തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എംഎ‍ൽഎ ആയിരിക്കെയാണ് 2019-ൽ വടകരയിൽ നിന്നും കെ. മുരളീധരൻ നിയമസഭയിലേക്ക് മത്സരിച്ചത്. അന്ന് പി. ജയരാജനെ പരാജയപ്പെടുത്തിയ മുരളീധരൻ പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തുനിന്നും മത്സരിച്ചിരുന്നു. ബിജെപിക്ക് കേരളത്തിലുണ്ടായിരുന്ന ഏക സീറ്റിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന കോൺഗ്രസ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലായിരന്നു അന്ന് മുരളീധരൻ നിയമസഭയിലേക്ക് മത്സരിച്ചത്. താൻ നിയമസഭയിലേക്കല്ല, പാർലമെന്റിലേക്കാണ് ഇനി മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. വടകരയിൽ നിന്ന് തന്നെ മത്സരിക്കാനാണ് ആഗ്രഹമെന്നാണ് മുരളീധരൻ ഇന്ന് പറഞ്ഞത്.

ലോക്സഭയിലേക്ക് വീണ്ടും മത്സരിക്കാൻ താത്പര്യമുണ്ടെന്ന കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് മുരളീധരൻ പറഞ്ഞു. നിലവിലെ മണ്ഡലത്തിൽ തന്നെ മത്സരിക്കാനാണ് താത്പര്യം. എന്നാൽ ആര് മത്സരിക്കണം, മത്സരിക്കേണ്ട എന്ന് പറയേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു.

ജയരാജന്റെ സഹോദരി കൂടിയായ സിപിഎം നേതാവ് പി സതീദേവിയെ പരാജയപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ യുഡിഎഫ് പിടിച്ചെടുത്ത മണ്ഡലമ3ണ് വടകര. പി ജയരാജൻ സ്ഥാനാർത്ഥിയായി എത്തുകയും മുല്ലപ്പള്ളി മത്സരിക്കാതിരിക്കുകയും ചെയ്തതോടെയാണ് മുരളീധരൻ വടകരയിലേക്ക് എത്തുന്നത്. അവസാന നിമിഷം എത്തിയ മുരളീധരന് വൻസ്വീകരണം കിട്ടുകയും ജയിച്ചുകയറുകയും ചെയ്തു.

കെ മുരളീധരൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ തന്നെ വീണ്ടും പരിഗണിക്കണമെന്ന ആവശ്യം മുരളീധരൻ മുന്നോട്ട് വെച്ചതോടെ വീണ്ടും വടകരയിൽ സ്ഥാനാർത്ഥിയായി വരാനുള്ള സാധ്യത ഏറിയിരിക്കുകയാണ്.

വീണ്ടും പാർലമെന്റിലേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് മുരളീധരൻ മുമ്പ് പറഞ്ഞത് ഇങ്ങനെ:

'സത്യം പറഞ്ഞാൽ ഞാൻ പാർലമെന്റിലേക്ക് പ്രത്യേക സാഹചര്യത്തിൽ പോയതാണ്. നിയമസഭയിൽ പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നത്, അതുകൊണ്ട് ലോക്സഭയിൽനിന്ന് ഒഴിവാക്കണം എന്ന് ഞാൻ ആദ്യം പറഞ്ഞിരുന്നു. എന്നാൽ, എല്ലാവരും അസംബ്ലിയിലേക്ക് തള്ളിയാൽ ഡൽഹിയിൽ ഇവർ അധികാരത്തിൽ വരില്ലാ എന്ന് ജനം വിചാരിക്കും. അതുകൊണ്ട് ഞങ്ങളെയൊക്കെ പാർലമെന്റിലേക്ക് പരിഗണിക്കണം എന്നാണ് നേതാക്കന്മാരോട് പറയാനുള്ളത്. ഞങ്ങൾ ഡൽഹിയിൽ പോയിട്ട് നോക്കിക്കോളാം. ഒന്നുമില്ലെങ്കിലും രാഹുൽ ഗാന്ധിയുണ്ടാവുമല്ലോ മുന്നിൽ ഇരിക്കാൻ. അതുതന്നെ ഏറ്റവും സന്തോഷമുള്ള കാര്യമാണ്.'- കെ. മുരളീധരൻ പറഞ്ഞു.