തിരുവനന്തപുരം: ലൈംഗികാതിക്രമ കേസുകളില്‍ കുടുങ്ങിയ കൊല്ലം എം.എല്‍.എ. എം. മുകേഷിനെ സി.പി.എം കൈവിടാത്തിന് പിന്നില്‍ ഉപതിരഞ്ഞെടുപ്പ് പേടി. മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൊല്ലത്ത് ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് തീരുമാനം. കൊല്ലത്ത് തോറ്റാല്‍ മുന്നണി പ്രതിച്ഛായ തകരും. അതുകൊണ്ടാണ് മുകേഷിനെ സംരക്ഷിക്കുന്നത്.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും മുകേഷിന്റെ രാജി ആവശ്യം ഉണ്ടായില്ല. കേസുമായി മുകേഷ് മുന്നോട്ടുപോകും. കൊല്ലത്ത് ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ ജയസാധ്യതകളില്‍ സിപിഎമ്മിന് സംശയമുണ്ട്. ഇതുകൊണ്ടാണ് കൈവിടാത്തത്. ഇടതു കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയ അതേ സമിതിയാണ് മുകേഷിനെ സംരക്ഷിക്കുന്നത്. കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വലിയ തോല്‍വിയാണ് സിപിഎമ്മിനുണ്ടായത്. ഈ സാഹചര്യത്തിലാണ് ജയം ഉറപ്പിക്കാന്‍ കഴിയാത്തത്.

കൊല്ലത്തു നിന്നുള്ള നേതാക്കള്‍ക്കും ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ ജയം ഉറപ്പില്ല. സിപിഎമ്മിന്റെ ഉറച്ച കോട്ടയാണ് കൊല്ലം നിയമസഭ. ഇവിടെ നിയമസഭയില്‍ തോറ്റാല്‍ അത് സിപിഎമ്മിന് വലിയ തിരിച്ചടിയാകും. കേസുകളുടെ പേരില്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ല എന്നാണ് വിഷയത്തില്‍ സി.പി.എം. സ്വീകരിച്ച നിലപാട്. യു.ഡി.എഫ്. എം.എല്‍.എമാര്‍ക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയും വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധം തീര്‍ത്തു. ഇതാകും സിപിഎം പരസ്യമായി ന്യായം പറയുക. മുകേഷിനെ തള്ളി പറയുന്ന രീതി സംസ്ഥാനത്തെ സിപിഎം നേതാക്കള്‍ ഇനി സ്വീകരിക്കില്ല.

ലൈംഗികാതിക്രമ കേസില്‍പ്പെട്ട കൊല്ലം എംഎല്‍എ എം.മുകേഷിന്റെ രാജിയെപ്പറ്റി തീരുമാനമുണ്ടാകുമെന്ന കരുതിയ സംസ്ഥാന സമിതി യോഗത്തെ ഇ.പി.ജയരാജനിലേക്കു വഴിതിരിച്ചു വിടാനും ഈ നടപടിയിലൂടെ സിപിഎമ്മിന് കഴിഞ്ഞു. മുകേഷ് രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നാണു എല്‍ഡിഎഫ് കണ്‍വീനറായിരിക്കെ ഇ.പി പറഞ്ഞതും. "സിനിമാ വ്യവസായത്തെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ ഫലപ്രദമായ നിലപാടുകളാണു സ്വീകരിച്ചത്. ഇപ്പോഴത്തെ വിവാദത്തില്‍ മുകേഷ് രാജി വയ്‌ക്കേണ്ടതില്ല. മുന്‍പു കേരളത്തിലെ 2 എംഎല്‍എമാര്‍ക്കെതിരെ ഇതിലും വലിയ പീഡന കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. അവര്‍ ഇതുവരെയും രാജി വച്ചിട്ടില്ല. മറ്റ് 2 എംഎല്‍എമാര്‍ രാജിവച്ചാല്‍ മുകേഷും രാജിവയ്ക്കും" എന്നായിരുന്നു ഇ.പിയുടെ വാക്കുകള്‍.

സിപിഎം സംസ്ഥാന സമിതിയിലെ കൊല്ലത്തു നിന്നുള്ള നേതാക്കളുടെ അഭിപ്രായവും സംസ്ഥാന നേതൃത്വം ചോദിച്ചു. എന്നാല്‍ കൊല്ലത്ത് ഉപതിരഞ്ഞെടുപ്പുണ്ടായാല്‍ ജയിക്കുമെന്ന് ആര്‍ക്കും ഉറപ്പു പറയാനായില്ല. ഇഞ്ചോടിഞ്ച് മത്സരമുണ്ടാകുമെന്നാണ് അവരുടെ നിലപാട്. നിലവിലെ വിവാദ രാഷ്ട്രീയ സാഹചര്യം പ്രതികൂലമാകുമെന്ന് പലരും പറഞ്ഞു. വയനാട്ടിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനൊപ്പം താല്‍കാലിക തിരഞ്ഞെടുപ്പുണ്ടായാല്‍ പ്രിയങ്കാ ഗാന്ധി ഫാക്ടറും ഉയരും. ലോക്‌സഭയിലെ തോല്‍വിയുടെ ആഘാതം പാര്‍ട്ടി ഘടങ്ങളേയും ബാധിച്ചിട്ടുണ്ട്. പാര്‍ട്ടി സമ്മേളനത്തില്‍ ഉയരാനിടയുള്ള വിമര്‍ശനങ്ങള്‍ കൂടി കണക്കിലെടുത്താണ് തീരുമാനം.