- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
തിരുവനന്തപുരം: സിപിഎമ്മിനുള്ളിൽ ചർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെയും സർക്കാറിന്റെയും പ്രതിച്ഛായാ വിവാദം. ഒന്നാം പിണറായി സർക്കാറിനെ അപേക്ഷിച്ച് വിവാദങ്ങൾക്ക് നടുവിലാണ് രണ്ടാം പിണറായി സർക്കാർ. എഐ ക്യാമറാ വിവാദം ആകട്ടെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വരെ എത്തി. ഈ വിഷയത്തിൽ പ്രതിപക്ഷം ആക്രമണം തുടർന്നപ്പോഴും സിപിഎമ്മിന്റെ ഭാഗത്തു നിന്നും കാര്യമായി പ്രതികരണങ്ങൾ ഒന്നും ഉണ്ടായില്ല. മുഖ്യമന്ത്രി പ്രതിരോധത്തിൽ ആയിട്ടും മന്ത്രിമാർ അടക്കമുള്ളവർ മൗനം തുടരുകയും ചെയ്തു. ഈ സാചര്യത്തിലാണ് ഇന്നലെ മുഹമ്മദ് റിയാസ് വിഷയത്തിൽ വ്യത്യസ്തമായ പ്രതികരണവുമായി രംഗത്തുവന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റ തിരിച്ചു ആക്രമിക്കാൻ ശ്രമം നടക്കുമ്പോൾ അദ്ദേഹത്തെ സംരക്ഷിക്കാനുള്ള രാഷ്ട്രീയമായ ബാധ്യത സിപിഎമ്മിന്റെ എല്ലാ മന്ത്രിമാർക്കും ഉണ്ടെന്നു പറഞ്ഞാണ് റിയാസ് രംഗത്തുവന്നത്. മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആയിപ്പോകരുതെന്ന മുന്നറിയിപ്പും റിയാസ് നൽകി മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ റിയാസ് ഒരു അഭിമുഖത്തിൽ നടത്തിയ അഭിപ്രായപ്രകടനം സിപിഎമ്മിൽ കത്തിപ്പടർന്നു.
എ ഐ ക്യാമറ വിവാദം ഉൾപ്പെടെയുള്ള സമീപകാല വിവാദങ്ങളിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും സംരക്ഷിക്കാൻ മന്ത്രിമാർ രംഗത്തിറങ്ങുന്നില്ലെന്ന വിമർശനം പാർട്ടിയിലും എൽഡിഎഫിലും ശക്തമാകുമ്പോഴാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ റിയാസ് അതു തുറന്നടിച്ചത്. മന്ത്രിമാർ രാഷ്ട്രീയം പറയണം എന്നതു സിപിഎം എടുത്ത തീരുമാനമാണ്. വകുപ്പുകളുമായും വികസനവുമായും ബന്ധപ്പെട്ട കാര്യങ്ങൾക്കൊപ്പം പൊതുരാഷ്ട്രീയം സംസാരിക്കണം. മന്ത്രിമാർ രാഷ്ട്രീയത്തിന് അതീതരല്ല. കേരളത്തിലെ ഇടതുപക്ഷ മന്ത്രിമാർ അങ്ങനെ കരുതുന്നവരുമല്ല. രാഷ്ട്രീയം പറയാനുള്ള ഉത്തരവാദിത്തം അവർക്കുണ്ട്. അതു പറയാതെ പോകുന്ന നില ഉണ്ടാകരുത് റിയാസ് അഭിപ്രായപ്പെട്ടു.
പിണറായി വിജയന് എതിരെ നടക്കുന്ന ആക്രമണങ്ങളെ ആരെങ്കിലും ചെറുത്താൽ അവരെ ഫാൻസ് അസോസിയേഷനായി മുദ്ര കുത്തുന്ന നില ഉണ്ടെന്നും റിയാസ് ആഞ്ഞടിച്ചു. ''അപ്പോൾ അങ്ങനെ വരുന്നവരിൽ ഒരു ആശങ്ക. എന്റെ പ്രതിച്ഛായ മോശമാകുമോ? ഞാൻ ഫാൻസ് അസോസിയേഷന്റെ ആളാകുമോ? എങ്കിൽ മിണ്ടേണ്ട... പ്രതിച്ഛായയുടെ തടവറയിലാണു പലരും പെട്ടു പോകുന്നത്. അതിനെതിരെയുള്ള പോരാട്ടം കൂടിയാണു നടത്തേണ്ടത്. പ്രതിച്ഛായ എന്ന ഒരു സാധനമില്ല''
മന്ത്രിമാർ രാഷ്ട്രീയമായ അഭിപ്രായങ്ങൾ പറയണം എന്നതു മുഖ്യമന്ത്രി ഉൾപ്പെടെ ചർച്ച ചെയ്ത് എടുത്ത തീരുമാനമാണെന്നു റിയാസ് ചൂണ്ടിക്കാട്ടി. അതേ തീരുമാനം എടുത്ത മുഖ്യമന്ത്രിയെ പേടിച്ചാണു മന്ത്രിമാർ അഭിപ്രായം പറയാത്തത് എന്നു വന്നാൽ അതു മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിന്റെ തന്നെ ഭാഗമാകും. വിമർശനം വന്നാൽ മിണ്ടേണ്ട എന്ന് ആഗ്രഹിക്കുമോ?
