതരല്ല. രാജവാഴ്ചയിലെ രാജാവിന്റെ അഭിഷ്ടമല്ലെന്നത് വിനയത്തോടെ ഓർമ്മിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം വ്യക്തമാക്കുന്നു. മന്ത്രിയെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും രാജേഷ് കുറിപ്പിൽ പറഞ്ഞിരുന്നു.
ഗവർണറുടെ അന്തസ് ഇടിച്ചു താഴ്‌ത്തുന്ന വിധത്തിൽ പ്രസ്താവനകൾ നടത്തുന്ന മന്ത്രിമാർക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നിരുന്നു. വാഴ്‌സിറ്റി നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാരുമായി ഏറ്റുമുട്ടൽ തുടരുന്നതിനിടെ, ട്വീറ്റിലൂടെയാണ് ഗവർണറുടെ പ്രതികരണം.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഖാൻ ട്വീറ്റിൽ പറഞ്ഞു. എന്നാൽ മന്ത്രിമാർ വ്യക്തിപരമായി ഗവർണറുടെ അന്തസ്സ് ഇടിച്ചു താഴ്‌ത്തുന്ന വിധത്തിൽ പെരുമാറിയാൽ നടപടിയെടുക്കും. മന്ത്രിമാരെ പുറത്താക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ട്വീറ്റിൽ വ്യക്തമാക്കിയിരുന്നു.
സർക്കാരും ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കെയാണ് പുതിയ വിവദങ്ങൾക്ക് തിരി കൊളുത്തിയത്. മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവർണറെ ഉപദേശിക്കാൻ എല്ലാ അവകാശവുമുണ്ടെന്നും എന്നാൽ അന്തസ്സ് കെടുത്തുന്ന പ്രസ്താവനകൾ നടത്തിയാൽ കടുത്ത നടപടി സ്വീകരിക്കും എന്നുമായിരുന്നു ഗവർണറുടെ മുന്നറിയിപ്പ്.
പിൻവലിച്ച കുറിപ്പ്
ബഹുമാനപ്പെട്ട ഗവർണറുടെ ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം പറയുന്നത്, മന്ത്രിമാർ, ഗവർണർ പദവിയുടെ അന്തസ്സ് ഇടിച്ചുതാഴ്‌ത്തുന്ന പ്രസ്താവനകൾ നടത്തിയാൽ അവരെ പിൻവലിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ്. മൂന്ന് കാര്യങ്ങൾ ആദരവോടെ വ്യക്തമാക്കട്ടെ.
1. വിമർശനങ്ങൾ ഒരു പദവിയുടെയും അന്തസ്സ് ഇടിച്ചുതാഴ്‌ത്തുന്നില്ല. ജനാധിപത്യത്തിൽ ആരും വിമർശനാതീതരല്ല. ആരെയും അന്തസ്സോടെ വിമർശിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്.
2. ഒരു വൈസ്ചാൻസലറെ 'ക്രിമിനലെന്നും', 90 വയസ്സ് കഴിഞ്ഞ, ലോകം ആദരിക്കുന്ന ചരിത്ര പണ്ഡിതനെ 'തെരുവുഗുണ്ട' എന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും മന്ത്രിയല്ല. ഒരു മന്ത്രിയും ഒരാൾക്കെതിരെയും അത്തരമൊരു ഭാഷ കേരളത്തിൽ പ്രയോഗിച്ചിട്ടില്ല, പ്രയോഗിക്കുകയുമില്ല. അത് ഇടതുപക്ഷത്തിന്റെ സംസ്‌കാരമല്ല.
3. ജനാധിപത്യത്തിൽ ഗവർണറുടെ 'ുഹലമൗെൃല' എന്നത്, രാജവാഴ്ചയിലെ രാജാവിന്റെ 'അഭീഷ്ടം' അല്ല എന്ന് വിനയത്തോടെ ഓർമിപ്പിക്കട്ടെ. ഭരണഘടനയുടെ 164ാം അനുച്ഛേദവും അതിന്റെ അടിസ്ഥാനത്തിൽ നിരവധി സുപ്രീം കോടതി വിധികളും ഇക്കാര്യം അസന്നിഗ്ധമായി വ്യക്തമാക്കുന്നുണ്ട്.
ബഹുമാനപ്പെട്ട ഗവർണറുടെ പേരിൽ ഇതുപോലെയുള്ള ട്വീറ്റ് തയാറാക്കുന്നവരാണ് അദ്ദേഹത്തിന്റെ പദവിക്ക് കളങ്കമേൽപ്പിക്കുന്നത്, മന്ത്രിമാരല്ല. അവരെ ബഹുമാനപ്പെട്ട ഗവർണർ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും.


