കണ്ണൂർ: പയ്യന്നൂർ പാർട്ടി ഫണ്ട് വിവാദത്തിൽ പാർട്ടിയിൽ നിന്നും നിർജീവമായ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ സി.പി. എമ്മിലേക്കു തിരിച്ചു കൊണ്ടുവരാൻ സി.പി. എം നീക്കം തുടങ്ങി. പാർട്ടിയുമായി അകന്നുകഴിയുന്നവരെ സജീവമാക്കണമെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നിർദ്ദേശപ്രകാരമാണ് വി.കുഞ്ഞികൃഷ്ണനെ പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ നീക്കം തുടങ്ങിയത്. പയ്യന്നൂർ പാർട്ടി ഫണ്ടു വിവാദത്തിൽ പാർട്ടിക്ക് വീഴ്ചപറ്റിയിട്ടുണ്ടെന്നും തെറ്റുതിരുത്തി മുൻപോട്ടുപോകാൻ കൂടെ നിൽക്കണമെന്നും എം.വി ഗോവിന്ദൻ കുഞ്ഞികൃഷ്ണനെ അറിയിച്ചതായാണ് വിവരം.

പാർട്ടിയുടെ ജനകീയ മുഖമായ വി.കുഞ്ഞികൃഷ്ണന്റെ വിട്ടു നിൽക്കൽ പയ്യന്നൂർ മേഖലയിൽ സി.പി. എമ്മിന് ക്ഷീണം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പാർട്ടി കോട്ടയായ പയ്യന്നൂരിൽ നിന്നും ഉയർന്ന രണ്ടുകോടിയുടെ അഴിമതി ആരോപണത്തിൽ പാർട്ടിയെന്തുകൊണ്ടു മൃദുസമീപനം സ്വീകരിച്ചുവെന്ന ചോദ്യം ഇപ്പോഴും അണികൾക്കിടെയിൽ ബാക്കിനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എങ്ങനെയെങ്കിലും വി.കുഞ്ഞികൃഷ്ണനെ പാർട്ടിയിലേക്കു തിരിച്ചു കൊണ്ടുവരാൻ എം.വി ഗോവിന്ദൻ നീക്കം നടത്തുന്നത്.

ധനരാജ് രക്തസാക്ഷി ഫണ്ടുൾപ്പെടെ പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിലെ കോടിക്കണക്കിനു രൂപയുടെ ക്രമക്കേട് വീണ്ടും ചർച്ച ചെയ്യാമെന്നാണ് എം.വി ഗോവിന്ദന്റെ നിലപാട്. പാർട്ടി കണ്ണൂർ ജില്ലാകമ്മിറ്റിയുടെ അനുമതിയോടെയാണ് പുതിയ തീരുമാനത്തിലെത്തിയത്. എന്നാൽ ഇതോടൊപ്പം വി.കുഞ്ഞികൃഷ്ണൻ പാർട്ടിയിലും വർഗബഹുജന സംഘടനകളിലും സജീവമാകണമെന്നാണ് നിർദ്ദേശം. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഏരിയാസെക്രട്ടറിയുടെ ചുമതലയുള്ള ടി.വി രാജേഷ്, ജില്ലാകമ്മിറ്റി അംഗങ്ങളായ സി.കൃഷ്ണൻ, വി.നാരായണൻ എന്നിവർ കഴിഞ്ഞ ദിവസം ഈക്കാര്യം ചർച്ച ചെയ്യുന്നതിന് കഴിഞ്ഞ ദിവസം വി.കുഞ്ഞികൃഷ്ണനെ വീട്ടിലെത്തി കണ്ടിരുന്നു.

അടുത്ത ഏരിയാകമ്മിറ്റി യോഗത്തിൽ പങ്കെടുക്കണമെന്ന് ഇവർ വി.കുഞ്ഞികൃഷ്ണനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സാങ്കേതികപരമായി വി.കുഞ്ഞികൃഷ്ണൻ ഏരിയാ കമ്മിറ്റിയംഗമാണെങ്കിലും കഴിഞ്ഞ മൂന്ന് യോഗങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടില്ല. സി.പി. എമ്മിന്റെ ഉന്നതഘടകമായ ഏരിയാകമ്മിറ്റിയിൽ മൂന്നു യോഗങ്ങളിൽ തുടർച്ചയായി പങ്കെടുത്തിട്ടില്ലെങ്കിൽ സ്ഥാനത്തു നിന്നും നീക്കം ചെയ്യുകയാണ് സംഘടനാരീതി. എന്നാൽ കുഞ്ഞികൃഷ്ണന്റെ കാര്യത്തിൽ അതുവേണ്ടെന്നു പാർട്ടി തീരുമാനിക്കുകയായിരുന്നു. പയ്യന്നൂർ ഫണ്ടുവിവാദത്തിൽ പരസ്യപ്രചരണം നടത്തുകയും പാർട്ടികമ്മിറ്റികളിൽ നിരന്തരം പങ്കെടുക്കാതിരുന്നിട്ടും വി.കുഞ്ഞികൃഷ്ണനെ പുറത്താക്കാത്തത് അദ്ദേഹത്തിന്റെ കൈയിൽ പയ്യന്നൂർ ഫണ്ട് വിവാദത്തിന്റെ യഥാർത്ഥ കണക്കുകളുണ്ടെന്നു ഭയന്നാണെന്ന് സൂചനയുണ്ട്. പാർട്ടിയിൽ നിന്നും പുറത്തു പോയാൽ വി.കുഞ്ഞികൃഷ്ണൻ യഥാർത്ഥ കണക്കുമായി രംഗത്തുവരുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