പാർട്ടിയും സർക്കാരും പ്രതിസന്ധികൾ നേരിടുമ്പോൾ പ്രതിരോധിച്ചു നിലപാടു പറയാത്ത ആളെ എങ്ങനെ വിശ്വസിക്കുമെന്നും റിയാസ് ചോദിച്ചു. ശക്തമായി രാഷ്ട്രീയം പറയേണ്ട ഇടത്ത് അതു ചെയ്യുക തന്നെ വേണം അദ്ദേഹം ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു സർക്കാരിനെ സംരക്ഷിക്കാനായി മന്ത്രിമാർ രംഗത്തിറങ്ങിയിരുന്നുവെങ്കിൽ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് അതു സംഭവിക്കുന്നില്ലെന്ന പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കളുടെ വികാരമാണു റിയാസിന്റെ പ്രതികരണത്തിലൂടെ മറനീക്കിയിരിക്കുന്നത്.
അതേസമയം മുഹമ്മദ് റിയാസിന്റെ പ്രതിച്ഛായ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ് രംഗത്തുവന്നതും ശ്രദ്ധേയമായി. പ്രതിച്ഛായ എന്ന പ്രയോഗം തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പ്രതികരണം. പ്രതിച്ഛായ എന്നത് വലതുപക്ഷ പ്രയോഗമാണ്. പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായയെന്നും എം ബി രാജേഷ് കൂട്ടിച്ചേർത്തു.
പാർട്ടിക്കും സർക്കാരിനും പ്രതിരോധം തീർക്കുക എന്നത് പാർട്ടിയിലെ എല്ലാവരും നിർവഹിച്ച് പോരുന്ന ചുമതലയാണെന്നും ഇക്കാര്യത്തിൽ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഇല്ലെന്നുമാണ് മുഹമ്മദ് റിയാസിന്റെ പ്രതിച്ഛായ പരാമർശത്തോട് പ്രതികരിച്ച എം ബി രാജേഷ് വിശദീകരിച്ചത്. മന്ത്രിയായാലും അല്ലെങ്കിലും ഇത് ചെയ്യണമെന്നും എം ബി രാജേഷ് പ്രതികരിച്ചു.
അതേസമയം പിണറായിക്ക് വേണ്ട മരുമകൻ പ്രതിരോധം തീർത്ത് രംഗത്തുവന്നതിൽ ബിജെപിയും അഭിപ്രായവുമായി രംഗത്തുവന്നു. കേരളത്തിലെ മന്ത്രിമാരെല്ലാം നോക്കുകുത്തികളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎമ്മിൽ സംഭവിക്കുന്നത് വംശവാഴ്ചയെന്നും കെ സുരേന്ദ്രൻ കോഴിക്കോട്ട് പറഞ്ഞു. മരുമകനും അമ്മായി അപ്പനും ചേർന്നുള്ള കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. ഇത് സിപിഎമ്മിൽ പതിവില്ലാത്ത കാര്യമാണ്. വംശവാഴ്ച ആദ്യമായാണ് സിപിഎമ്മിൽ സംഭവിക്കുന്നതെന്നും അപ്പോൾ പിന്നെ പ്രതികരിക്കാനും പ്രതിരോധിക്കാനും മറ്റ് മന്ത്രിമാർ ഉണ്ടാകില്ലല്ലോയെന്നും കെ സുരേന്ദ്രൻ പരിഹസിച്ചു.
സംസ്ഥാന സർക്കാർ വികസനങ്ങളെയെല്ലാം അഴിമതിക്കുള്ള മറയാക്കുകയാണെന്നും കെ സുരേന്ദ്രൻ വിമർശിച്ചു. എഐ ക്യാമറയെ എതിർക്കുന്നില്ലെന്നും പക്ഷേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എ ഐ ക്യാമറയുടെ പേരിൽ നടക്കുന്ന അഴിമതിയെ എതിർക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
മറുനാടന്‍ മലയാളി ബ്യൂറോ