കൊല്ലം: എം. മുകേഷ് കൊല്ലത്തെ രാഷ്ട്രീയ കളിക്കളം വിടുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം സി.പി.എം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. എം.എല്‍.എ വേഷത്തേക്കാള്‍ തനിക്ക് ഇണങ്ങുന്നത് വെള്ളിത്തിരയിലെ വേഷങ്ങളാണെന്ന തിരിച്ചറിവിലാണ് താരം.

സിനിമയില്‍ നിന്നുള്ള അവസരങ്ങള്‍ കുറയുന്നതും രാഷ്ട്രീയത്തില്‍ നിന്നുള്ള ഈ പിന്മാറ്റത്തിന് പ്രേരിപ്പിക്കുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്നും ഇത്തവണ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നുമാണ് താരവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍.കെ. പ്രേമചന്ദ്രനോട് 1.5 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെട്ടത് മുകേഷിനും പാര്‍ട്ടിക്കും വലിയ തിരിച്ചടിയായിരുന്നു. മുകേഷിനെ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ തീരുമാനമായിരുന്നുവെന്ന് കൊല്ലം ജില്ലാ സെക്രട്ടറി തന്നെ തുറന്നു സമ്മതിച്ചിരുന്നു.

കൂടാതെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളും കേസും പാര്‍ട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കിയിരുന്നു. മുകേഷിനെ മാറ്റി നിര്‍ത്തി പ്രതിച്ഛായ വീണ്ടെടുക്കാനാണ് സി.പി.എമ്മിന്റെയും പ്ലാന്‍. മുകേഷ് ഒഴിഞ്ഞുതരുന്ന കസേരയ്ക്കായി സി.പി.എമ്മില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. പ്രധാനമായും മൂന്ന് പേരാണ് ചര്‍ച്ചയിലുള്ളത്. ചിന്താ ജെറോം: യുവജന കമ്മീഷന്‍ മുന്‍ അധ്യക്ഷയും സംസ്ഥാന കമ്മിറ്റി അംഗവുമായ ചിന്താ ജെറോമിന് മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്. യുവമുഖം എന്ന നിലയില്‍ ചിന്തയെ പട്ടികയില്‍ ഒന്നാമതായി പരിഗണിക്കുന്നു.

സിറ്റിംഗ് സീറ്റില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കില്‍ ധനമന്ത്രി ബാലഗോപാലിനെ കൊല്ലത്തേക്ക് മാറ്റി സുരക്ഷിതമാക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. എസ്. ജയമോഹന്‍ (സി.പി.എം ആക്ടിംഗ് സെക്രട്ടറി), ഡോ. പി.കെ. ഗോപന്‍ (മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. 2016-ല്‍ പി.കെ. ഗുരുദാസനെ മാറ്റിയാണ് മുകേഷിനെ പാര്‍ട്ടി കൊല്ലത്ത് സ്ഥാനാര്‍ത്ഥിയാക്കിയത്.