താൻ പാർട്ടിയിലേക്ക് തിരിച്ചുവരണമെങ്കിൽ പരാതി ഉന്നയിച്ച തനിക്കെതിരെ നടപടിയെടുത്തത് എന്തിനാണെന്നു വ്യക്തമാക്കണമെന്നാണ് വി.കുഞ്ഞികൃഷ്ണൻ അനുരഞ്ജന ചർച്ചയ്ക്കെത്തിയ നേതാക്കളോട്് ആവശ്യപ്പെട്ടത്. പാർട്ടി ഈക്കാര്യം ഇനിയും വിശദീകരിക്കാത്ത സാഹചര്യത്തിൽ തിരിച്ചുവരാൻ പ്രയാസമുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. എന്നാൽ വി. കുഞ്ഞികൃഷ്ണനുമായി ആത്മബന്ധമുള്ള സി. ഐ.ടി.യു നേതാവും മുൻ എംഎൽഎയുമായ സി.കൃഷ്ണൻ, വി.നാരായണൻ എന്നിവരെ ഉപയോഗിച്ചുകൊണ്ടു അദ്ദേഹത്തെ അനുനയിപ്പിക്കാനാണ് സി.പി. എം നേതൃത്വം നീക്കം നടത്തുന്നത്. കഴിഞ്ഞ അഞ്ചുമാസമായി പാർട്ടി പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുന്ന വി.കുഞ്ഞികൃഷ്ണനു മേൽ ഈ നേതാക്കളെ ഉപയോഗിച്ചു സമ്മർദ്ദം ചെലുത്താനാണ് നീക്കം നടത്തുന്നത്.

പാർട്ടി ഫണ്ടു ക്രമക്കേടുകൾക്കെതിരെ പാർട്ടിക്കുള്ളിൽ നിന്നും പൊരുതാൻ കുഞ്ഞികൃഷ്ണൻ വീണ്ടും സജീവമാകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഇതേ ആവശ്യമുന്നയിക്കുന്ന ജില്ലാ നേതാക്കളും സാധാരണ പ്രവർത്തകരുമുണ്ട്. ആരോപണവിധേയനായ ടി. ഐ മധുസൂദനനും ഏരിയാ നേതാക്കൾക്കുമെതിരെ പാർട്ടി പേരിനെങ്കിലും നടപടിയെടുത്തതിലൂടെ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ സാധൂകരിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.ധനരാജ് രക്തസാക്ഷി ഫണ്ട്,തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയാകമ്മിറ്റി കെട്ടിട നിർമ്മാണ ഫണ്ട് എന്നിവയിൽ രണ്ടുകോടിയുടെ തിരിമറിയും ക്രമക്കേടും നടന്നുവെന്നായിരുന്നു ബാങ്ക രേഖകൾ സഹിതം വി.കുഞ്ഞികൃഷ്ണൻ, സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകിയത്. തുടർന്ന് ടി. ഐ മധുസൂദനൻ എംഎൽഎയുൾപ്പെടെ അഞ്ചുപേർക്കെതിരെ സാമ്പത്തിക കാര്യങ്ങൾ കൈക്കാര്യം ചെയ്യുന്നതിൽ സി.പി. എം ജാഗ്രതകുറവുണ്ടായെന്നു കണ്ടെത്തി അച്ചടക്കനടപടിയെടുത്തു. ജില്ലാസെക്രട്ടറിയേറ്റിൽ നിന്നും ജില്ലാകമ്മിറ്റിയംഗമായി എംഎൽഎയെ തരംതാഴ്‌ത്തുകയും ചെയ്തിരുന്നു.

ഇതിനെ ബാലൻസ് ചെയ്യുന്നതിനായി പയ്യന്നൂർ ഏരിയയിൽ വിഭാഗീയ പ്രവർത്തനങ്ങളിൽ പങ്കെടുത്തുന്നുവെന്നാരോപിച്ചു വി.കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറിസ്ഥാനത്തു നിന്നും നീക്കുകയും ജില്ലാസെക്രട്ടറിയേറ്റംഗമായ ടി.വി രാജേഷിനു ചുമതല നൽകുകയും ചെയ്തു. കഴിഞ്ഞ ജൂൺ 17ന് ജില്ലാ നേതൃത്വം അച്ചടക്കനടപടികൾ പയ്യന്നൂർ ഏരിയാകമ്മിറ്റിയിൽ റിപ്പോർട്ടു ചെയ്തതിനെ തുടർന്നാണ് വി.കുഞ്ഞികൃഷ്ണൻ സജീവരാഷ്ട്രീയ പ്രവർത്തനം നിർത്തുന്നതായി അറിയിച്ചത്. ഇതിനു ശേഷം ക്രമക്കേടു നടന്നുവെന്നു പറയുന്ന മൂന്ന് ഫണ്ടുകളുടെയും ബദൽ കണക്കുകൾ പാർട്ടി പയ്യന്നൂർ ഏരിയയിലെ വിവിധ ഘടകങ്ങളിൽറിപ്പോർട്ടു ചെയ്തിരുന്നു.

കണ്ണൂർ ജില്ലയിൽ മുഖ്യമന്ത്രി പിണറായിവിജയന്റെ അതീവവിശ്വസ്തരിലൊരാളാണ് പയ്യന്നൂർ എംഎൽഎ ടി. ഐ മധുസൂദനൻ. അതുകൊണ്ടു തന്നെ ധനരാജ് ഫണ്ട് വിവാദമുൾപ്പെടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. പാർട്ടിയിൽ നിന്നും പുറത്താകാൻ വരെ സാധ്യതയുള്ള കുറ്റമാണ് രക്തസാക്ഷി ഫണ്ടു തിരിമറിയുൾപ്പെടെയുള്ള കാര്യങ്ങളെങ്കിലും നേതൃതലത്തിലുള്ള പിടിപാടുകൾ എം. എ. എയെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുകയായിരുന്നു.